തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ പൊലീസ് സേനയെ ഇന്ന് മുതൽ വിന്യസിക്കും. 481 പൊലീസ് സ്റ്റേഷനുകളെ 142 ഇലക്ഷൻ സബ്ഡിവിഷനുകളായി തിരിച്ച് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. 24,788 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ അടക്കം 59,292 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഡ്യൂട്ടി.
ക്രൈംബ്രാഞ്ച്, വിജിലൻസ്, റെയിൽവേ പൊലീസ്, ബറ്റാലിയനുകൾ, ട്രെയിനിംഗ് സെന്ററുകൾ,ഫയർഫോഴ്സ്, എക്‌സൈസ്, വനം, മറൈൻ എൻഫോഴ്സ്‌മെന്റ്, മോട്ടോർ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരും സുരക്ഷാ ഡ്യൂട്ടിയിലുണ്ടാവും.
140 കമ്പനി കേന്ദ്രസേന
സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളിൽ നിന്നുള്ള 140 കമ്പനി രംഗത്തുണ്ടാവും. ഒരു കമ്പനിയിൽ 90 ഭടൻമാരുണ്ടാവും. തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഇവർ നിലയുറപ്പിക്കും. കഴിഞ്ഞ തവണ 120 കമ്പനിയെ നിയോഗിച്ചിരുന്നു.
15 മിനിറ്റിനുള്ളിൽ റോന്തുചുറ്റും
പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോൾ ടീമുകൾ റോന്തുചുറ്റും. എട്ടോ പത്തോ പോളിംഗ് ബൂത്തുകൾ 15 മിനിറ്റിനുള്ളിൽ ഒരു ടീമിന് ചുറ്റിവരാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഓരോ ടീമിലും വീഡിയോഗ്രാഫർ ഉണ്ടായിരിക്കും. പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെട്ട ലോ ആന്റ് ഓർഡർ പട്രോൾ ടീം, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഓരോ ഇലക്ഷൻ സബ് ഡിവിഷനിലും പ്രത്യേക പട്രോൾ ടീം എന്നിവയുമുണ്ട്. നക്സൽ ബാധിതപ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടുമുണ്ട്. പോളിംഗ് ബൂത്തുകൾക്കും പ്രത്യേക സംരക്ഷണമുണ്ട്. ഉൾപ്രദേശങ്ങളിൽ നിരീക്ഷണത്തിന് ഡ്രോൺ സംവിധാനം വിനിയോഗിക്കും. ഡ്രോൺ മുഖേന ശേഖരിക്കുന്ന ദൃശ്യങ്ങൾ പൊലീസ് പട്രോളിംഗ് സംഘത്തിന് കൈമാറും.
24 മണിക്കൂർ കൺട്രോൾ റൂം
പൊലീസ് വിന്യാസവും സുരക്ഷാനടപടികളും നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷൻ കൺട്രോൾ റൂമുണ്ട്.
എസ്.ഐമാർ- 4405
ഇൻസ്‌പെക്ടർ- 784
ഡിവൈ.എസ്.പി- 258
സി.പി.ഒ, സീനിയർ സി.പി.ഒ- 34,504
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |