SignIn
Kerala Kaumudi Online
Monday, 28 September 2026 5.29 PM IST

ഡി എം കെയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റി; ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുന്നുവെന്ന് കമൽ ഹാസൻ

kamal-hassan

ചെന്നൈ: സി പി എം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്ന് ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. സി പി എം പരസ്യമായി കോടികൾ വാങ്ങിയാണ് തമിഴ്‌നാട്ടിൽ ഡി എം കെ മുന്നണിയിൽ ചേർന്നതെന്നും കമൽ ഹാസൻ ആരോപിച്ചു. ഡി എം കെയിൽ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റിയെന്നും കമൽ ഹാസൻ വെളിപ്പെടുത്തി.

ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുകയാണ്. നിരവധി ഇടത് പാർട്ടികളുമായി താൻ ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

കേരളത്തിലെ പോലെയല്ല തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടി. ഇവിടെ പരസ്യമായി കോടികൾ വാങ്ങിയാണ് സി പി എം മുന്നണിയിൽ ചേർന്നത്. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമം ഉണ്ട്. ഫണ്ടിംഗ് എന്ന് പറഞ്ഞാലും യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇസത്തിൽ മുറുകെ പിടിച്ചാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല. മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കൾ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു.

സ്റ്റാലിനെ വിശ്വസിക്കാൻ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവർ തിരിയും. തോളിലെ തോർത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിയ്‌ക്കൊപ്പവും ഉണ്ടാവില്ല. മക്കൾ നീതി മയ്യം കാലത്തിന്റെ ആവശ്യമാണെന്നും കമൽ ഹാസൻ പറഞ്ഞു. സീതാറാം യെച്ചൂരിയുടെ മുൻവിധിയാണ് സഖ്യം അസാധ്യമാക്കിയത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ച് കണ്ടു. താൻ അങ്ങോട്ട് വരുന്നതിനെക്കാൾ നിങ്ങൾ ഇങ്ങോട്ട് വരുന്നതാണ് നല്ലതെന്ന് കോൺഗ്രസിനോട് പറഞ്ഞിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY POLLS, CPM, KAMALHASSAN, YECHURI, TAMILNADU CPM, MAKKAL NEETHI MANDRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY