തിരുവനന്തപുരം: ഔദ്യോഗിക വസതിയിൽ വച്ച് കസ്റ്റംസ് ചോദ്യം ചെയ്തു എന്നത് സ്ഥിരീകരിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് വസതിയിൽ എത്തിയതെന്നും എല്ലാ വിവാദങ്ങൾക്കും വിശദീകരണം നൽകാൻ തയ്യാറാണെന്ന് നേരത്തെതന്നെ അറിയിച്ചതാണെന്നും സ്പീക്കർ വ്യക്തമാക്കി. ഡോളർക്കടത്ത് കേസിലാണ് ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തത്.
പണമടങ്ങിയ ബാഗ് കൈമാറിയിട്ടില്ലെന്ന് ശ്രീരാമകൃഷ്ണൻ കസ്റ്റംസിനെ അറിയിച്ചു. സ്വപ്നയെ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ അറിയാം. പരിചയവും സൗഹൃദവും ഉണ്ട്. സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. സഭയുടെ മുദ്രയുള്ള ബാഗ് പലർക്കും സമ്മാനമായി നൽകിയിട്ടുണ്ടെന്നും സ്പീക്കർ കസ്റ്റംസിനെ അറിയിച്ചു. ഇന്നലെ അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിലാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസമാണ് ആദ്യം സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ തിരക്ക് ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടങ്കിലും സുഖമില്ല എന്ന കാരണത്താൽ സ്പീക്കർ ഹാജരാകാതിരിക്കുകയായിരുന്നു. രണ്ടാമതും ഹാജരാകാത്തതിനെ തുടർന്നാണ് വസതിയിലെത്തി സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |