SignIn
Kerala Kaumudi Online
Tuesday, 08 July 2025 10.53 AM IST

വാഴുന്നോരും വീഴുന്നോരും ആരൊക്കെ ?

Increase Font Size Decrease Font Size Print Page

idukki-

പൊള്ളുന്ന ചൂടും സഹിച്ച് ഒരു മാസത്തോളം നീണ്ട പ്രചാരണ കോലാഹലങ്ങളും വോട്ടെടുപ്പ് ദിനത്തിന്റെ സമ്മർദ്ദങ്ങളുമെല്ലാം മറികടന്ന് സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും 23 ദിനരാത്രങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ്. മൂന്ന് മുന്നണികളും നല്ല ആത്മവിശ്വാസത്തിലാണ് ഭരണതുടർച്ചയെന്ന ലക്ഷ്യത്തിൽ നിന്ന് അണുവിട പിന്നോട്ടു പോകാത്ത ഇടതുമുന്നണി ജില്ലയിൽ അഞ്ച് സീറ്റിലും തങ്ങളുടെ സംഘടനാ ശേഷി പരമാവധി ഉപയോഗിച്ചുള്ള പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. എക്സിറ്റ് പോൾ സർവേകളും ഇടതിന് കരുത്തേകുന്നു. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ളവർക്ക് വോട്ട് ചെയ്യാനാകാതെ പോയടതടക്കമുള്ള വിവിധ ഘടകങ്ങൾ തങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്ക് കാരണമായ ശബരിമല പ്രതിപക്ഷം ഉയർത്തിയത് എത്രത്തോളം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് കണ്ടറിയണം. ജോയ്‌സ് ജോർജിന്റെ രാഹുലിനെതിരായ വിവാദ പരാമർശം ചെറിയ രീതിയിലാണെങ്കിലും ദോഷം ചെയ്യുമെന്നാണ് നിഗമനം. ജില്ലയിൽ പ്രതിപക്ഷമുയർത്തിയ പട്ടയഭൂമിയിലെ നിർമാണ നിരോധനമടക്കമുള്ള വിഷയങ്ങൾ കാർഷികമേഖലയിലെ പരമ്പരാഗത വോട്ടിൽ ചോർച്ചയുണ്ടാക്കിയിട്ടുണ്ടോയെന്ന് ഫലം വന്നാലെ പറയാനാകൂവെന്ന് നേതാക്കൾ പറയുന്നു. ജോസ് കെ. മാണി വിഭാഗം വന്നതും ഭരണവിരുദ്ധ വികാരമില്ലാത്തതും നേട്ടമാകുമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. കോൺഗ്രസിനും ഘടകക്ഷികൾക്കും ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ അവസ്ഥയല്ലെന്ന് നേതാക്കൾക്കെല്ലാമറിയാം. എൽ.ഡി.എഫിനെ പോലെ കേഡർ സംവിധാനമല്ലാത്തതിനാൽ വോട്ടുകൾ ഏതൊക്കെ വഴി ചോരുമെന്ന് കൃത്യമായി പറയാനാകാത്ത ആശങ്ക യു.ഡി.എഫിലുണ്ട്. സ്ഥാനാർത്ഥികളായി സംവരണ സീറ്റായ ദേവികുളമൊഴിച്ചുള്ള മറ്റ് നാല് മണ്ഡലങ്ങളിൽ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം പരിഗണിച്ചതിൽ മറ്റ് വിഭാഗങ്ങളിൽ എതിർപ്പുണ്ട്. ഇത് എൻ.ഡി.എയ്‌ക്കോ എൽ.ഡി.എഫിനോ അനുകൂലമാകുമോ എന്ന ആശങ്കയുണ്ട്. ജില്ലയിലെ പ്രബല ഘടകക്ഷിയായിരുന്ന ജോസ് കെ. മാണി വിഭാഗം വിട്ടുപോയത് ഹൈറേഞ്ചിലെ ചില മണ്ഡലങ്ങളിലെങ്കിലും സാരമായി ബാധിക്കും. ശബരിമല വിഷയം പരമാവധി പ്രചാരണത്തിൽ ഉപയോഗിച്ചെങ്കിലും പൂർണ ഗുണം കിട്ടുമോയെന്ന് കണ്ടറിയണം. പട്ടയഭൂമിയിലെ നിർമാണ നിരോധന വിഷയത്തിൽ ഹർത്താലടക്കം നടത്തിയത് കാർഷികമേഖലയിൽ മെച്ചമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഇത്തവണ ശബരിമല വിഷയമടക്കം ഇരു മുന്നണികൾക്കുമെതിരായ ജനവികാരം തങ്ങൾക്ക് അനുകൂലമായി ഉണ്ടാകുമെന്നാണ് എൻ.ഡി.എ കരുതുന്നത്. തൊടുപുഴയിലടക്കം ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന് പറയുന്ന നേതൃത്വം ജയസാധ്യതയും തള്ളിക്കളയുന്നില്ല.

അവകാശവാദങ്ങൾക്ക് അവസാനമില്ല

തോൽക്കുന്നതിന് തൊട്ടുമുമ്പ് വരെയും മൂന്ന് മുന്നണികളുടെയും അവകാശവാദങ്ങൾക്ക് ഒരു കുറവുമില്ല. പുതുമുഖങ്ങളായ ഡി. കുമാറും എ. രാജയും തീപാറും പോരാട്ടം കാഴ്ചവച്ച ദേവികുളം മണ്ഡലത്തിൽ മൂവായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. ഏഴായിരം മുതൽ പതിനായിരം വോട്ടിന് ജയിക്കുമെന്ന് ഇടതുപക്ഷവും പറയുന്നു. സാമുദായിക സമവാക്യങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ഇവിടെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി എസ്. ഗണേശൻ പിടിക്കുന്ന വോട്ടുകൾ നിർണായകമാകും.
വാശിയേറിയ മത്സരം അരങ്ങേറിയ പീരുമേട് മണ്ഡലത്തിൽ എണ്ണായിരം വോട്ടിൽ കുറയാതെ വിജയിക്കുമെന്ന് ഇടതുപക്ഷം കണക്കുക്കൂട്ടുന്നു. പലയിടങ്ങളിലും കോൺഗ്രസ് നിർജീവമായിരുന്നെന്നും ഇവർ വിലയിരുത്തി. 5000 മുതൽ പതിനായിരം വരെ വോട്ടിന് യു.ഡി.എഫ് ഇവിടെ വിജയം പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ളവർക്ക് വോട്ട് ചെയ്യാനെത്താനാകാത്തത് ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് അവർ കരുതുന്നു.

ഇരുപതിനായിരത്തിന് മുകളിലെങ്കിലും ഭൂരിപക്ഷത്തിൽ എം.എം. മണി ഉടുമ്പഞ്ചോല മണ്ഡലത്തിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫിന്റെ നിഗമനം. മന്ത്രിയായ ശേഷം മണ്ഡലത്തിൽ മണി നടത്തിയ വികസനപ്രവർത്തനങ്ങളും ജോസ് കെ. മാണി വിഭാഗം മുന്നണിയിലേക്ക് വന്നതുമാണ് പ്രധാന അനുകൂലഘടകങ്ങൾ. തമിഴ്‌നാട്ടിൽ നിന്നുള്ള വോട്ടർമാർക്കെത്താനാകാത്തതും ക്രിസ്ത്യൻ വോട്ടുകളിലുള്ള ധ്രൂവീകരണത്തിലുമാണ് യു.ഡി.എഫ് പ്രതീക്ഷ. അങ്ങനെ വന്നാൽ അയ്യായിരം മുതൽ ഏഴായിരം വോട്ടിന്റെ വരെ ഭൂരിപക്ഷത്തിൽ ജയിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

കടുത്ത മത്സരം നടന്ന ഇടുക്കി മണ്ഡലത്തിൽ റോഷി അഗസ്റ്റ്യന്റെ വ്യക്തിപ്രഭാവത്തിൽ അയ്യായിരം വോട്ടിനെങ്കിലും ജയിക്കുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. യു.ഡി.എഫിന്റെ കുത്തക സീറ്റിൽ ഫ്രാൻസിസ് ജോർജ് പതിനായിരം വോട്ടിന് വിജയിക്കുമെന്നാണ് അവർ വിലയിരുത്തുന്നത്. ക്രിസ്ത്യൻ സഭയുടെ പിന്തുണയും യു.ഡി.എഫിന് അനുകൂല ഘടകമായിരുന്നു.

യു.ഡി.എഫിന്റെ ഉറച്ച സീറ്റായ തൊടുപുഴ മണ്ഡലത്തിൽ എങ്ങനെ വന്നാലും പി.ജെ. ജോസഫ് 15000- 20,000 വരെ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് അവരുടെ നിഗമനം. യു.ഡി.എഫിനുള്ളിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നതിനാൽ പലയിടങ്ങളിലും ഘടകക്ഷികൾ നിർജീവമായിരുന്നെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. മറ്റ് അനുകൂലഘടകങ്ങൾ കൂടി ചേർന്നാൽ അയ്യായിരം വോട്ടിനെങ്കിലും ജയിക്കാനാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

ഇവർക്ക് നിർണായകം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയ യു.ഡി.എഫിന് രണ്ട് സീറ്റിൽ കൂടുതൽ പരാജയപ്പെടുന്നത് ചിന്തിക്കാനാകില്ല. ഭരണതുടർച്ചയുണ്ടായാൽ കോൺഗ്രസിൽ പലരുടെയും തലയുരുളും. പലരും പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തുമെന്ന് തീർച്ച. ഈ തിരഞ്ഞെടുപ്പ് ഏറ്റവും നിർണായകം കേരളകോൺഗ്രസുകൾക്കാണ്. ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം ചേർന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായതിനാൽ അവർക്ക് തങ്ങളുടെ ശക്തി ബോദ്ധ്യപ്പെടുത്തിയേ തീരൂ. തങ്ങൾ തന്നെയാണ് യഥാർത്ഥ കേരളകോൺഗ്രസെന്ന് തെളിയിക്കാൻ പി.ജെ. ജോസഫിനും വലിയ വിജയം ആവശ്യമാണ്. ജില്ലയിൽ ഇരുവിഭാഗവും രണ്ട് സീറ്റുകളിലാണ് പരസ്പരം ഏറ്റുമുട്ടുന്നത്- തൊടുപുഴയും ഇടുക്കിയും. തൊടുപുഴയിൽ പി.ജെ. ജോസഫിനാണ് മുൻതൂക്കമെങ്കിൽ ഇടുക്കിയിൽ കടുത്ത മത്സരമായിരുന്നു. ജില്ലയിൽ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായാൽ ഭൂവിഷയങ്ങളിലടക്കമെടുത്ത തെറ്രായ നിലപാടാണെന്ന ആരോപണം ശരിവയ്ക്കുന്നതാകും ആ പരാജയം.

TAGS: IDUKKI DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.