തിരുവനന്തപുരം: സ്വകാര്യവത്കരണ നീക്കം നടക്കുന്ന രാജ്യത്തെ ആറിൽ അഞ്ചുവിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പാണ് ഇടപെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ളനീക്കത്തിനെതിരെയാണ് പിണറായി വിജയന്റെ വിമർശനം. മോദിയും അദാനിയും തമ്മിൽ നല്ല പരിചയമാണെന്നും അതുകൊണ്ടാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിയെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനി വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നും പിണറായി പറഞ്ഞു. മോദിയും അദാനിയും തമ്മിൽ പരിചയമുണ്ടെങ്കിലും വിമാനത്താവള നടത്തിപ്പിൽ അദാനി ഗ്രൂപ്പിന് പരിചയമില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. നാടകം കളിച്ചാണ് കേന്ദ്രസർക്കാർ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിയെ ഏൽപിച്ചത്. സംസ്ഥാന സർക്കാരാണ് വിമാനത്താവളത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ ശത്രുപക്ഷത്ത് നിർത്തി എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാൽ അതിന് വഴങ്ങുന്ന സർക്കാരല്ല കേരളത്തിലേത്. വിമാനം പറക്കുന്നത് ആകാശത്തിലൂടെയാണ്. എന്നാൽ അതിന് സൗകര്യമൊരുക്കേണ്ടത് ഭൂമിയിലാണ്. അത് സംസ്ഥാന സർക്കാർ ചെയ്തുകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച ബിഡിൽ ഒന്നാം സ്ഥാനത്താണ് അദാനി ഗ്രൂപ്പ് ഉള്ളത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി രണ്ടും ജി.എം.ആർ മൂന്നും സ്ഥാനത്തുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 28ന് ഉണ്ടാകും. തിരുവനന്തപുരം അടക്കം ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജൻസികൾക്ക് കൈമാറാനാണ് എയർപോർട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. കേന്ദ്രസർക്കാറിന്റെ ഈ നയത്തിനെതിരെ എയർപോർട്ട് അതോറിട്ടി എംപ്ലോയിസ് യൂണിയൻ രംഗത്ത് വന്നിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |