അധികാര ഘടനകളുടെ അടിസ്ഥാന രൂപങ്ങളിലൊന്നാണ് കുടുംബം എന്ന വ്യവസ്ഥ. മലയാളി കുടുംബങ്ങളിലെ അധികാരമെല്ലാം സാമ്പ്രദായികമായി കുടുംബനാഥനിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അയാളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചിലപ്പോഴൊക്കെ ശാസനകളും പിന്തുടർന്നുകൊണ്ടാണ് കുടുംബം എന്ന സ്ഥാപനം മുന്നോട്ട് പോകുന്നത്. കോട്ടയം ജില്ലയിലെ ഇത്തരത്തിലുള്ള ഒരു കുടുംബം പശ്ചാത്തലമാക്കിക്കൊണ്ടാണ് ദിലീഷ് പോത്തൻ തന്റെ മൂന്നാമത്തെ ഫഹദ് ഫാസിൽ സിനിമയായ 'ജോജി'യുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇത്തവണത്തെ ആ വരവ് ഒടിടി പ്ലാറ്റ്ഫോം വഴിയാണെന്നുള്ള പ്രത്യേകതയുമുണ്ട്.
'മഹേഷിന്റെ പ്രതികാരത്തി'ലൂടെ കച്ചവട സിനിമയുടെ സാദ്ധ്യതകളെ കുറിച്ച് അന്വേഷണങ്ങൾ നടത്തി വിജയം നേടിയ ദിലീഷ് തന്റെ രണ്ടാമത്തെ ചിത്രമായ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയു'മിലൂടെ സെമി-ആർട്ട്ഹൗസ് സിനിമയുടെ മേഖലയിലേക്ക് കടക്കുന്നതാണ് നാം കണ്ടത്. എന്നാൽ തന്റെ മൂന്നാമത്തെ സിനിമയിലൂടെ ഈ രണ്ട് ഭാവങ്ങളെയും ഏറെ വൈദഗ്ധ്യത്തോടെ സംവിധായകൻ ബാലൻസ് ചെയ്തുകൊണ്ട് പോകുന്നതാണ് കാണുന്നത്. പുതിയ സിനിമയിലൂടെ 'പോത്തേട്ടൻ ബ്രില്ല്യൻസി'ന്റെ മറ്റൊരു തലമാണ് പ്രേക്ഷകന് അനുഭവവേദ്യമാകുക. 'ജോജി' ഒരു ത്രില്ലർ സിനിമയാണ്.
കുടുംബത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തതുകൊണ്ട് കൊള്ളരുതാത്തവൻ എന്ന ചീത്തപേര് കേൾക്കുന്നയാളാണ് ജോജി. വീട്ടിനകത്തും പുറത്തുമുള്ളവരുടെ പരിഹാസവും പുച്ഛവും നിരന്തരം സഹിക്കുന്ന ജോജിയുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്ന് അയാളുടെ കുടുംബത്തെ കൂടി ഉൾക്കൊള്ളുന്ന സമൂഹമാണ്. മറ്റൊന്ന് സ്വന്തം അപ്പനായ കുട്ടപ്പൻ പികെ പനച്ചേലും. ശാരീരികമായും അല്ലാതെയും കരുത്തുകാട്ടുന്ന കുട്ടപ്പൻ തന്റെ കുടുംബത്തിലും സമൂഹത്തിലും കാര്യമായ അധികാരങ്ങളുള്ളയാളാണ്. അപ്പന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്ന ദുർബലനായ ജോജിക്ക് നിനച്ചിരിക്കാതെ ഉണ്ടാകുന്ന ഒരു സംഭവം രക്ഷയായി മാറുകയാണ്. പിന്നീട് കുടുംബത്തിലെ അധികാര രൂപമായി മാറാൻ അയാൾ നടത്തുന്ന കളികളാണ് സിനിമ.
ലോകപ്രശസ്ത ഷേക്‌സ്പീയർ ദുരന്തനാടകമായ 'മക്ബെത്തി'ന്റെ പ്രമേയമാണ് 'ജോജി' കടമെടുത്തിരിക്കുന്നത്. നാടകവുമായി പരിചയമുള്ളവരെയും 'ജോജി'യുടെ ലോകത്തേക്ക് ആനയിക്കാൻ കെൽപ്പുള്ളതാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥ. അശക്തനായ വ്യക്തിയിൽ നിന്നും അധികാരം നേടാനായി എന്തും ചെയ്യുന്നയാളായുള്ള ജോജിയുടെ കഥാപാത്ര വളർച്ചയ്ക്ക് ശ്യാം കാര്യമായ ശ്രദ്ധ നൽകിയിട്ടുണ്ട്. തനിക്ക് അവകാശപ്പെട്ട അധികാരം തട്ടിപ്പറിക്കുന്നവരായി മറ്റുള്ളവരെ കാണുന്ന ജോജിയെയും അയാളുടെ അരക്ഷിതാവസ്ഥകളെയും കൃത്യമായി വരച്ചുകാട്ടാൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്.
