തൃശൂര്‍: ചടങ്ങുകള്‍ മാത്രമായി നടത്തുന്ന തൃശൂര്‍ പൂരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. സ്വരാജ് റൗണ്ടിലേക്കുള്ള വഴികളും, കടകളും പൂര്‍ണമായി അടയ്ക്കും. പാസുള്ളവര്‍ക്ക് എട്ട് വഴികളിലൂടെ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. രണ്ടായിരം പൊലീസുദ്യോഗസ്ഥരെ സുരക്ഷാ ചുമതലക്കായി നിയോഗിക്കും. 23, 24 തീയതികളില്‍ സ്വരാജ് റൗണ്ടില്‍ ഗതാഗതം നിരോധിക്കും.
വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. പൊതുജനത്തെ പൂരപ്പറമ്പില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. സാമ്പിള്‍ വെടിക്കെട്ട് കുഴിമിന്നലിൽ മാത്രമായി ഒതുങ്ങും. വെടിക്കെട്ടിന്റെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി ഉദ്യോഗസ്ഥര്‍ നാളെ തൃശ്ശൂരെത്തും.
തൃശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൂര നഗരിയിലെ വ്യാപാരികൾക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും തീരുമാനിച്ചു. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദര്‍ശനം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള ഘടകപൂരങ്ങള്‍ ഇത്തവണ ഓരോ ആനപ്പുറത്ത് മാത്രമായിട്ടാകും നടത്തുകയെന്ന് രാവിലെ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക. ഓരോ ഘടകപൂരങ്ങള്‍ക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേര്‍ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ. ഘടകപൂരങ്ങള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം വേണ്ട, ഇത്തവണ ചടങ്ങുകള്‍ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം.
അതേസമയം, പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളില്‍ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായിത്തന്നെ നടത്തും. കുടമാറ്റം പ്രതീകാത്മകമായി മാത്രമാണ് നടത്തുക. എന്നാല്‍ തിരുവമ്പാടി നിരവധി ആനകളെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഒറ്റയാനപ്പുറത്ത് മാത്രമേ തിടമ്പ് എഴുന്നള്ളിക്കൂ. അതനുസരിച്ചേ വാദ്യഘോഷവും ഉണ്ടാകൂ. പകല്‍പ്പൂരം ചടങ്ങ് മാത്രമായിട്ടേ നടക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |