SignIn
Kerala Kaumudi Online
Thursday, 21 May 2026 9.13 PM IST

ഓസ്കാറിൽ ഏഷ്യയുടെ തിളക്കം

oscars

ഏഷ്യയുടെ തിളക്കം ലോകം മുഴുവൻ പ്രസരിപ്പിക്കുന്നതായി ഇത്തവണത്തെ ഓസ്‌കാർ പുരസ്കാരം. ചൈനീസ് വംശജയായ ക്ളോയ്‌ ഷാവോ ഓസ്കാറിൽ മികച്ച സംവിധായികയ്ക്കുള്ള അവാർഡ് നേടുന്ന ആദ്യ ഏഷ്യൻ വംശജയായി. സാമ്പത്തിക മാന്ദ്യത്തിൽ വീടും പണവും നഷ്ടപ്പെട്ട് അമേരിക്കയിലൂടെ സഞ്ചരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു അറുപതുകാരിയുടെ കഥ പറഞ്ഞ നൊമാഡ് ലാൻഡ് എന്ന ചിത്രത്തിലൂടെയാണ് അവർ ഈ നേട്ടം കൊയ്തത്. ഈ ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാൻസസ് മക്‌‌ഡൊമാൻ മികച്ച നടിയായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ കുറവായിരുന്ന 93-ാമത് ഓസ്കാർ വേദിയിൽ, മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് ഈ ചിത്രം നേടിയത്. പാർശ്വവത്‌കരിക്കപ്പെട്ടവരുടെ വിഷാദം കവിത പോലെ ആസ്വദിക്കാവുന്ന രീതിയിൽ പ്രതിപാദിച്ചാണ് ക്ളോയ് ഷാവോ ചിത്രത്തെ മുന്നിലെത്തിച്ചത്. ഗോൾഡൻ ഗ്ളോബിലും വെനീസ് രാജ്യാന്തര ഫെസ്റ്റിവലിലും മികച്ച സംവിധായികയായി അവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച സംവിധാനത്തിനുള്ള ഓസ്കാർ രണ്ട് തവണ മാത്രമേ വനിതകളുടെ കൈയിൽ എത്തിയിട്ടുള്ളൂ. കാതറിൻ ബിഗ് ലോവിനു (2008) ശേഷം ഷാവോയ്ക്കാണ് അത് ലഭിക്കുന്നത്.

അഭിനയ ലോകത്ത് അറുപത് വർഷം പിന്നിട്ട എൺപത്തിമൂന്നുകാരനായ അതുല്യ പ്രതിഭ ആന്റണി ഹോപ്‌കിൻസിനെ 20 വർഷത്തിനുശേഷം വീണ്ടും മികച്ച നടനായി തിരഞ്ഞെടുത്തതാണ് ഇത്തവണത്തെ ഓസ്കാർ അവാർഡ് വേദിക്ക് പൊൻതിളക്കം നൽകുന്ന മറ്റൊരു വസ്തുത. ഫാദർ എന്ന സിനിമയിൽ മറവിരോഗം ബാധിച്ച കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഇതിഹാസതാരം വീണ്ടും മികച്ച നടനായത്.

ദി സൈലൻസ് ഒഫ് ദി ലാംബ്സ് എന്ന ചിത്രത്തിൽ മനുഷ്യമാംസം തിന്നുന്ന മനോരോഗിയെ അവതരിപ്പിച്ച ആന്റണി ഹോപ്‌കിൻസിനെ ആ ചിത്രം കണ്ടിട്ടുള്ളവർക്ക് ഒരിക്കലും മറക്കാനാവില്ല. പ്രേക്ഷകന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന അഭിനയ ശൈലിയാണ് ആ ചിത്രത്തിൽ ഹോപ്‌കിൻസ് കാഴ്ചവച്ചത്. അഭിനയത്തിന്റെ ഒരു പാഠപുസ്തകമായി മാറിയ കഥാപാത്രം. ഹോപ്‌കിൻസിന്റെ അച്ഛൻ ഒരു തൊഴിലാളിയായിരുന്നു. എപ്പോഴെങ്കിലും താനൊരു വലിയ ആളാണെന്ന തോന്നലുണ്ടായാൽ ജോലി ചെയ്ത് തഴമ്പിച്ച തന്റെ അച്ഛന്റെ കരങ്ങളെക്കുറിച്ച് ഓർക്കുകയും ആ ചിന്ത യാഥാർത്ഥ്യബോധത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരികയും ചെയ്യുമെന്ന് ജന്മനാ പ്രതിഭയായ ഹോപ്‌കിൻസ് പറഞ്ഞിട്ടുണ്ട്. 1991-ൽ സൈലൻസ് ഒഫ് ദി ലാംബ്‌സിലെ അഭിനയത്തിനാണ് ഹോപ്‌കിൻസിന് ആദ്യം ഓസ്കാർ ലഭിക്കുന്നത്.

മാ റെയ്‌നീസ് ബ്ളാക്ക്‌ ബോട്ടം എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനും മിയ നീലും ജമിക വിൽസണും നേടിയ പുരസ്കാരങ്ങളും ശ്രദ്ധേയമായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കറുത്തവർഗക്കാരായ കലാകാരികൾ എന്ന നിലയിലാണത്. കഥാപാത്രമായി മാറാൻ ഏതറ്റം വരെയുമുള്ള പരിശീലനത്തിന് തയ്യാറാകുന്ന ബ്രിട്ടീഷ് നടൻ ഡാനിയൻ കലൂയ മികച്ച സഹനടനും ദക്ഷിണ കൊറിയയുടെ യൂൻ യൂ ജാങ് മികച്ച സഹനടിയുമായി. ഇത് രണ്ടും അർഹതയ്ക്കുള്ള അംഗീകാരമായാണ് പ്രേക്ഷക ലോകം വിലയിരുത്തുന്നത്.

റസൂൽ പൂക്കുട്ടിയിലൂടെ കേരളത്തിലേക്കും വന്ന ഓസ്കാർ മറ്റൊരു മലയാളിക്ക് ഒരു മലയാള ചിത്രത്തിലൂടെ എന്ന് വരുമെന്ന ചോദ്യം അവശേഷിക്കുകയാണ്. വരും വരാതിരിക്കില്ലെന്ന പ്രതീക്ഷ നമുക്ക് പുലർത്താം. ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിലൂടെ ഇന്ത്യയിലേക്ക് ആദ്യമായി ഓസ്കാർ കൊണ്ടുവന്ന ഭാനു അതയ്യയും ബോളിവുഡിലെ കരുത്തുറ്റ നടനായിരുന്ന ഇർഫാൻഖാനും ഇന്ന് നമുക്കൊപ്പമില്ല. ഇവരെ രണ്ട് പേരെയും ഓസ്കാർ വേദിയിൽ അനുസ്മരിച്ചത് ഇന്ത്യയ്ക്ക് അഭിമാനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY