ന്യൂഡൽഹി: ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ വാഹന നിർമാതാക്കൾ എന്ന പദവി സ്വന്തമാക്കി കിയ മോട്ടോഴ്സ്. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിനെ മറികടന്നാണ് ദക്ഷിണ കൊറിയൻ കമ്പനിയായ കിയ ഈ നേട്ടം സ്വന്തമാക്കിയതെന്ന് റഷ്‌ലാൻ ഡെയ്‌ലി ഓട്ടോ ന്യൂസും ഗാഡിവാഡി ഡോട്ട് കോമും റിപ്പോർട്ട് ചെയ്തു. 2020-21 സാമ്പത്തിക വർഷത്തിൽ കിയ നാൽപതിനായിരത്തിലേറെ യൂട്ടിലിറ്റി വാഹനങ്ങൾ കയറ്റുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ.
കിയ കഴിഞ്ഞ വർഷം 40,440 യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ ഫോർഡ് ഇന്ത്യ 39,897 യൂണിറ്റ് മാത്രമാണ് കയറ്റുമതി ചെയ്തത്. ഇതിനു മുമ്പത്തെ സാമ്പത്തിക വർഷത്തിലെ 21,461 യൂണിറ്റുകളെ അപേക്ഷിച്ച് 88.43 ശതമാനം വളർച്ചയാണ് കിയ രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ ഹ്യുണ്ടായി 29,711 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. ഫോർഡ്, ഹ്യുണ്ടായി എന്നിവ യഥാക്രമം 54.88 ശതമാനവും 37.58 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട് മൂന്ന് പാസഞ്ചർ വാഹനങ്ങളിൽ ഒന്നാണ് കിയയുടെ സെൽറ്റോസ്. ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക, ദക്ഷിണേഷ്യൻ വിപണികളിലെ 40 രാജ്യങ്ങളിലേക്കാണ് വാഹനം കയറ്റുമതി ചെയ്യുന്നത്. ആഭ്യന്തര വിപണിയിൽ, 2021 മാർച്ചിൽ 19,100 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8583 യൂണിറ്റായിരുന്നു. ഇതുവഴി 122.5 ശതമാനം വളർച്ചയാണ് കിയ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മാരുതി, മഹീന്ദ്ര എന്നീ കമ്പനികളാണ് യൂട്ടിലിറ്റി വാഹന കയറ്റുമതിയിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ. 2020-21 സാമ്പത്തിക വർഷത്തിൽ മാരുതി 9595ഉം മഹീന്ദ്ര 5928 വാഹനങ്ങളുമാണ് കയറ്റുമതി ചെയ്തത്. ഇതിനു മുമ്പത്തെ സാമ്പത്തിക വർഷത്തിലെ 6136 യൂണിറ്റുകളെ അപേക്ഷിച്ച് 56.37 ശതമാനം വളർച്ചയാണ് മാരുതി കൈവരിച്ചത്. അതേസമയം മഹീന്ദ്രയുടെ വളർച്ചയിൽ 37.58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 10,348 വാഹനങ്ങളാണ് 2019-20 സാമ്പത്തിക വർഷം മഹീന്ദ്ര കയറ്റുമതി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |