ബ്യൂണസ് ഐറിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റ് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ. ഇന്നലെ ബ്യൂണസ് ഐറിസിലെ പ്രസിഡൻഷ്യൽ പാലസിൽ മോദിക്ക് ഔദ്യോഗിക വരവേൽപ്പൊരുക്കിയ മിലെ അദ്ദേഹവുമായി ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കുന്നത് ഇരുനേതാക്കളും ചർച്ച ചെയ്തു. തുടർന്ന് മിലെ ഒരുക്കിയ വിരുന്നിലും മോദി പങ്കെടുത്തു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെയാണ് മോദി അർജന്റീനയിലെത്തിയത്. പിന്നാലെ ഇന്ത്യൻ വംശജരെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. അർജന്റീനയുടെ ദേശീയ നായകനായ ജനറൽ ഹോസെ ഡെ സാൻ മാർട്ടിന്റെ ബ്യൂണസ് ഐറിസിലെ സ്മാരകത്തിലെത്തി മോദി ആദരം അർപ്പിച്ചു. അതേസമയം, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ബ്രസീലിൽ എത്തും. മോദി ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |