പുര കത്തുമ്പോൾ വാഴ വെട്ടിയാൽ എന്താണ് കുഴപ്പം? പുരയോ കത്തി. ഒരു വാഴക്കുലയെങ്കിലും മിച്ചം കിട്ടട്ടെ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകില്ലേ? പക്ഷേ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ അതൊരു ശരിയായ ചിന്തയല്ല. കാരണം പുര കത്തുമ്പോൾ ഓടിക്കൂടുന്നവർ ആദ്യം തീ അണയ്‌ക്കാനാണ് ശ്രമിക്കേണ്ടത്. കൊവിഡ് എന്ന തീക്കാറ്റിൽ രാജ്യമാകെ കത്തുകയാണ്. അതിനിടയിൽ വാഴ വെട്ടുന്ന ചിലരെ സമൂഹം വ്യക്തമായി തിരിച്ചറിയുന്നുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് അമിത നിരക്ക് പുത്തരിയല്ല. കൊവിഡ് കാലത്തിനും വളരെ മുൻപേ തുടങ്ങിയതാണത്. ആരോഗ്യപരിപാലന രംഗത്ത് പരാജയപ്പെട്ട സർക്കാർ സംവിധാനത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് കൂണുകൾ പോലെ സ്വകാര്യ ആശുപത്രികൾ മുളച്ചുവന്നത്. മുപ്പതു വർഷം മുൻപ് വിരലിലെണ്ണാവുന്ന സ്വകാര്യ ക്ളിനിക്കുകളേ കേരളത്തിലുണ്ടായിരുന്നുള്ളൂ. അവരും കഴുത്തറുപ്പൻ രീതികളൊന്നും സ്വീകരിച്ചിട്ടില്ലായിരുന്നു. ഗൾഫ് ബൂമിന് ശേഷം പണത്തിന്റെ ഒഴുക്ക് കൂടി. കുറച്ചേറെ പൊങ്ങച്ചവും ആരോഗ്യ പരിപാലനത്തിൽ അമിത ശ്രദ്ധയുമുണ്ടായി. അത് മുതലെടുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മറ്റ് ബിസിനസുകൾ നടത്തിയിരുന്നവർ സ്വകാര്യ ആശുപത്രികളുടെ ഉടമകളായി മാറിയത്. ചികിത്സാ ഫീസിന്റെ കാര്യത്തിൽ അവരെ നിയന്ത്രിക്കാൻ ആരുമില്ല. ചികിത്സയുടെ കാര്യമെടുത്താൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലഭിക്കുന്നതാണ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഇന്നും കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ. മെഡിക്കൽ കോളേജുകളിലെ ജീവനക്കാരുടെ സമീപനവും ആശുപത്രികളുടെ ശുചിത്വവും മെച്ചപ്പെട്ടാൽ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കുണ്ടായതുപോലെ ആരോഗ്യ രംഗത്തും അത് സംഭവിക്കാം. അതു മാത്രമാണ് സ്വകാര്യ ആശുപത്രികളുടെ അമിത നിരക്ക് തടയാനുള്ള ഏറ്റവും നല്ല വഴി. രണ്ടാം വരവിൽ പിണറായി മന്ത്രിസഭ ആ രംഗത്തിന് അമിത പ്രാധാന്യം നൽകിയാലും ഒരു കുഴപ്പവുമില്ല. ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനം അതായിരിക്കും.
ഹൈക്കോടതി കർശനമായി ഇടപെട്ടിട്ടുപോലും പല സ്വകാര്യ ആശുപത്രികളും തോന്നിയ നിരക്കാണ് കൊവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇത് സംബന്ധിച്ച് വീണ്ടും റിപ്പോർട്ട് തേടിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ നല്‌കുന്ന ബില്ല് കൗണ്ടറിൽ അടച്ച് ജാതകദോഷത്തെ പഴിച്ച് വീട്ടിൽ പോകുന്നവരാണ് 99 ശതമാനവും. വളരെ കുറച്ചുപേരാണ് പ്രതികരിക്കാൻ തുനിയുന്നത്. സമ്പന്നരിൽ മിക്കവർക്കും ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരിക്കുമെന്നതിനാൽ ഇത് അവരെ ബാധിക്കുന്ന പ്രശ്നമല്ല. മദ്ധ്യവർഗത്തിലുള്ളവരാണ് പെട്ടുപോകുന്നത്.
പാറശാലയിലെ ഒരു ആശുപത്രി ഓക്‌സിജൻ നൽകിയതിന് 45000 രൂപ ബില്ല് നൽകിയതായി വാർത്തയുണ്ടായിരുന്നു. കേസായപ്പോൾ 30000 രൂപ തിരിച്ച് നൽകാമെന്ന് സമ്മതിച്ചതായും വാർത്ത വന്നു. പി.പി.ഇ കിറ്റിന് ഓരോ ദിവസവും വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ആശുപത്രികളും വിരളമല്ല. കാട്ടാക്കടയിൽ ഒരു കൊവിഡ് രോഗിയുടെ മൃതദേഹം ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ ഒരു സ്വകാര്യ ആശുപത്രി തടഞ്ഞുവച്ചു. 4,44,808 രൂപയുടെ ബില്ല് പൂർണമായി അടയ്ക്കാതെ മൃതദേഹം വിട്ടുനൽകില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ഒടുവിൽ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഇടപെട്ടു. ഇത്തരം പ്രവണത ജില്ലയിൽ നിരോധിച്ചതായും ഇക്കാര്യം വ്യക്തമാക്കി ദുരന്ത നിവാരണ നിയമത്തിലെ 26, 30, 34 വകുപ്പുകൾ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായും കളക്ടർ അറിയിച്ചു. എല്ലാ ജില്ലകളിലും ഇത്തരം ഇടപെടലുകളാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |