കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എം.എൽ.എ ഇന്നലെ വിജിലൻസിനു മുമ്പാകെ ഹാജരായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടി മണ്ഡലം കമ്മിറ്റികൾ പിരിച്ച സംഭാവനയുടെ രസീതുകളും മറ്റു രേഖകളും കൈമാറി.
ഇന്നലെ രാവിലെ പത്ത് കഴിഞ്ഞതോടെ കോഴിക്കോട് വിജിലൻസ് ഓഫീസിൽ ഹാജരായ ഷാജിയെ മൂന്നു മണിക്കൂറോളം വീണ്ടും ചോദ്യം ചെയ്തു. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്ത 47. 35 ലക്ഷം രൂപ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച് കൈമാറിയതാണെന്നായിരുന്നു നേരത്തേ ഷാജിയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഒരാഴ്ച അദ്ദേഹം സമയം തേടിയതായിരുന്നു.
കഴിഞ്ഞ പത്തിനാണ് ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട് വെള്ളിമാടുകുന്നിലെയും വസതികളിൽ ഒരേ സമയം റെയ്ഡ് നടന്നത്. കണ്ണൂരിലെ വീട്ടിൽ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു 47.35 ലക്ഷം രൂപ.
മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി പണം സമാഹരിക്കാൻ കൈക്കൊണ്ട തീരുമാനത്തിന്റെ മിനിട്ട്സ് ഷാജി നേരത്തേ ഹാജരാക്കിയിരുന്നു. 154 ബൂത്ത് കമ്മിറ്റികളാണ് പണം പിരിച്ചത്. അതിന്റെ രസീത് ബുക്കുകളും കൗണ്ടർഫോയിലും ഹാജരാക്കിയതിലുൾപ്പെടും.കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ കെ.എം. ഷാജി വരവിനെ അപേക്ഷിച്ച് 166 ശതമാനം അധിക സമ്പാദ്യമുണ്ടാക്കിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |