കണ്ണൂർ : വിദ്യാർത്ഥിയെ സി എ ആവാൻ സഹായിക്കാമെന്ന് പറഞ്ഞ് തന്റെ മോഷണ സംഘത്തിൽ ചേർത്ത തുരപ്പൻ സന്തോഷിന്റെ പദ്ധതികൾ പൊളിച്ച് ജയിലധികൃതർ. ജസ്റ്റിൻ എന്ന യുവാവിനെയാണ് മോഷണസംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. കാസർകോട് ജില്ലയിൽ നിന്നുള്ള ജസ്റ്റിൻ ചാർട്ടേഡ് അക്കൗണ്ടന്റാവണമെന്ന ആഗ്രഹത്താലാണ് കോഴിക്കോട് എത്തി പഠനം ആരംഭിച്ചത്.
എന്നാൽ ഇവിടെ ഒരു കുട്ടിയുമായി പ്രണയത്തിലാവുകയും, പെൺസുഹൃത്തിനെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസുണ്ടായപ്പോൾ പോക്‌സോ പ്രകാരം ജയിലിലാവുകയുമായിരുന്നു. ഇങ്ങനെ കണ്ണൂർ ജയിലിൽ വച്ചാണ് ജസ്റ്റിൻ കൊടും കുറ്റവാളിയായ തുരപ്പൻ സന്തോഷിനെ പരിചയപ്പെടുന്നത്. സ്ഥിരമായി മോഷണകൃത്യങ്ങളിൽ ഏർപ്പെടുന്ന തുരപ്പൻ ജയിലിൽ നിന്നും ഇറങ്ങിയാൽ വൈകാതെ പുതിയ കേസിൽ തിരികെ എത്തുന്ന സ്വഭാവക്കാരനാണ്. ജസ്റ്റിന് പഠിക്കാനുള്ള തുക നൽകാം എന്ന് പറഞ്ഞാണ് ഇയാൾ കൂടെ കൂട്ടിയത്. തുടർന്ന് മൂന്നോളം മോഷണത്തിൽ ജസ്റ്റിൻ തുരപ്പന്റെ അസിസ്റ്റന്റാവുകയും ചെയ്തു. ഇതോടെ ജസ്റ്റിൻ വീണ്ടും ജയിലിൽ എത്തുകയായിരുന്നു.
ജയിലിൽ വച്ച് ഉദ്യോഗസ്ഥരോട് തന്റെ ജീവിത കഥ വെളിപ്പെടുത്തിയതാണ് ജസ്റ്റിന് തുണയായത്. ഇനി മോഷണ കൃത്യത്തിലേക്ക് തിരികെ പോവില്ലെങ്കിൽ പഠനാവശ്യത്തിനുള്ള തുക തങ്ങൾ നൽകാം എന്ന് ജയിൽ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതോടെ തുരപ്പനുമായുള്ള കൂട്ട് എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാമെന്ന് ജസ്റ്റിൻ ഉദ്യോഗസ്ഥർക്ക് വാക്കു നൽകി. വരുന്ന വ്യാഴാഴ്ച ജാമ്യത്തിലിറങ്ങുന്ന ജസ്റ്റിൻ സി എ കോഴ്സിന് ചേരുന്നതിനുള്ള പരിശീലനം തുടങ്ങും. കണ്ണൂരിലെ ഒരു ചാരിറ്റി സംഘടനയും ജസ്റ്റിനെ സഹായിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |