SignIn
Kerala Kaumudi Online
Tuesday, 13 October 2026 2.06 AM IST

വിഷ്ണുനാഥിനെ കുണ്ടറയിലെത്തിച്ചത് വ്യക്തമായ പ്ലാനോടെ, മന്ത്രിയെ വീഴ്ത്താനുള്ള ശ്രമം നേരത്തേ തുടങ്ങി, പിന്നിൽ എൻ എസ് എസ് ? മറിഞ്ഞത് ബി ജെ പി വോട്ടുകൾ

kundara-

കൊല്ലം: സംസ്ഥാനത്തെ എൽ.ഡി.എഫ് തരംഗത്തിലും കുണ്ടറയിലെ സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടി അമ്മയെ വീഴ്ത്തിയത് ബി.ജെ.പി വോട്ടിലെ ചോർച്ചയെന്ന് നിഗമനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടുത്തെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് 20,257 വോട്ടുണ്ടായിരുന്നു. എന്നാൽ ഇത്തവണ കളത്തിലിറങ്ങിയ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിക്ക് 6,097 വോട്ടുകളെ ലഭിച്ചുള്ളു. ബി.ജെ.പി വോട്ട് ചോർന്ന് പി.സി. വിഷ്ണുനാഥിന് ലഭിച്ചതാണ് മേഴ്സിക്കുട്ടിഅമ്മയ്ക്ക് അടിതെറ്റാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻ.എസ്.എസും പി.സി. വിഷ്ണുനാഥിന് വേണ്ടി പരസ്യമായിരംഗത്തിറങ്ങിയിരുന്നു.

കുണ്ടറ ബി.ഡി.ജെ.എസിന് നൽകിയതിനെതിരെ ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പ്രചാരണത്തിൽ നിന്ന് പിൻവാങ്ങിയ പ്രവർത്തകർ സംസ്ഥാന നേതൃത്വം ഇടപെട്ട ശേഷമാണ് പുറമേ സജീവമായത്. പക്ഷെ വോട്ട് പെട്ടിയിലാക്കാൻ ആത്മാർത്ഥ ശ്രമം ഉണ്ടായില്ല, അതല്ലെങ്കിൽ വോട്ട് മറിച്ചുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക് മുപ്പതിനായിരത്തിൽ അധികം വോട്ട് ലഭിച്ചിരുന്നു. കുണ്ടറ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇളമ്പള്ളൂർ, പെരിനാട് പഞ്ചായത്തുകളിലെ പ്രധാന പ്രതിപക്ഷം എൻ.ഡി.എയാണ്. കൊറ്റങ്കര പഞ്ചായത്തിലും യു.ഡി.എഫിനേക്കാൾ മുന്നിലാണ്. തൃക്കോവിൽവട്ടത്ത് ഇത്തവണ കൂടുതൽ സീറ്റ് നേടിയിരുന്നു. പക്ഷെ ഈ മേഖലയിലെങ്ങും എൻ.ഡി.എ ഇപ്പോൾ തല ഉയർത്തിയില്ല.


വീഴ്ത്താനുള്ള ശ്രമം നേരത്തേ തുടങ്ങി

പി.സി. വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എൻ.എസ്.എസ് ജെ. മേഴ്സിക്കുട്ടിഅമ്മയെ പരാജയപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പലയിടങ്ങളിലും ഈ ലക്ഷ്യത്തോടെ വിളിച്ച കരയോഗം യോഗങ്ങൾ തർക്കത്തിലാണ് പിരിഞ്ഞത്. പക്ഷെ എൻ.എസ്.എസിന് കൂടുതൽ വോട്ട് ചോർത്താനായോ എന്നതിൽ വ്യക്തയില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ എൽ.ഡി.എഫിന് ഏകദേശം 69,000 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 79,047 വോട്ടും. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ രണ്ടായിരത്തിലേറെ വോട്ട് വർദ്ധിച്ചു. പക്ഷേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ എണ്ണായിരത്തിലേറെ വോട്ട് കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY POLLS, MERCIKUTTY AMMA, NSS, KUNDARA, BDJS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY