
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തിരിച്ചടിക്ക് പരാജയത്തിന് വ്യത്യസ്ത കാരണങ്ങളുണ്ടാവുമെന്നും ശബരിമല സ്വർണക്കൊള്ള പ്രധാന ഘടകമായി കാണാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അതാണ് പരാജയകാരണമെങ്കിൽ പന്തളം നഗരസഭ ബി.ജെ.പിക്ക് നഷ്ടമാവുമായിരുന്നില്ല. അവിടെ എൽ.ഡി.എഫാണ് വിജയിച്ചത്. കൊടുങ്ങല്ലൂർ നഗരസഭയിൽ കഴിഞ്ഞതവണ ബി.ജെ.പി വിജയത്തോട് അടുത്തിരുന്നു. ഇത്തവണ അതും നഷ്ടമായി. ശബരിമല പ്രശ്നം എൽ.ഡി.എഫിനെ വല്ലാതെ ബാധിച്ചിരുന്നെങ്കിൽ ഇവിടെയെല്ലാം പരാജയപ്പെടേണ്ടതല്ലേ. അവിടെയെല്ലാം ബി.ജെ.പിക്ക് വലിയ വിജയം ലഭിക്കേണ്ടതല്ലേ? ബി.ജെ.പിയിൽ നിന്ന് ഒട്ടേറെ തദ്ദേശസ്ഥാപനങ്ങൾ എൽ.ഡി.എഫ് പിടിച്ചെടുത്തെന്നതാണ് പൊതുസ്ഥിതി. അതിനാൽ ശബരിമല സ്വർണക്കൊള്ളയാണ് പരാജയകാരണമെന്ന പ്രത്യേക നിഗമനത്തിൽ എത്താനായിട്ടില്ല.
ശബരിമല തട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഹൈക്കോടതി നിർദേശത്തോട് സർക്കാർ പൂർണമായി യോജിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയത്തിന് കാരണം ബി.ജെ.പിയും യു.ഡി.എഫും ചേർന്ന പരസ്പര സഹകരണ മുന്നണിയായിരുന്നു. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വോട്ട് എൽ.ഡി.എഫിനാണ്. 12സീറ്റുകളിൽ 60വോട്ടിൽ താഴെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് പരാജയപ്പെട്ടത്. ബി.ജെ.പി ജയിച്ച 26 വാർഡിൽ യു.ഡി.എഫിന് ആയിരത്തിൽ താഴെ വോട്ടേയുണ്ടായിരുന്നുള്ളൂ. യു.ഡി.എഫ് ജയിച്ച 11 സീറ്റുകളിൽ ബി.ജെ.പിക്കും ആയിരത്തിൽ താഴെ വോട്ടേയുള്ളൂ. അസാധാരണമായ നീക്കുപോക്കുകളാണിതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമവും ആനുകൂല്യവും
വോട്ടിന് വേണ്ടിയല്ല
ജനങ്ങൾക്കുള്ള ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും വോട്ടിന് വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സർക്കാരിന്റെ ഔരാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. അതിൽ വോട്ട് പോരട്ടെയെന്ന ചിന്തയില്ല. പാവങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണിയാണിത്. അതിൽ വോട്ട് പ്രശ്നമല്ല. ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കൾ സഹായം വാങ്ങിയ ശേഷം വോട്ട് മറിച്ചു ചെയ്തെന്ന എം.എം.മണിയുടെ ആരോപണം അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വെള്ളാപ്പള്ളി പ്രധാന
സമുദായ നേതാവ്
വെള്ളാപ്പള്ളി സംസ്ഥാനത്തെ പ്രധാന സാമുദായിക സംഘടനാ നേതാവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളിലും അദ്ദേഹവും ഞങ്ങളും അഭിപ്രായം പറയാറുണ്ട്. പറയുന്നത് ന്യൂനപക്ഷങ്ങൾക്ക് വിരുദ്ധമായല്ലെന്നും ലീഗിന് എതിരായാണെന്നും വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നത് എൽ.ഡി.എഫ് മുൻകൈയെടുത്താണെന്നും കാരണക്കാരൻ പിണറായിയാണെന്നും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയാണ് ഇതിന് പിന്നിലെങ്കിലും പ്രചാരകർ ലീഗാണ്. അവരവർക്ക് വേണ്ടത് ഓരോരുത്തരും പ്രചരിപ്പിക്കുന്നു. നമ്മൾ കാര്യങ്ങൾ ശരിയായി മനസിലാക്കണമെന്നേയുള്ളൂ- പിണറായി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |