തിരുവനന്തപുരം: പിന്നാക്ക ജനവിഭാഗങ്ങൾക്ക് അധികാരത്തിലും പദവികളിലും അവസരവും പങ്കാളിത്തവും ലഭ്യമാക്കുന്നതിന് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന ജാതി സംവരണം മൗലികാവകാശമാണെന്നും അതിനെതിരായ ചില കോടതി പരാമർശങ്ങൾ നിയമപരമല്ലെന്നും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറും നാഷണൽ ലാ സ്കൂൾ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ.മോഹൻ ഗോപാൽ പറഞ്ഞു.
ഡോ.ബി.ആർ.അംബേദ്കർ ജയന്തിയോടനുബന്ധിച്ച് സംവരണവും മൗലികാവകാശവും എന്ന വിഷയത്തിൽ ആർട്ടിക്കിൾ 16 ഫോക്കസ് ഗ്രൂപ്പ് സംഘടിപ്പിച്ച ദേശീയ വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംവരണം മൗലികാവകാശമല്ലെന്ന് കോടതികളുടെ നിലപാട് അംഗീകരിച്ചാൽ, ഭരണഘടനയിലെ മറ്റ് മൗലികാവകാശങ്ങൾക്കും ഈ സ്ഥിതി വരും. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ ബാധിക്കുന്നതാകയാൽ നിയമ നിർമ്മാണ സഭകൾക്ക് പോലും സംവരണം നിഷേധിക്കാനാവില്ല.
സാമൂഹിക നീതി ഉറപ്പാക്കുന്ന സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് പലപ്പോഴും കോടതികൾ കൂട്ടുനിന്നതായി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷക ഇന്ദിരാ
ജയ്സിംഗ് പറഞ്ഞു. സംവരണം ആവശ്യപ്പെടുമ്പോൾ അത് സംബന്ധിച്ച ഡേറ്റ ചോദിക്കും. പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടുമ്പോൾ അതിനാവശ്യമായ തെളിവുകളും അന്വേഷണ റിപ്പോർട്ടുകളും ആവശ്യപ്പെടും. യാതൊരു അടിസ്ഥാനവും ആധികാരികതയും ഇല്ലാത്ത മെരിറ്റ് വാദവും ഉയർത്തിക്കൊണ്ടുവരും. സംവരണത്തിനും സാമൂഹിക നീതിക്കും വേണ്ടി വാദിക്കാൻ തയ്യാറുള്ള അഭിഭാഷകരുടെ എണ്ണം സുപ്രീംകോടതിയിൽ പരിമിതമായിക്കൊണ്ടിരിക്കുന്നു.
സാമൂഹികനീതി ഉറപ്പാക്കുന്നതിന് ഭരണഘടന നൽകുന്ന അവകാശങ്ങൾ ഓരോന്നായി നിയമനിർമ്മാണ സഭകളും കോടതികളും ഉദ്യോഗസ്ഥവൃന്ദവും തിരിച്ചെടുക്കുകയാണെന്ന്
ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ മുൻ ചെയർമാൻ ജസ്റ്റിസ് ഈശ്വരയ്യ പറഞ്ഞു. നിയമവിരുദ്ധമായി ശമ്പള വരുമാനം കൂടി ഉൾപ്പെടുത്തി പ്രൈമറി സ്കൂൾ അദ്ധ്യാപകരെപ്പോലും ക്രീമിലെയറിന്റെ പരിധിയിൽ കൊണ്ടുവരാൻ നീക്കം നടക്കുന്നു.
സംസ്ഥാന പട്ടികവിഭാഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി, മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസ്, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ഹരി പരന്തമൺ,മുൻ എം.പി ചാൾസ് ഡയസ്, പി.പി.ഗോപി, പ്രൊഫ.ബിസ്മി ഗോപാലകൃഷ്ണൻ, പ്രൊഫ.ടി.ജി.വിജയകുമാർ,പ്രൊഫ.താജി എന്നിവരും സംസാരിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി വെബിനാർ ഉപസംഹരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |