തിരിച്ചടി പഠിക്കാൻ സമിതി
മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവായും എം.കെ.മുനീറിനെ ഉപനേതാവായും തിരഞ്ഞെടുത്തു. കെ.പി.എ. മജീദാണ് നിയമസഭാകക്ഷി സെക്രട്ടറി.
പാണക്കാട്ട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിയുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് വലിയ ഇടതുതരംഗം ഉണ്ടായെന്ന് വിലയിരുത്തിയ യോഗം, ലീഗിന്റെ സിറ്റിംഗ് സീറ്റുകളിലെ തിരിച്ചടി പഠിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. കോഴിക്കോട് സൗത്ത്, അഴീക്കോട്, കളമശ്ശേരി, കുറ്റ്യാടി സീറ്റുകളിലെ പരാജയത്തിനൊപ്പം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ലീഗ് കോട്ടയായ താനൂരിൽ പരാജയപ്പെട്ടതിന്റെയും കാരണം അന്വേഷിക്കും. ആവശ്യമായ തിരുത്തലുകൾ സ്വീകരിക്കും. സംഘടനാ സംവിധാനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജിതമാക്കും. യു.ഡി.എഫിന് വലിയ തിരിച്ചടിയേറ്റപ്പോഴും ലീഗ് കോട്ടകൾ സംരക്ഷിക്കാനായെന്നും പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള സൈബർ ആക്രമണം ആസൂത്രിതമാണെന്നും യോഗം വിലയിരുത്തി. ലീഗിന്റെ നേട്ടം കുറച്ചുകാട്ടാനുള്ള എതിരാളികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കും. തിരിച്ചടി സംബന്ധിച്ച് നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ വിലക്കും. എം.പി സ്ഥാനം രാജിവച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടിയിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിലെയും അതൃപ്തി നേതാക്കൾ യോഗത്തിൽ പ്രകടിപ്പിച്ചെന്നാണ് വിവരം. എൽ.ഡി.എഫ് വരാനുണ്ടായ സാഹചര്യം വിലയിരുത്തിയ യോഗം, യു.ഡി.എഫ് ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ടു പോവണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ ലീഗിന്റെ പ്രകടനം സംബന്ധിച്ച് വസ്തുതകൾ കാണാതെ അതിശയോക്തിയോടെയാണ് മാദ്ധ്യമങ്ങളടക്കം വിലയിരുത്തുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചത് മുസ്ലിം ലീഗാണെന്ന് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. മലപ്പുറത്തെ ഏഴ് മണ്ഡലങ്ങളിൽ ഭൂരിപക്ഷം കൂട്ടിയപ്പോൾ സി.പി.എമ്മിന്റെ വോട്ടുവിഹിതം കുറയ്ക്കാനായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബ്, കെ.പി.എ.മജീദ്, സാദിഖലി ശിഹാബ് തങ്ങൾ, അബ്ദുസമദ് സമദാനി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |