തൃശൂർ: കൊവിഡിനെ തുടർന്ന് ചടങ്ങുകൾ മാത്രമാക്കി നടത്തുന്ന തൃശൂർ പൂരം നാളെ നടക്കും. ഇതിന്റെ ഭാഗമായി നാളെ പുലർച്ചെ മുതൽ ശനിയാഴ്ച ഉച്ചയ്‌ക്കു രണ്ട് വരെ നഗരം പൂർണമായും അടച്ചിടും. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാവഴികളിലും ഗതാഗതം നിരോധിക്കും. പൊലീസിന്റെ പാസുള്ളവർക്ക് മാത്രമാണ് പ്രവേശനം. അടിയന്തര ചികിത്സ തേടി പോകുന്നവരെ കടത്തിവിടും.
എട്ടു ഘടകക്ഷേത്രങ്ങൾക്കുമായി പരമാവധി 50 പേരെ വീതം പങ്കെടുപ്പിക്കാം. തിരുവമ്പാടിയും പാറമേക്കാവും പങ്കെടുപ്പിക്കുന്നവരുടെ എണ്ണം കുറച്ചിട്ടുണ്ട്. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ പല മേളക്കാരും ആനക്കാരും പിന്മാറി. സംഘാടകരുടെ കൊവിഡ് പരിശോധനാ ഫലവും നിർണായകമാകും.
കടകൾ തുറക്കാൻ കഴിയില്ല. പൂരത്തിന്റെ സംഘാടകർ, മാദ്ധ്യമ പ്രവർത്തകർ, ആനക്കാർ, മേളക്കാർ എന്നീ വിഭാഗങ്ങൾക്കുള്ള പാസുകൾ പൊലീസ് ഉടൻ വിതരണം ചെയ്യും. രണ്ടായിരം പൊലീസുകാർ നഗരത്തിന്റെ പലഭാഗങ്ങളിലായി നിലയുറപ്പിക്കും. 350 ലേറെ ബാരിക്കേഡുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് എത്തിച്ചിട്ടുണ്ട്.
15 ആനകളുമായി എഴുന്നള്ളിപ്പ് നടത്താനാണ് പാറമേക്കാവിന്റെ തീരുമാനം. മേളവാദ്യക്കാരുടെ എണ്ണം സംബന്ധിച്ച് തീരുമാനമായിട്ടില്ല. തിരുവമ്പാടിക്ക് ഒരാന മാത്രമേ ഉണ്ടാകൂ. പൂരപ്പിറ്റേന്ന് പുലർച്ചെ വെടിക്കെട്ട് നടക്കും. എന്നാൽ രാത്രികാല കർഫ്യൂ ഉളളതിനാൽ നഗരത്തിന്റെ പരിസരപ്രദേശങ്ങളിലേക്കുപോലും ജനങ്ങളെ പ്രവേശിപ്പിക്കില്ല. റോഡുകളിലോ കെട്ടിടങ്ങളുടെ മുകളിൽ നിന്നോ വെടിക്കെട്ട് കാണാൻ അനുവദിക്കില്ല. സാമഗ്രികൾ ആഴ്ചകൾക്കു മുമ്പ് തയ്യാറാക്കിയതിനാലാണ് വെടിക്കെട്ട് നടത്തുന്നത്.
ഇലഞ്ഞിത്തറമേളത്തിന് മുൻവർഷങ്ങളിലേതുപോലെ ഇരുന്നൂറിലേറെ കലാകാരൻമാരുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കലാകാരൻമാരുടെ എണ്ണം പകുതിയോളമായേക്കും. കുടമാറ്റത്തിന് മൂന്നിലൊന്ന് സെറ്റ് കുടകൾ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ ഉയർത്തും. തിരുവമ്പാടിക്ക് കുടമാറ്റമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |