കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും വിജയം അവകാശപ്പെട്ട് കേരളാ കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗം ചെയർമാൻമാർ രംഗത്തെത്തിയപ്പോൾ ,പൂഞ്ഞാറിൽ പടക്കം പൊട്ടിച്ച് പി.സി.ജോർജ് വിജയം മുൻകൂട്ടി ആഘോഷിച്ചു
മത്സരിച്ച 12 സീറ്റിലും വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കോട്ടയത്തെ അഞ്ചു സീറ്റിലും വിജയിക്കും. ഇടത് മുന്നണി ഒറ്റക്കെട്ടായാണ് പാലായിൽ മത്സരിച്ചത്. കേരള കോൺഗ്രസ് വോട്ടുകൾ ചോരില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതാണ് നിയമസഭാ തിരഞ്ഞെടുപ്പിലും അതാവർത്തിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ തനിക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ വ്യക്തിഹത്യതുടങ്ങി. എന്നാൽ ഇതൊന്നും പാലായിലെ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും ജോസ് പറഞ്ഞു .
മത്സരിച്ച പത്തു സീറ്റിലും വിജയിക്കുമെന്ന് പി.ജെ.ജോസഫും പറഞ്ഞു. കെ.എം.മാണിയുടെ മരുമകൻ എം.പി.ജോസഫ് മത്സരിച്ച തൃക്കരിപ്പൂരിൽ വരെ ജയസാദ്ധ്യതയുണ്ട്. ഏതു കേരളാ കോൺഗ്രസിനാണ് ശക്തിയെന്ന് വോട്ടെണ്ണൽ കഴിയുമ്പോൾ അറിയാമെന്നും ജോസഫ് പറഞ്ഞു.
അതേസമയം, പൂഞ്ഞാറിൽ നിന്ന് അട്ടിമറി ജയത്തോടെ താൻ വീണ്ടും നിയമസഭയിലെത്തുമെന്ന് പി.സി.ജോർജ് പറഞ്ഞു. കഴിഞ്ഞ തവണ ലഭിച്ച എസ്.ഡി.പി.ഐയുടെ വോട്ട് കിട്ടാത്തതിനാൽ ഈരാറ്റുപേട്ടയിൽ പിന്നിൽ പോകും. കുറേ മുസ്ലിം വോട്ടുകൾ നഷ്ടമായെങ്കിലും മറ്റു വിഭാഗം വോട്ടുകൾ ഗുണകരമായെന്നും ജോർജ് പറഞ്ഞു. വോട്ടെടുപ്പ് പൂർത്തിയായതിന് പിറകേ ചൊവ്വാഴ്ച രാത്രിയാണ് പടക്കം പൊട്ടിച്ച് ജോർജിന്റെ 'വിജയം' അഡ്വാൻസായി ആഘോഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |