ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് നൽകിയ കൊവിഡ് വാക്‌സിൻ ഉപയോഗിക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയായി കേരളം. ഇതുവരെ വാക്‌സിൻ ഒട്ടും ഉപയോഗശൂന്യമാകാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്. എന്നാൽ സംസ്ഥാനങ്ങൾക്ക് നൽകിയ വാക്‌സിനിൽ 23 ശതമാനവും ഉപയോഗശൂന്യമായതായാണ് വിവരാവകാശ രേഖ. ഏപ്രിൽ 11 വരെയുളള കണക്കാണിത്.
തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ ഉപയോഗശൂന്യമായത്. തമിഴ്‌നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പൂർ (7.8%), തെലങ്കാന (7.55%) എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിൻ ഉപയോഗശൂന്യമാക്കിയതിൽ മുന്നിലുളളത്. ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച സംസ്ഥാനങ്ങളിൽ കേരളം കഴിഞ്ഞാൽ തൊട്ടുപിന്നിലുളളത് പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മിസോറം, ഗോവ, ദാമൻ ദ്യൂ, ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ്.
വാക്‌സിന്റെ ഒരു വയലിൽ 10 ഡോസാണ് ഉളളത്. തുറന്നു കഴിഞ്ഞാൽ നാല് മണിക്കൂറിനുളളിൽ പത്ത് ഡോസും ഉപയോഗിക്കണം. ബാക്കിവന്നാൽ അത് ഉപയോഗശൂന്യമാകും. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗശൂന്യമായതാണ് 23 ശതമാനം. ഏപ്രിൽ 11 വരെ വിതരണം ചെയ്‌ത 10.34 കോടി ഡോസ് വാക്‌സിനുകളിൽ 44.78 ലക്ഷം ഡോസുകൾ ഉപയോഗശൂന്യമായി.
രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.71 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുളള കണക്കുപ്രകാരം 18,83,241 സെഷനുകളിലായി 12,71,29,113 വാക്‌സിൻ ഡോസ് വിതരണം ചെയ്‌തിട്ടുണ്ട്. ഇന്നലെ 32,76,555 ഡോസ് വാക്‌സിനാണ് ആകെ വിതരണം ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |