കൊച്ചി: ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളുടെ വില്പനയിൽ വീണ്ടും മികച്ച വളർച്ച. 2019-20ൽ ആകെ 3,000 ഇ-കാറുകളാണ് പുതുതായി നിരത്തിലെത്തിയതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) അത് 4,588 എണ്ണമായി വർദ്ധിച്ചുവെന്ന് സൊസൈറ്റി ഒഫ് മാനുഫാക്‌ചറേഴ്‌സ് ഒഫ് ഇലക്‌ട്രിക് വെഹിക്കിൾസ് (എസ്.എം.ഇ.വി) വ്യക്തമാക്കി. 35 ശതമാനമാണ് വർദ്ധന.
2018-19ൽ ഇ-കാറുകളുടെ വില്പന വളർച്ച 200 ശതമാനം കുതിച്ചിരുന്നു. എന്നാൽ, 2019-20ൽ വില്പന 3,600 എണ്ണത്തിൽ നിന്ന് 3,400ലേക്ക് കുറയുകയായിരുന്നു. ഈ തിരിച്ചടിയിൽ നിന്നാണ് കൊവിഡ് പ്രതിസന്ധിയിലും തളരാതെ കഴിഞ്ഞവർഷം ഇ-കാറുകളുടെ മുന്നേറ്റം. അതേസമയം, മൊത്തം ഇ-വാഹന വില്പന ഇപ്പോഴും തളർച്ചയുടെ ട്രാക്കിലാണ്. 2.37 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങളാണ് കഴിഞ്ഞവർഷം ആകെ വിറ്റുപോയത്; 2019-20നേക്കാൾ 25 ശതമാനം കുറവാണിത്. ഇന്ത്യയിലെ മൊത്തം വാഹന വില്പനയിൽ ഇപ്പോഴും ഇ-വാഹനങ്ങളുടെ പങ്ക് 1.2 ശതമാനം മാത്രമാണ്.
ഇ-വാഹനങ്ങളുടെ
വെല്ലുവിളികൾ
എസ്.ബി.ഐ., ആക്‌സിസ് ബാങ്ക് എന്നിങ്ങനെ ചുരുക്കം ബാങ്കുകളൊഴികെ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ ഇ-വാഹനങ്ങൾക്ക് വായ്‌പ നൽകാൻ മടിക്കുന്നു
കേരളം, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, തമിഴ്നാട് എന്നിങ്ങനെ ഏതാനും സംസ്ഥാനങ്ങൾ മാത്രമാണ് ഇപ്പോഴും ഇ-വാഹന നയം രൂപീകരിച്ചിട്ടുള്ളത്.
രാജ്യത്താകെ ഇപ്പോഴും 1,300ഓളം ചാർജിംഗ് സ്‌റ്റേഷനുകളേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |