SignIn
Kerala Kaumudi Online
Thursday, 28 March 2024 5.21 PM IST

കേസുകൾ എങ്ങനെ നീണ്ടുപോകാതിരിക്കും

editorial-2

കോടതികളിൽ പതിനായിരക്കണക്കിനു കേസുകൾ കെട്ടിക്കിടക്കുമ്പോഴും ജുഡിഷ്യൽ നിയമനങ്ങളിൽ പല കാരണങ്ങളാലുണ്ടാകുന്ന കാലതാമസം തുടർക്കഥയാവുകയാണ്. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ഉണ്ടാകുന്ന ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്യേണ്ടത് കൊളീജിയമാണ്. കൊളീജിയം ശുപാർശ ചെയ്താലും കേന്ദ്രം കൂടി അംഗീകരിച്ചാലേ നിയമനം നടക്കുകയുള്ളൂ. പലപ്പോഴും അഭിപ്രായ ഭിന്നതകളെത്തുടർന്ന് നിയമനങ്ങൾ വൈകുകയോ നടക്കാതിരിക്കുകയോ ചെയ്തേക്കാം. വലിയ തർക്കങ്ങൾക്കും ചിലപ്പോൾ അതു വഴിവയ്ക്കാറുണ്ട്. ജഡ്ജിമാരുടെ നിയമനത്തിന് വ്യവസ്ഥാപിതമായ സംവിധാനം കൊണ്ടുവരുന്നതിനായി 2015-ൽ ജുഡിഷ്യൽ നിയമന കമ്മിഷൻ നിയമം നടപ്പാക്കിയെങ്കിലും സുപ്രീംകോടതി അത് ഭരണഘടനാവിരുദ്ധമെന്നു അഭിപ്രായപ്പെട്ട് റദ്ദാക്കുകയാണുണ്ടായത്. കൊളീജിയം സംവിധാനത്തിലെ പരിമിതികൾ മറികടക്കാനുദ്ദേശിച്ചുള്ളതായിരുന്നു ജുഡിഷ്യൽ നിയമന കമ്മിഷൻ. നിർഭാഗ്യവശാൽ അതിന് ആയുസുണ്ടായില്ല. പാർലമെന്റ് പാസാക്കി രാഷ്ട്രപതിയുടെയും പതിനാറു നിയമസഭകളുടെയും അംഗീകാരവും ലഭിച്ച ശേഷമാണ് സുപ്രീംകോടതി അത് തള്ളിക്കളഞ്ഞത്. കൊളീജിയം പുനഃസ്ഥാപിക്കപ്പെട്ടിട്ടും സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും നിയമനങ്ങൾ പഴയ രീതിയിൽ മന്ദഗതിയിൽത്തന്നെ തുടരുകയാണ്. ഇതിനിടയിൽ സുപ്രീംകോടതിയിൽ നിലവിലുള്ള അഞ്ച് ഒഴിവുകളിലേക്കു ജഡ്ജിമാരെ കണ്ടെത്തുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം കൂടാനിരുന്ന കൊളീജിയം യോഗം അതിലെ അംഗങ്ങളായ ചില ജഡ്ജിമാരുടെ എതിർപ്പിനെത്തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നു. ഏതാനും ദിവസത്തിനപ്പുറം വിരമിക്കാനൊരുങ്ങുന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കൊളീജിയം വിളിച്ചുകൂട്ടുന്നതിലുള്ള പ്രതിഷേധമാണ് സഹ ജഡ്ജിമാർ പ്രകടിപ്പിച്ചത്. യോഗത്തിൽ സംബന്ധിക്കേണ്ട നിയുക്ത ചീഫ് ജസ്റ്റിസ് എൻ.വി. രമണയാകട്ടെ അവധിയെടുക്കുകയും ചെയ്തു. കീഴ്‌വഴക്കമനുസരിച്ച് പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനമായ ശേഷം അദ്ദേഹമാണ് കൊളീജിയം വിളിച്ചുകൂട്ടേണ്ടത്. ഈ കീഴ്‌വഴക്കം മാനിക്കാതെ വിരമിക്കാൻ പോകുന്ന ചീഫ് ജസ്റ്റിസ് യോഗം വിളിച്ചതിലാണ് കൊളീജിയം അംഗങ്ങൾക്ക് എതിർപ്പ്. കഴിഞ്ഞ 14 മാസവും ഇതിനായി കൊളീജിയം വിളിക്കാതിരുന്ന ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു തൊട്ടുമുൻപ് യോഗം വിളിച്ചതിലെ അനൗചിത്യം ഒറ്റനോട്ടത്തിൽ ആർക്കും ബോദ്ധ്യമാകും. 2019 സെപ്തംബറിനു ശേഷം സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാരുടെ നിയമനം നടന്നിട്ടില്ല. നിയമിക്കപ്പെടേണ്ടവരുടെ കാര്യത്തിൽ ഏകകണ്ഠമായ അഭിപ്രായത്തിലെത്താൻ കൊളീജിയം അംഗങ്ങൾക്കു കഴിയാത്തതാണ് പ്രശ്നം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായിരിക്കുന്നവരാണ് പരിഗണിക്കപ്പെടുന്നത്. ഒരു ഡസനോളം പേർ നിയമനത്തിനായി കാത്തിരിപ്പുണ്ടെങ്കിലും കൊളീജിയം ചേർന്ന് തീരുമാനമെടുക്കാത്തതിനാൽ നിയമനം നീണ്ടുപോവുകയാണ്. സുപ്രീംകോടതിയിൽ അഞ്ച് ഒഴിവുകളേ ഉള്ളുവെങ്കിലും ഹൈക്കോടതികളുടെ സ്ഥിതി പരമ കഷ്ടമാണ്. സ്ഥിരം ജഡ്ജിമാരുടെ 411 ഒഴിവുകളാണ് വിവിധ ഹൈക്കോടതികളിലായുള്ളത്. 1080 ജഡ്ജിമാർ വേണ്ടിടത്ത് ഇപ്പോൾ 669 പേരുമായാണ് ഹൈക്കോടതികൾ പ്രവർത്തിക്കുന്നത്. എല്ലാ ഹൈക്കോടതികളിലുമായി 51 ലക്ഷം കേസുകൾ തീർപ്പുകാത്തു കിടക്കുമ്പോഴാണ് വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ജഡ്ജി കസേരകൾ.

