കൊച്ചി: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹനായിട്ടുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയെങ്കിലും ഇയാൾ എവിടെയുണ്ടെന്ന് ഇപ്പോഴും ഒരു വ്യക്തതയും ലഭിച്ചിട്ടില്ല. ഇയാൾ കൊല്ലൂർ വനമേഖലയിലേക്ക് കടന്നു എന്നാണ് സംശയിക്കുന്നത്. അന്വേഷണത്തിനായി വനംവകുപ്പ് അധികൃതരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വനമേഖലയിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണ്.
മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ ഒരു ടൂറിസ്റ്റ് ഹോമിൽ ആറുദിവസം ഇയാൾ തങ്ങിയതിന്റെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 10നാണ് ഇയാൾ ഇവിടെ മുറിയെടുത്തത്. 16ന് രാവിലെ മുറിവാടകയായ 5,700രൂപ നൽകാതെയാണ് ഇയാൾ മുങ്ങിയതെന്നാണ് ടൂറിസ്റ്റ്ഹോം ജീവനക്കാർ പറയുന്നത്. മുറിയെടുക്കുമ്പോൾ തിരിച്ചറിയൽ കാർഡായി ആധാറാണ് നൽകിയിരുന്നത്. എങ്കിലും ഇയാൾ ആരാണെന്ന് ജീവനക്കാർക്ക് വ്യക്തമായില്ല. എന്നാൽ വാടക നൽകാതെ മുങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പൊലീസ് തിരയുന്ന സനുമോഹനാണെന്ന് വ്യക്തമായത്. ഉടൻ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.
ആറുദിസവം താമസിച്ചെങ്കിലും പെരുമാറ്റത്തിൽ അസ്വാഭാവിമായി ഒന്നും തോന്നിയില്ലെന്നാണ് ടൂറിസ്റ്റ് ഹോം ജീവനക്കാർ പറയുന്നത്. പണം നൽകാതെ മുങ്ങിയ ദിവസം രാവിലെ റിസപ്ഷനുസമീപത്തിരുന്ന് പത്രം വായിക്കുകയും ചെയ്തു. തുടർന്ന് മുറി ഒഴിയുകയാണെന്നും ഉച്ചയ്ക്ക് ഒരുമണിയോടെ വിമാനത്താവളത്തിലേക്ക് പോകാൻ കാർ ഏർപ്പാടാക്കണമെന്ന് ജീവനക്കാരാേട് ആവശ്യപ്പെട്ടു. പിന്നീട് ക്ഷേത്രത്തിൽനിന്നു പ്രസാദം വാങ്ങി വരാമെന്നു പറഞ്ഞാണ് ചെറിയൊരു ബാഗുമായി ഹോട്ടലിൽനിന്ന് ഇറങ്ങിയത്. കാർ എത്തിയിട്ടും സനുമോഹനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുങ്ങിയതാണെന്ന് വ്യക്തമായത്. ടൂറിസ്റ്റ്ഹോമിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് ഹോമിൽ നിന്ന മുങ്ങിയശേഷം സനു മോഹൻ കൊല്ലൂർ ബസ് സ്റ്റാൻഡിൽനിന്നു സ്വകാര്യ ബസിൽ കയറി വനമേഖലയിൽ ഇറങ്ങിയതായാണ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സനു മോഹന്റെ ദൃശ്യങ്ങൾ കണ്ട നാട്ടുകാരാണ് ഇതു സംബന്ധിച്ചു പൊലീസിനു വിവരം നൽകിയത്. ഒരു ചെറിയ ബാഗും ഇയാളുടെ കൈയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതേതുടർന്നാണ് വനമേഖലയിൽ പൊലീസ് തിരച്ചിൽ ആരംഭിച്ചത്. ഇയാൾ ഇവിടെ നിന്ന് ഗോവയിലേക്ക് കടന്നു എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മാർച്ച് 20ന് ആണ് സനു മോഹനെയും മകൾ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |