SignIn
Kerala Kaumudi Online
Thursday, 28 March 2024 1.40 PM IST

നല്ല വാക്ക് പറയാൻ ത്രാണിയുണ്ടാകണം

kk

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ. വീറും വാശിയും ഏറെയാണെങ്കിലും പൊതുവെ ശാന്തമായ അന്തരീക്ഷത്തിലാണ് മത്സരം നടക്കുന്നത്. അവസാന ലാപ്പിൽ എതിരാളിയെ കീഴ്‌പ്പെടുത്താൻ ഏതു തന്ത്രവും പയറ്റപ്പെടാം. ഇവിടെയാണ് വാക്കുകൾ പ്രയോഗിക്കുന്നതിൽ നേതാക്കൾ വളരെ ശ്രദ്ധിക്കേണ്ടത്.

എയ്‌ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ലെന്ന് ഒരു ചൊല്ലുണ്ട്. അതിനാൽ പിന്നീട് മാപ്പ് പറഞ്ഞാലും പറഞ്ഞ സഭ്യേതരമായ വാക്കുകൾ സമൂഹ മണ്ഡലത്തിൽ സൃഷ്ടിച്ച കാർമേഘം മായാൻ പിന്നെയും സമയമെടുക്കും. എല്ലില്ലാത്ത നാവ് കൊണ്ട് ആർക്കും എന്തും വിളിച്ച് പറയാം. പക്ഷേ പൊതു ഇടങ്ങളിൽ സംസാരിക്കുമ്പോൾ, പ്രത്യേകിച്ചും സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സദസിൽ സംസാരിക്കുമ്പോൾ നാവിൽ വികട സരസ്വതിയെ വിളയാടാൻ അനുവദിക്കരുത്. ഒരു മനുഷ്യന്റെ സംസ്കാരം മറ്റൊരാൾക്ക് ബോദ്ധ്യപ്പെടുന്നത് ചങ്ക് തുറന്ന് നോക്കിയിട്ടല്ല. പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയുമാണ്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അശ്ലീലം പറഞ്ഞാലേ മതിയാവൂ എന്ന് കരുതുന്ന മനോഭാവം ചികിത്സ ആവശ്യപ്പെടുന്നതാണ്. രാഹുൽഗാന്ധിയെയും അദ്ദേഹത്തെ കണ്ട മലയാളി പെൺകുട്ടികളെയും അപമാനിച്ച് ഇടുക്കി മുൻ എം.പി ജോയ്‌സ് ജോർജ് നടത്തിയ സ്ത്രീവിരുദ്ധവും നിന്ദ്യവുമായ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും അതുളവാക്കിയ തരംതാണ നിലവാരം മലിനജലം ഒഴുകാതെ കെട്ടിക്കിടക്കുന്ന ചില ഓടകളെയാണ് ഓർമ്മിപ്പിക്കുന്നത്.

മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടേറിയറ്റും ഈ പരാമർശം കൈയോടെ തള്ളുകയും വ്യക്തിഹത്യ തങ്ങളുടെ രീതിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് മുൻ എം.പിക്ക് മാപ്പ് പറയേണ്ടിവന്നത്. ഇത്തരം സന്ദർഭങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടത് വനിതാ കമ്മിഷൻ പോലുള്ള ജനാധിപത്യ സ്ഥാപനങ്ങളാണ്. പക്ഷേ ഇവിടെ അതുണ്ടായില്ല. അവരും പക്ഷം നോക്കിയാണോ പ്രതികരിക്കുന്നതെന്ന സംശയം ഇതൊക്കെ സമൂഹത്തിൽ സൃഷ്ടിക്കും.

പഴയ കാലമല്ലിത്. ഇടുക്കിയിലെ ഒരു ഓണംകേറാമൂലയിൽ പറയുന്നതു പോലും കേരളം അറിയാൻ നിമിഷങ്ങൾ മതി. പുതിയ കാലത്ത് ഇത് എന്റെ വാക്കല്ല എന്ന് കള്ളം പറഞ്ഞ് തലയൂരാനും കഴിയില്ല. തെളിവ് സഹിതമാണ് കാര്യങ്ങൾ സോഷ്യൽ മാദ്ധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇതൊക്കെ മനസിലാക്കി സംസാരിക്കേണ്ട ചെറുപ്പക്കാർ തന്നെ ബെല്ലും ബ്രേക്കുമില്ലാതെ നാവിനെ അഴിച്ചുവിടുന്നത് ലജ്ജാകരമെന്നല്ലാതെ എന്തു പറയാൻ.

കേരളത്തിലെ വലിയ പ്രഭാഷകരൊന്നും അശ്ലീലം പറഞ്ഞല്ല വൻ ജനക്കൂട്ടങ്ങളെ ആകർഷിച്ചത്. മൺമറഞ്ഞുപോയ സുകുമാർ അഴീക്കോട് സാറിനെ ഈ സന്ദർഭത്തിൽ ഓർക്കാതെ വയ്യ. അദ്ദേഹം പ്രതികരിക്കുന്നത് വിഷയത്തിന്റെ മർമ്മത്തിലേക്ക് ഇറങ്ങിച്ചെന്ന് അകംപുറങ്ങൾ സൂര്യവെളിച്ചത്തിലെന്നപോലെ സുവ്യക്തമാക്കിയാണ്. അത്രയൊന്നും വേണ്ട. സ്റ്റേജിൽ കയറി നിന്ന് ആളുകളുടെ കൈയടിയും ചിരിയും നേടാൻ എന്തും വിളിച്ച് പറയുന്ന രീതി ഒഴിവാക്കിയാൽ മാത്രം മതി. അല്ലെങ്കിൽ സ്വന്തം നിലവാരത്തിന്റെ മ്ലേച്ഛതയാവും ജനങ്ങൾ മനസിലാക്കുക. വരും ദിവസങ്ങളിൽ പൊതുപ്രവർത്തകർ ഇക്കാര്യത്തിൽ പൂർവാധികം ജാഗ്രത പുലർത്തുമെന്ന് പ്രതീക്ഷിക്കാം. നല്ല വാക്ക് പറയാനുള്ള ത്രാണിയാണ് യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ ശക്തി സൗന്ദര്യങ്ങൾ വെളിപ്പെടുത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL2
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.