വൈകി എത്തുന്ന നീതി നീതിനിഷേധത്തിനു തുല്യമാണെന്നു വിളിച്ചുകൂവുന്നവർ തന്നെ ജുഡിഷ്യൽ നിയമനങ്ങൾ നേരത്തും കാലത്തും പൂർത്തിയാക്കാൻ താത്‌പര്യമെടുക്കുന്നില്ല. പരമോന്നത കോടതിയിലുമുണ്ട് തീർപ്പു കാത്ത് അറുപത്താറായിരത്തിൽപ്പരം കേസുകൾ. ഹൈക്കോടതികളിൽ വിരമിച്ച ജഡ്ജിമാരെ വച്ച് കുടിശ്ശിക കേസുകൾ തീർപ്പാക്കാൻ സംവിധാനം ഒരുക്കണമെന്ന് ഇടക്കാലത്ത് ഒരു നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ അതും ഇതുവരെ നടപ്പായില്ല. സ്ഥിരം ജഡ്ജിമാരുടെ നിയമനം ആദ്യം നടക്കട്ടെ ഇടക്കാല ജഡ്‌ജിമാരുടെ കാര്യം പിന്നീട് ആലോചിക്കാമെന്നാണ് ഈ വിഷയത്തിൽ കേന്ദ്ര നിലപാട്. നീതി തേടിയുള്ള സാധാരണക്കാരാണ് ഇതിനെല്ലാമിടയിൽക്കിടന്ന് പിടയുന്നതെന്ന് ആരും ഓർക്കാറില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL2
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.