അയാളുടെ ചെയ്തികളെ നീതീകരിക്കാനും ചിലപ്പോഴൊക്കെ അയാളുടെ പക്ഷം ചേർന്ന് ചിന്തിക്കാനും ശ്യാം പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുമുണ്ട്. മികച്ച, അർത്ഥവത്തായ ഡയലോഗുകളിലൂടെ കഥാപാത്രങ്ങളെ കൃത്യതയോടെ ആവിഷ്കരിക്കാൻ തിരക്കഥാകൃത്ത് ശ്രദ്ധിക്കുന്നു. തന്റേതായ കൂട്ടിച്ചേർക്കലുകളിലൂടെ ഈ തിരക്കഥയെ സമർത്ഥമായി സ്ക്രീനിലേക്ക് പരിഭാഷപ്പെടുത്തുകയാണ് ദിലീഷ് പോത്തൻ ചെയ്തിരിക്കുന്നത്. 'ലാസ്റ്റ് മൊമന്റ് വരെ'യും പിടിനിൽക്കാനുള്ള ശേഷി കാട്ടുന്ന ജോജി തങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന ആകാംക്ഷ പ്രേക്ഷകനിൽ നിറയ്ക്കാൻ ദിലീഷിന്റെ സംവിധാനപാടവത്തിന് കഴിഞ്ഞിട്ടുമുണ്ട്.
പ്രകൃതിരമണീയമായ കോട്ടയത്തെ റബർ കാടുകളെ 'ജോജി'ക്കുവേണ്ടി ക്രൂരതകളും ഭീതിയും പതിയിരിക്കുന്ന ഇടമായി പരിവർത്തിപ്പിക്കാൻ ഷൈജു ഖാലിദിന്റെ ക്യാമറയ്ക്ക് അനായാസം സാധിക്കുന്നു. തന്റെ ക്യാമറ അധികം ചലിപ്പിക്കാതെ, കഥാപാത്രങ്ങൾക്ക് കൂടുതൽ പരിഗണന നൽകികൊണ്ടുള്ള ഷൈജുവിന്റെ ഛായാഗ്രഹണ രീതി ഇവിടെ നേട്ടമാകുന്നുണ്ട്. 'മഹേഷി'ലെ വർണശബളമായ ഷോട്ടുകൾ 'ജോജി'യിൽ കാണാൻ കഴിയില്ല. കഥയിലെയും കഥാപാത്രങ്ങൾക്കുള്ളിലെയും കുടിലതയുടെ ഇരുട്ട് കൃത്യമായ അവസരങ്ങളിൽ പ്രേക്ഷകനിലേക്ക് പകർന്നുതരുന്നതിൽ ജസ്റ്റിൻ വർഗീസിന്റെ സംഗീതവും വിജയിക്കുന്നുണ്ട്.
ദിലീഷിന്റെ മറ്റ് ചിത്രങ്ങളിലെ പോലെതന്നെ 'ജോജി'യിലും നടീനടന്മാരുടെ പ്രകടനങ്ങൾ മികച്ചുനിൽക്കുന്നുണ്ട്. ഫഹദ് പതിവുപോലെ തന്റെ ഭാഗം ഗംഭീരമാക്കുമ്പോൾ, ഒരുപക്ഷെ അദ്ദേഹത്തിന്റെ പ്രകടനത്തെക്കാൾ മുകളിലായി പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടുക ജോമോനായി എത്തുന്ന ബാബുരാജിന്റെ പെർഫോമെൻസ് ആയിരിക്കും. തന്റെ അപ്പനെയും കുടുംബത്തെയും 'മരിച്ച്' സ്നേഹിക്കുന്ന ജോമോൻ സിനിമ അവസാനിച്ചാലും പ്രേക്ഷനെ വിട്ടുപോകില്ല. 'സാൾട്ട് ആൻഡ് പെപ്പറി'ലെ 'കുക്ക് ബാബു'വിന് ശേഷമുള്ള ഈ നടന്റെ ഏറ്റവും മികച്ച പ്രകടമാണ് ജോമോൻ. താരതമ്യേന ചെറിയ റോളിലെത്തുന്ന ബേസിൽ ജോസഫും തന്റെ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകനെ കൈയ്യിലെടുക്കുന്നു. 'ജോജി'യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, വർഷങ്ങൾക്കുശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ സണ്ണി പിഎൻ എന്നിവരും പ്രകടനത്തിൽ മികവ് കാട്ടുന്നുണ്ട്.
വാൽക്കഷ്ണം: നിങ്ങളുടെ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ മുതലാക്കാൻ പറ്റിയ സിനിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |