കൊച്ചി: മകൾ വൈഗയെ ബോധം കെടുത്തി പുഴയിൽ തള്ളി കൊലപ്പെടുത്താൻ പിതാവ് സാനു മോഹൻ ഉപയോഗിച്ച കാറിൽ നിന്ന് നിർണായക തെളിവുകൾ നഷ്ടമായി. കോയമ്പത്തൂരിൽ വിറ്റഴിച്ച കാർ കഴുകിയതിനാൽ ഫോറൻസിക് പരിശോധനയിൽ തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന.
കോയമ്പത്തൂരിൽ സാനു വിറ്റ ഫോക്സ് വാഗൺ അമിയോ കാർ തൃക്കാക്കരയിലെത്തിച്ചാണ് പരിശോധിച്ചത്. ഒളിവുകാലത്ത് വിറ്റഴിച്ച കാറിന്റെ ഉൾവശം ഷാമ്പൂ ഉപയോഗിച്ച് കഴുകിയിരുന്നു. വൈഗയെ ബോധം കെടുത്തി കാറിന്റെ പിൻസീറ്റിൽ കിടത്തിയാണ് മുട്ടാർ പുഴയിൽ തള്ളാൻ കൊണ്ടുപോയത്. കാറിൽ നിന്ന് കുട്ടിയുടെ രക്തമോ മുടിയിഴകളോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്.
പൂനെയിൽ രണ്ടു കേസുകൾ
പൂനെയിലെ സ്റ്റീൽ കമ്പനിക്കാണ് സാനുമോഹൻ മൂന്ന് കോടി കൊടുക്കാനുള്ളതെന്ന് പൊലീസ് കണ്ടെത്തി. മെറ്റൽ, ലെയ്‌ത്ത് ബിസിനസ് നടത്തിയിരുന്ന സാനു സ്റ്റീൽ വാങ്ങിയ വകയിലാണിത്. ചെക്ക് കൊടുത്തെങ്കിലും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി. തുടർന്നാണ് കമ്പനി കേസ് കൊടുത്തത്.
സാനുവും കുടുംബവും പൂനെ വിടുന്നതിനു മുൻപ് 15 ലക്ഷം രൂപയുടെ ചിട്ടിയും വിളിച്ചെടുത്തിരുന്നു. ചിട്ടി നടത്തിപ്പുകാരും കേസ് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ മേയിലാണ് സാനു ഭാര്യ രമ്യയുടെ പേരിലുളള കങ്ങരപ്പടി ഹാർമണി ഫ്‌ളാറ്റ് പണയം വച്ചത്. രമ്യയുടെ സ്വർണം പണയം വച്ചെടുത്ത ലക്ഷങ്ങൾ എന്തു ചെയ്തെന്ന് സാനു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സാനുവുമായി അന്വേഷണ സംഘം ഇന്നലെ സേലത്തും ബംഗളൂരുവിലും തെളിവെടുത്തു. ഇന്ന് ഗോവയിലെത്തിച്ച് സാനു ചൂതാട്ടത്തിൽ പങ്കെടുത്ത കാസിനോ, രണ്ടുദിവസം താമസിച്ച ഹോട്ടൽ എന്നിവിടങ്ങളിൽ തെളിവെടുക്കും. അന്വേഷണസംഘം ഞായറാഴ്ച തിരിച്ചെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |