കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന കേസിലെ പരാതിക്കാരൻ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് എറണാകുളം സി.ജെ.എം കോടതി അനുമതി നൽകി. കഴിഞ്ഞ ദിവസം സന്ദീപിനെ കോടതിയുടെ അനുമതിയോടെ പൂജപ്പുര ജയിലിൽ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ മജിസ്ട്രേട്ട് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് കോടതിയിൽ അപേക്ഷ നൽകിയത്. കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അനുമതി.താമസിയാതെ സന്ദീപിനെ അവിടെ ഹാജരാക്കും. രഹസ്യമൊഴി രേഖപ്പെടുത്തേണ്ട തീയതി നിശ്ചയിക്കേണ്ടത് കോലഞ്ചേരി കോടതിയാണ്.
പരാതിയിലുറച്ച് സന്ദീപ്
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പരാതിയിലെ ആരോപണം സന്ദീപ് ക്രൈംബ്രാഞ്ചിനോട് ആവർത്തിച്ചു. നേരത്തെ ഇക്കാര്യം വ്യക്തമാക്കി സന്ദീപ് ജയിലിൽ നിന്ന് കോടതിക്ക് കത്തയച്ചിരുന്നു. പിന്നീട് അഭിഭാഷകൻ മുഖേന പരാതിയും നൽകി. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി കെ.ടി. ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേരു പറയാൻ ഇ.ഡി നിർബന്ധിച്ചെന്നാണ് സന്ദീപ് ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. അഞ്ചു മണിക്കൂർ അന്വേഷണ സംഘം സന്ദീപിനെ ജയിലിൽ ചോദ്യം ചെയ്തിരുന്നു.
മൊഴികളിലെ നിയമയുദ്ധം
പ്രതികൾ കസ്റ്റംസിനും ഇ.ഡിക്കും നൽകുന്ന മൊഴികൾക്ക് തെളിവു മൂല്യം ഉണ്ടെങ്കിലും പൊലീസിനു നൽകുന്ന മൊഴിക്ക് ആ മൂല്യം ഇല്ല.
സന്ദീപ് ഇപ്പോൾ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി പിന്നീടു കോടതിയിൽ മാറ്റിപ്പറയാനാകും.
എന്നാൽ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതോടെ സന്ദീപിന്റെ ആരോപണം നിയമപരമായി ഉറപ്പിക്കാനാകും.
ഇതു കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |