കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സ്പീക്കർ അസൗകര്യം അറിയിച്ചതിനെ തുടർന്ന് മറ്റൊരു ദിവസം ഹാജരാകാൻ കസ്റ്റംസ് നിർദേശം നൽകി. തീയതി വ്യക്തമാക്കി നോട്ടീസ് നൽകും.
കേസിൽ നേരത്തേ സ്പീക്കർക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ വരാൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലുമൊരു ദിവസം ഹാജരാകാമെന്നുമായിരുന്നു സ്പീക്കർ നേരത്തേ അറിയിച്ചത്. ഇത് പരിഗണിച്ചാണ് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു സ്പീക്കർക്ക് ആദ്യ നോട്ടീസ്. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. യു.എ.ഇ കോൺസൽ ജനറൽ വഴിയാണ് ഡോളർ കടത്തിയത്. ഈ പണം ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്നാണ് സ്വപ്നയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. സുഹൃത്ത് നാസറിന്റെ പേരിലുള്ള സിം ഉപയോഗിച്ചാണ് സ്പീക്കർ പ്രതികളെ ബന്ധപ്പെട്ടിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |