കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അനാവശ്യമായി സർവീസ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് അഞ്ച് പേരിൽ കൂടുതൽ പാടില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ തുറക്കാം.
സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ആയിരുന്നു. 3767 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ 28 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. ഇതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
എറണാകുളം ജില്ലയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ജില്ലയിൽ 1,146 കൊവിഡ് കിടക്കകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്നത്തെ വിതരണത്തിന് ആവശ്യമായ വാക്‌സിൻ സ്‌റ്റോക്കില്ലെന്ന് അധികൃതർ പറഞ്ഞു. നാല് ദിവസത്തിനിടെ 19,436 പേരാണ് രോഗബാധിതരായത്. ജില്ലയിൽ വാരാന്ത്യ നിയന്ത്രണം ഇന്നും കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കെ എസ് ആർ ടി സി അറുപത് ശതമാനം സർവീസുകൾ നടത്തും. കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ചും, വാക്‌സിൻ ക്ഷാമത്തെക്കുറിച്ചും ചർച്ച ചെയ്യാൻ നാളെ സർവകക്ഷി യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |