
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇന്നലെ ഉത്സവാന്തരീക്ഷത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ചിലർ ദൈവനാമത്തിലും മറ്റു ചിലർ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ചും സത്യപ്രതിജ്ഞ ചെയ്തപ്പോൾ ചിലയിടത്ത് ഇടതുപക്ഷ അംഗങ്ങൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചു. ചടങ്ങ് വേറിട്ടതാക്കാനുള്ള പൊടിക്കൈകൾ മിക്ക ജില്ലകളിലുമുണ്ടായി.
1200 തദ്ദേശ സ്ഥാപനങ്ങളിലായി 23,612 വാർഡുകളിലെ ജതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നതെങ്കിലും ചില ജില്ലകളിൽ എല്ലാവർക്കും ചടങ്ങിന് എത്താനായില്ല. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് 26 നും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലവന്മാരുടെ തിരഞ്ഞെടുപ്പ് 27 നുമാണ്.
ബി.ജെ.പി ആദ്യമായി ഭൂരിപക്ഷം പിടിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ വൈവിദ്ധ്യം നിറഞ്ഞതായി. ബി.ജെ.പി അംഗങ്ങൾ കോർപ്പറേഷൻ ഹാളിൽ ഗണഗീതം പാടിയത് ചെറിയ തർക്കത്തിന് വഴി വച്ചു. യു.ഡി.എഫ് അംഗം മേരിപുഷ്പവും ബി.ജെ.പി അംഗം ആശാനാഥും സത്യപ്രതിജ്ഞ കഴിഞ്ഞ് ശരണം വിളിച്ചപ്പോൾ മുൻ ഡി.ജി.പിയും ബി.ജെ.പി കൗൺസിലറുമായ ആർ ശ്രീലേഖ വന്ദേമാതരം മുഴക്കി. ആരാധനാലയങ്ങളിലും രക്തസാക്ഷി മണ്ഡപങ്ങളിലുമൊക്കെ പോയ ശേഷമാണ് പലരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.
കണ്ണൂർ നഗരസഭയിൽ ക്രിമിനിൽ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിക്കുന്ന ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും രണ്ട് കൗൺസിലർമാർക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർക്കു നേരെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കൈയേറ്റമുണ്ടായി. പത്തനംതിട്ട പ്രാമാടം ഗ്രാമപഞ്ചായത്തിൽബി.ജെ.പി അംഗം അയ്യപ്പനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |