സൂറത്ത്: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവർക്ക് വ്യാജ റെംഡെസിവർ വയൽ നൽകിയയാൾ പിടിയിലായി. ഗൂജറാത്തിൽ സൂറത്തിലെ അദാജാൻ മേഖലയിലെ താമസക്കാരായ ദിവ്യേഷ് പട്ടേലാണ് പിടിയിലായത്. യോഗി ചൗക്കിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുളളയാളുടെ ബന്ധുവിന് ആശുപത്രിയിൽ നിന്നും റെംഡിസിവർ ലഭ്യമായിരുന്നില്ല. മരുന്ന് എത്തിക്കാമെന്നേറ്റ ദിവ്യേഷ് ചികിത്സയിൽ കഴിയുന്നയാളുടെ ബന്ധുവിന് എത്തിച്ചത് വ്യാജ റെംഡെസിവർ ആയിരുന്നു.
മന്ത്രാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾക്ക് ഇഞ്ചക്ഷനായി ബന്ധുവായ ജിഗ്‌നേഷിന് റെംഡെസിവർ വയൽ ഒന്നിന് 7000 രൂപയ്‌ക്കാണ് ആറ് റെംഡെസിവർ വയൽ ദിവ്യേഷ് പട്ടേൽ വിറ്റത്. എന്നാൽ ഇത് ആശുപത്രിയിലെ ഡോക്‌ടർമാർ പരിശോധിച്ചപ്പോൾ അമ്പരന്നു. വയലിൽ നിറച്ചിരുന്നത് മരുന്നൊന്നുമല്ല വെറും വെളളമാണെന്ന് തെളിഞ്ഞു. തുടർന്ന് സർധാന പൊലീസ് സ്റ്റേഷനിൽ ജിഗ്‌നേഷ് പരാതി നൽകി. പിന്നീട് പൊലീസ് നിർദ്ദേശമനുസരിച്ച് ജിഗ്‌നേഷ് കൂടുതൽ റെംഡെസിവറിനായി ദിവ്യേഷ് പട്ടേലിനെ വിളിച്ചുവരുത്തി. ഈ സമയം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളുടെ കൈവശമുണ്ടായിരുന്ന മരുന്ന് ബോക്‌സിൽ നിന്ന് കുറേ സിറിഞ്ചും റെംഡെസിവർ കുപ്പികളിൽ വെളളം നിറച്ച നിലയിലും പൊലീസ് കണ്ടെത്തി. രോഗി ചികിത്സയിലായിരുന്ന ആശുപത്രിയിലെ ജീവനക്കാരുടെ സഹായത്തോടെയാണ് ദിവ്യേഷ് തട്ടിപ്പ് നടത്തിയിരുന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |