ന്യൂഡൽഹി: ഫ്രാൻസിൽ നിന്നുള്ള അഞ്ചാം ബാച്ചിലെ നാല് റാഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകാൻ ഇന്ത്യയിലെത്തി. അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രന് പുറമെ പശ്ചിമ ബംഗാളിലെ ഹസിമാരിയയിൽ സജ്ജമാക്കുന്ന രണ്ടാമത്തെ റാഫേൽ സ്ക്വാഡ്രനിലേക്കുള്ളതാണിവ. 18 വിമാനങ്ങൾ ചേർന്നതാണ് ഒരു സ്ക്വാഡ്രൻ.
ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ മെറിനാക് ബോർഡോ വ്യോമത്താവളത്തിൽ ഫ്ളാഗ് ഓഫ് ചെയ്‌ത വിമാനങ്ങൾ 8000 കിലോമീറ്റർ താണ്ടിയാണ് ഇന്ത്യയിൽ വന്നിറങ്ങിയത്. യാത്രയ്‌ക്കിടെ യു.എ.ഇ വ്യോമസേനയുടെ സഹായത്തോടെ ആകാശത്ത് വച്ച് ഇന്ധനം നിറച്ചിരുന്നു. 2016ലെ കരാർ പ്രകാരം 58,000 കോടി രൂപയ്ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങുന്നത്. ആദ്യ ബാച്ച് വിമാനങ്ങൾ കഴിഞ്ഞ ജൂലായിൽ ഇന്ത്യയിലെത്തി. ഫ്രാൻസിലെ ഔദ്യോഗിക സന്ദർശനത്തിനിടെ വ്യോമസേനാ മേധാവി റാഫേൽ പരിശീലന കേന്ദ്രങ്ങളും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |