വനമേഖലയോടു ചേർന്നുള്ള ഗ്രാമങ്ങളിലെ വന്യമൃഗ ശല്യത്തെക്കുറിച്ചും വന്യമൃഗ ആക്രമണത്തെക്കുറിച്ചും മിക്ക ദിവസങ്ങളിലും വാർത്തകൾ കാണാറുണ്ട്. വന്യമൃഗാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന വാർത്തകളും വിരളമല്ല.
വന്യമൃഗശല്യം പരിഹരിക്കാൻ സൗരവേലികൾ എന്ന ആശയം ഒരു റിപ്പോർട്ടിൽ കണ്ടിരുന്നു. എന്നാലിത് അത്ര പ്രായോഗികമാണെന്ന് തോന്നുന്നില്ല. നമുക്ക് വേണ്ടത് ശാശ്വത പരിഹാരവും ബദൽ മാർഗങ്ങളുമാണ്.
ഒരാൾ കുറ്റവാളിയാകാനിടയായ സാഹചര്യങ്ങളും കണക്കിലെടുത്ത് അതിന് പരിഹാരം കാണണമെന്ന് കോടതികളും നിരീക്ഷിച്ചിട്ടുണ്ട്. ഇവിടെയും അതേ രീതിയിലുള്ള വിശകലനമാണ് ആവശ്യം. വനത്തിൽ വസിക്കുന്ന മൃഗങ്ങൾ എന്തിനു ഗ്രാമപ്രദേശങ്ങളിൽ എത്തുന്നു എന്നതിന്റെ കാരണമാണ് ആദ്യം അന്വേഷിക്കേണ്ടത്. ഉത്തരം വളരെ ലളിതം. വനത്തിൽ അവയ്ക്കാവശ്യമുള്ള ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. വിശപ്പും ദാഹവും സഹിക്കാൻ ഒരു ജീവിക്കും ആവില്ലല്ലോ. മനുഷ്യന്റെ കടന്നു കയറ്റം വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് വരുത്തിയ ക്ഷതങ്ങൾ അതീവ ഗൗരവം അർഹിക്കുന്നു. ഭൂരിഭാഗം വനപ്രദേശങ്ങളിലും മൃഗങ്ങൾക്കാവശ്യമായ ഭക്ഷണം ലഭ്യമല്ല. സ്വാഭാവിക വനവിസ്തൃതി ഏറെ ചുരുങ്ങിയിരിക്കുന്നു. വനങ്ങളൊക്കെയും യൂക്കാലിക്കാടുകളും തേക്കിൻ കാടുകളുമായി മാറിയിരിക്കുന്നു. റബർ തോട്ടങ്ങളും തേയിലക്കാടുകളും വനഭൂമിയിൽ തന്നെയാണുള്ളത്. പിന്നെ പാവം മൃഗങ്ങളെന്തു ചെയ്യും? അവരുടെ അന്നം മുടക്കിയ മനുഷ്യരുടെ പറമ്പുകളിലെത്തി അല്പം ഭക്ഷണം മോഷ്ടിച്ചാൽ അവയെ ജയിലിലടയ്ക്കണമോ?
നിലനില്പിനായി ഭക്ഷണം തേടി നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ വ്യാപകമായ കൃഷിനാശം സൃഷ്ടിക്കുകയും മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യുന്നു എന്നത് അവഗണിക്കാനാവാത്ത യാഥാർത്ഥ്യമാണ്. വന്യമൃഗങ്ങളെ തടയാൻ സൗരവേലികളും കിടങ്ങുകളും കോൺക്രീറ്റു മതിലുകളും തീർക്കാൻ കോടിക്കണക്കിന് രൂപ നാം ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ശാശ്വത പരിഹാരമാണെന്ന് കരുതരുത്. അവയുടെ വിശപ്പ് മാറ്റാനുള്ള മാർഗം മനുഷ്യൻ തന്നെ നല്കുകയാണ് വന്യമൃഗങ്ങളുടെ കടന്നു കയറ്റം തടയാനുള്ള ശാശ്വത പരിഹാരം .
വന്യമൃഗാക്രമണത്തിനു നഷ്ടപരിഹാരമായി ചെലവഴിക്കുന്ന പണം വേണ്ടല്ലോ മൃഗങ്ങൾക്കു ഭക്ഷണം നൽകാൻ. സന്നദ്ധ സംഘടനകൾ നമ്മുടെ നാട്ടിലുണ്ടല്ലോ. അവർക്കു കൂടി ഇതിൽ പങ്കാളികളാകാം. അല്ലെങ്കിൽ വന്യമൃഗങ്ങൾക്കു ഭക്ഷണമെത്തിക്കാനായി സന്നദ്ധ സംഘടനകൾ രൂപീകരിക്കുക. അവയുടെ ചുമതലയിൽ വന്യമൃഗങ്ങൾക്കാവശ്യമായ ഭക്ഷണം സർക്കാരിന് വലിയ ചെലവില്ലാതെ നൽകാനാവും, എങ്ങനെയെന്നല്ലേ? വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഓഫീസുകളിലും ഓരോ പെട്ടികൾ വച്ച് മൃഗങ്ങൾക്കാവശ്യമായ കിഴങ്ങുകൾ, പഴവർഗങ്ങൾ എന്നിവ ശേഖരിക്കാം. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമായി എത്രയോ ലക്ഷം പേർ കേരളത്തിലുണ്ട്. ഇവരിൽ ഒരോരുത്തർക്കും ആഴ്ചയിൽ ഒരു ദിവസം പച്ചക്കറികളോ പഴവർഗങ്ങളോ മൃഗങ്ങൾക്കുള്ള ഭക്ഷ്യശേഖരത്തിലേക്ക് സംഭാവന നല്കാം. അങ്ങനെ ആയാൽ പോലും കേരളത്തിലെ വന്യമൃഗങ്ങൾക്ക് എന്നും 'സദ്യ"യായിരിക്കും. കൂടാതെ വിവാഹച്ചടങ്ങുകളുടെയും സമൂഹസദ്യകളുടെയും അന്നദാനങ്ങളുടെയും ചെലവ് ചുരുക്കിയും വന്യമൃഗങ്ങൾക്കാവശ്യമായ ഭക്ഷണം കണ്ടെത്താം. ഇത്തരത്തിൽ സംഭരിക്കുന്ന സാധനങ്ങൾ വാഹനങ്ങളിൽ കയറ്റി വനപ്രദേശങ്ങളിലെത്തിച്ച് മൃഗങ്ങൾക്കു നൽകാനാവും. ദുർഘടമായ വഴികളിൽ സഞ്ചരിക്കാനാവശ്യമായ വാഹനങ്ങൾ സായുധ സേനകളിൽ നിന്നും ലഭ്യമാക്കാനും സാധിക്കും.
വേനൽക്കാലത്തെ കാട്ടുതീ തടയുന്നതിനും മൃഗങ്ങൾക്കു വെള്ളം ലഭിക്കുന്നതിനുമായി വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗപ്പെടുത്തി വനപ്രദേശങ്ങൾ നനയ്ക്കുകയുമാവാം.ചെറിയ കേരളത്തിൽ ഈ പദ്ധതി ആരംഭിച്ചാൽ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും ഈ പാത പിന്തുടരുമെന്ന് ഉറപ്പാണ്. എന്തിനേറെ, ലോകത്തിനു തന്നെ മാതൃകയാവാനും നമുക്ക് സാധിക്കും. വന്യമൃഗങ്ങളെ അപായപ്പെടുത്തി കൃഷിയിടം സംരക്ഷിക്കാൻ നോക്കുന്ന നാം അവ എന്തുകൊണ്ട് കടന്നു കയറ്റക്കാരാകുന്നു എന്ന് കൂടി ചിന്തിക്കണം. അവരുടെ വാസസ്ഥലങ്ങളിലേക്ക് കടന്നു കയറിയ നമ്മൾ അവയുടെ വിശപ്പടക്കാനുള്ള മാർഗങ്ങൾ ഉറപ്പാക്കേണ്ടതാണ്.
( ലേഖകന്റെ ഫോൺ: 9961250574, 0471 - 24377282)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |