തിരുവനന്തപുരം:ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കമ്പോൾ സംസ്ഥാന കോൺഗ്രസിൽ അതുയർത്താനിടയുള്ള ചലനങ്ങളിലേക്ക് രാഷ്ട്രീയനിരീക്ഷകർ ഉറ്റനോക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലെ ഗ്രൂപ്പ് പോരിനെ പാരമ്യത്തിലെത്തിച്ചതും ഗ്രൂപ്പ് ബലാബലത്തിൽ കെ. കരുണാകരന്റെ അപ്രമാദിത്വം ഉടഞ്ഞതും ചാരക്കേസിന്റെ പ്രതിഫലനമായിട്ടായിരുന്നു. എ ഗ്രൂപ്പ് നേതാക്കൾ കരുണാകരനെ ചാരനെന്ന് പരസ്യമായി അധിക്ഷേപിക്കുക വരെ ചെയ്തു. കോൺഗ്രസ് രാഷ്ട്രീയത്തെ ഉള്ളം കൈയിലിട്ട് അമ്മാനമാടിയ കരുണാകരന്റെ പ്രതാപകാലം അസ്തമിച്ചതും കരുത്ത് ചോർന്നതും ചാരക്കേസോടെയായിരുന്നു.
ചാരക്കേസിന്റെ തുടർച്ചയെന്നോണമാണ് കരുണാകരന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. ചാരക്കേസ് സൃഷ്ടിച്ചതുതന്നെ കരുണാകരന്റെ രാജിക്ക് വേണ്ടിയായിരന്നോയെന്ന സന്ദേഹം പിൽക്കാലത്ത് ശക്തമായി. കരുണാകര അനുകൂലികളായ മുതിർന്ന നേതാക്കളിൽ പലരും ഇന്നും ആ സംശയം ശക്തമായി ഉന്നയിക്കുന്നു. ഇതാണ് ചാരക്കേസ് ഗൂഢാലോചന പുനരന്വേഷണത്തിന് വിധേയമാകമ്പോൾ കോൺഗ്രസ് ക്യാമ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
കോൺഗ്രസിൽ ഇപ്പോഴും ഗ്രൂപ്പുകൾ ശക്തമാണ്. എന്നാൽ കരുണാകരന്റെ കാലത്തെന്ന പോലെ തെരുവിലേക്ക് അത് വലിച്ചിഴയ്ക്കപ്പെടുന്നില്ല. അഭിപ്രായഭിന്നതകൾ നിലനിറുത്തി പരിക്കില്ലാതെ പാർട്ടിയെ മന്നോട്ട് നയിക്കാൻ കേരളത്തിലെ കോൺഗ്രസിന് ഇപ്പോൾ സാധിക്കുന്നുണ്ട്. പുതിയ സി.ബി.ഐ അന്വേഷണത്തിൽ കേസിന്റെ രാഷ്ട്രീയ ഗൂഢാലോചനകൾ വെളിപ്പെട്ടാൽ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ കടത്തേക്കാം. കരുണാകര അനുയായികളായ പ്രമുഖരിൽ പലരെയും ഒതുക്കുന്നുവെന്ന ആക്ഷേപം ഇപ്പോൾ പാർട്ടിയിൽ ശക്തമാണ്.
പാർട്ടി തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്നെങ്കിലും കരുണാകരന്റെ മക്കളായ കെ. മുരളീധരനും പത്മജ വേണഗോപാലും അത്ര തൃപ്തരല്ല. ഒരു കാര്യവുമില്ലാതെ പിതാവിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിലെ വിഷമവും അവരെ വിട്ടുമാറിയിട്ടില്ല. അന്വേഷണത്തിൽ പുതിയ വെളിപ്പെടുത്തലുകളുണ്ടായാൽ മുരളീധരനടക്കമുള്ളവരുടെ നീക്കങ്ങളിലേക്കും എല്ലാവരും ഉറ്റനോക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |