കാസർകോട്: മഞ്ചേശ്വരത്തും കോന്നിയിലും താമര വിരിയിക്കാൻ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കഴിയാതെ പോയി. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനവും കോന്നിയിൽ മൂന്നാം സ്ഥാനവുമാണ് അദ്ദേഹത്തിന് കിട്ടിയത്.
മഞ്ചേശ്വരം ബി ജെ പിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നായിരുന്നു. പല സർവേകളും സുരേന്ദ്രൻ ജയിച്ചുകയറുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. എന്നാൽ വോട്ടുകൾ എണ്ണി തീർന്നപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി എകെഎം അഷറഫ് 1143 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഇത് ആദ്യ തവണയല്ല സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടകൾക്കായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായ പിബി അബ്ദുൾ റസാഖിനോട് കെ സുരേന്ദ്രൻ തോറ്റത്. അബ്ദുൾ റസാഖ് എംഎൽഎയുടെ മരണത്തെ തുടർന്ന് 2019ൽ മഞ്ചേശ്വരത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ രവീശതന്ത്രി കുണ്ടാറിനെ മുസ്‌ലീം ലീഗ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീൻ 7923 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
രണ്ട് മണ്ഡലത്തിൽ മത്സരിച്ചതാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന് തിരിച്ചടിയായതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇരു മണ്ഡലങ്ങളിലും പ്രചരണം നടത്തുന്നതിനായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ, കർഷക വിരുദ്ധ നയങ്ങളും, ഇന്ധന വില വർധദ്ധനവൊക്കെയായിരുന്നു എതിർസ്ഥാനാർത്ഥികൾ സുരേന്ദ്രനെതിരെ പ്രയോഗിച്ചത്. ദേശീയ നേതാക്കളെവരെ അണിനിരത്തിയിട്ടും ഇത്തവണയും സുരേന്ദ്രന് പരാജയം രുചിക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |