തലശ്ശേരി: കതിരൂർ സ്ഫോടന കേസിൽ കൂടുതൽ പേർ പ്രതി ചേർക്കപ്പെടുമെന്ന് സൂചന. തലശ്ശേരി അസി: പൊലീസ് കമ്മീഷണർ വി. സരേഷിന്റെ മേൽനോട്ടത്തിൽ സി.ഐ കെ.വി ഷിജുവാണ് കേസ് അന്വേഷിക്കുന്നത്.
കതിരൂർ നാലാംമൈലിൽ നിജേഷ് എന്ന മാരിമുത്തുവിന്റെ ഇരു കൈപ്പത്തികളും അറ്റത് ബോംബ് നിർമ്മാണത്തിനിടെ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിജേഷ് ഇപ്പോൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബോംബ് നിർമ്മാണം നടന്ന സ്ഥലത്തെ വീട്ടുടമ വിയാൻ വീട്ടിൽ വിനോദ് ഇപ്പോൾ റിമാൻഡിലാണ്. ഇയാളുടെ പേരിൽ ബോംബ് നിർമ്മാണത്തിന് ഒത്താശ ചെയ്തതിനും തെളിവ് നശിപ്പിക്കലിനുമാണ് കേസെടുത്തത്.
കേസിൽ കണ്ടാൽ അറിയാവുന്ന ഒരാൾ ഉൾപ്പെടെ അഞ്ചുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. നിജേഷ്, ആകാശ്, വിജീഷ് എന്നിവരാണ് മറ്റു പ്രതികൾ. നിജേഷിനെ ചോദ്യം ചെയ്താൽ മാത്രമേ മറ്റ് വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഡോക്ടർമാരുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. അതേസമയം ഈ കേസിന് രാഷ്ടീയ നിറം നൽകേണ്ടതില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികൾ സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആണെങ്കിലും, പാർട്ടിയുടെ അറിവോടെയല്ല ബോംബ് നിർമ്മാണം നടന്നതെന്നാണ് വിലയിരുത്തൽ. 14ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സ്ഫോടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |