ബറേലി: തട്ടിക്കൊണ്ടു പോയ ഇരുപത്തിരണ്ടുകാരിയായ മകളെ കണ്ടെത്തിത്തരണമെങ്കിൽ കൈക്കൂലി നൽകണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ബറേലി മൗ ചന്ദ്പുർ സ്വദേശി ശിശുപാൽ (45) ആണ് ആത്മഹത്യ ചെയ്തത്.
ശിശുപാലിന്റെ മകളെ ദിവസങ്ങൾക്ക് മുമ്പ് കുറച്ച് പേർ ചേർന്ന് കടത്തിക്കൊണ്ടു പോയിരുന്നു. ഏപ്രിൽ ഒൻപതിനാണ് മകളെ കാണാനില്ലെന്ന് കാണിച്ച് ശിശുപാൽ ഔൻലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബണ്ടി, മുകേഷ്, ദിനേശ് എന്നിവരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബത്തിന്റെ പരാതി.
പൊലീസിൽ പരാതി നൽകാൻ ചെന്നപ്പോൾ രാംനഗർ പൊലീസ് ഔട്ട്പോസ്റ്റ് ഇൻചാർജ് രാം രത്തൻ സിംഗ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിന് പിന്നാലെ ശിശുപാൽ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
തൂങ്ങിമരിച്ച നിലയിലാണ് ശിശുപാലിന്റെ മൃതദേഹം കണ്ടെത്തിയത്. മരണവിവരം അറിഞ്ഞ് ആരോപണവിധേയനായ ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്തെത്തിയിരുന്നു. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയ ഇയാൾ അതും പോക്കറ്റിലാക്കി കടന്നു കളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |