SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.26 PM IST

'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കിൽ, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു'; റെക്കോഡുകൾ തകർന്നുവീണ ഗൗരിയമ്മയുടെ ഒറ്റയാൾ പോരാട്ടം

gauriamma

അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തിൽ വളർന്നുപന്തലിച്ച അസാധാരണവും താരതമ്യമില്ലാത്തതുമായ ജീവിതമാണ് കെ ആർ ഗൗരിയുടേത്. ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ അംഗമായിരുന്നു ഗൗരിയമ്മ. അവർ അന്ന് അതിനോട് പ്രതികരിച്ചത്, പ്രായമല്ല ജനങ്ങളുടെ കൂടെ നിൽക്കുക എന്നതാണ് ഒരു നല്ല രാഷ്ട്രീയ പ്രവർത്തകയുടെ മാനദണ്ഡം എന്നാണ്. മരണം വരെയും ഗൗരി അത് പാലിച്ചു. മീൻ വെളളത്തിൽ കഴിയുന്നത് പോലെ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ ജീവിക്കണമെന്നാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഗൗരി പറഞ്ഞുവച്ചത്. മക്കളില്ലാത്ത ഗൗരിയ്ക്ക് പാർട്ടിയും സഹ ജീവികളും ആയിരുന്നു എല്ലാം. അങ്ങനെ സഖാക്കൾക്ക് അവർ അമ്മയുമായി. ചുവന്ന വഴിയിലൂടെ ഒരു ജനതയെ നയിച്ച, വിപ്ലവ പ്രസ്ഥാനത്തിനോടൊപ്പം നടന്നപ്പോൾ തന്നെ ശ്രീകൃഷ്ണ വിഗ്രഹം നെഞ്ചോട് ചേർത്ത സാക്ഷാൽ ഗൗരിയമ്മ ഇനി മലയാളിയുടെ ചരിത്രബോധത്തിന്റെ ഭാഗമാവുകയാണ്.

'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കിൽ, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു' എന്നു പറഞ്ഞ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ അപൂർവ്വതയാണ് ഗൗരിയമ്മയുടെ ജീവിതം. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ചുവപ്പിന്റെ വഴിയിലേക്ക് ആകൃഷ്ടയായ ഗൗരിയമ്മയുടെ കുടുംബ പശ്ചാത്തലം അതിന് ആക്കം കൂട്ടി. നിയമ ബിരുദം കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ഈഴവ പെൺകുട്ടിയും ഗൗരിയമ്മ തന്നെ.

സമ്പന്ന കുടുംബത്തിന്റെ കൊടിക്കൂറകൾ അവരെ ആകർഷിച്ചതേയില്ല. പകരം ചെളിയിലാണ്ട ജനജീവിതത്തിന് ഒപ്പം നിന്നു. പ്രിയപ്പെട്ടവരുടെ ശവശരീരം, പായയിൽ പൊതിഞ്ഞ് കെട്ടി ആറ്റിൽ താഴ്‌ത്തേണ്ടി വന്നിരുന്ന ജനതക്ക് താങ്ങായി നിന്നു. ശവം ദഹിപ്പിക്കാൻ പോലും ആറടി മണ്ണില്ലാത്ത മനുഷ്യർക്ക് സ്വന്തം ഭൂമി എന്ന സ്വപ്‌നം സാക്ഷത്കരിക്കുന്നതിന് ഗൗരിയമ്മ വഹിച്ച പങ്ക് വലുതാണ്.

1957ൽ ലോകത്തിൽ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ റവന്യു മന്ത്രിയായി ചരിത്രത്തിന്റെ തോളോട് തോൾ ചേർന്നു നിന്ന ഗൗരിയമ്മ സഹചാരിയായ സഖാവ് ടി വി തോമസിനെ പാർട്ടി നിർദേശപ്രകാരം ആ വർഷം തന്നെ ജീവിതപങ്കാളിയാക്കി. ഗൗരിയമ്മയുടെ ആദ്യത്തെ തടവുജീവിതം തുടങ്ങുന്ന 1950 മുതൽ പിന്നീടുളള അരനൂറ്റാണ്ടിലേറെ കാലവും അതിനുശേഷവും കേരള രാഷ്ട്രീയത്തിലെ അനിവാര്യതയായി നിലനിന്നു ഗൗരിയമ്മ.

ആദ്യ കേരള മന്ത്രിസഭയിലെ ഏക വനിതാ അംഗമായി തുടങ്ങി ഭരണപക്ഷത്തും പ്രതിപക്ഷത്തും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒപ്പവും അല്ലാതെയും ഏതാണ്ട് ഒരു ഒറ്റയാൾ പോരാട്ടം. ഒട്ടേറെ റെക്കോഡുകൾ തകർന്നുവീണ യാത്ര. ചരിത്രം രചിച്ച നിയമപരിഷ്‌കാരങ്ങൾക്കു പിന്നിലെ പ്രേരക ശക്തി. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനും മുമ്പായിരുന്നു ഗൗരിയമ്മയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടം.

1949ൽ പ്രായപൂർത്തിയായവർക്കെല്ലാം വോട്ടവകാശം കിട്ടിയ ആദ്യത്തെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സ്ഥാനാർഥി പോലും വിജയിച്ചില്ല. ടി വി തോമസ് ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം തോറ്റു. കെട്ടിവച്ച കാശു കിട്ടിയതു നാലു പേർക്കു മാത്രം. അവരിലൊരാളായിരുന്നു ഗൗരിയമ്മ. മൂന്നുവർഷം കഴിഞ്ഞ് 1951 ഡിസംബറിൽ ജയിലിൽ കിടന്നുകൊണ്ടു വിജയിച്ച് പരാജയത്തിന്റെ കണക്ക് ഗൗരിയമ്മ തീർക്കുകയായിരുന്നു.

ജന്മികൾക്കും ഗുണ്ടകൾക്കും എതിരെയായിരുന്നു രാഷ്ട്രീയപ്രവർത്തനത്തിന്റെ തുടക്കത്തിലെ ഗൗരിയമ്മയുടെ പോരാട്ടമെങ്കിൽ എല്ലാത്തരം ഛിദ്രശക്തികളെയും ചെറുത്തുനിന്നുകൊണ്ടാണ് അവസാനംവരെയും ജീവിച്ചത്. ജീവശ്വാസം പോലെ കൊണ്ടുനടന്ന പാർട്ടിയിൽനിന്നു പുറത്തായിട്ടും മാസ്മര പ്രഭാവമുളള തന്റെ വ്യക്തിത്വത്തിന്റെ പരിവേഷത്തിൽ ഒരു പാർട്ടി കെട്ടിപ്പടുക്കുകയും തന്നെ വിജയിപ്പിച്ച പാർട്ടിയെ തോൽപിക്കുകയും ചെയ്തിട്ടുണ്ട് ഈ സ്ത്രീ. കേരം തിങ്ങും കേരളനാട്ടിലെ സ്ത്രീമനസുകളിൽ പ്രതീക്ഷയുടെ അണയാത്ത തിരിനാളം ജ്വലിപ്പിച്ച ജീവിതമാണ് ഗൗരിയമ്മയുടേത്.

രാഷ്ട്രീയത്തിലെ ഗൗരിയമ്മയ്ക്ക് ഒരിക്കലും നിലപാടിൽ സംശയങ്ങൾ ഉണ്ടായിരുന്നില്ല. തുടക്കംമുതൽ തിരഞ്ഞെടുത്ത ഓരോ വിഷയവും ഏറ്റവും ദുർബലരായവരെ മുന്നിൽക്കണ്ടായിരുന്നു. എല്ലാ നീക്കവും സ്ത്രീകൾക്കും പിന്നെ ആദിവാസി വിഭാഗങ്ങൾക്കും വേണ്ടിയായിരുന്നു. ഭൂപരിഷ്‌കരണം നടപ്പാക്കിയിട്ടും ആദിവാസികൾക്ക് ഭൂമിയിൽ അവകാശം കിട്ടാത്തത് കണ്ട് ഗൗരിയമ്മ നടത്തിയത്ര ശ്രമങ്ങൾ മറ്റൊരു ജനപ്രതിനിധിയും നടത്തിയിട്ടില്ല. സി പി എം പോലും വേണ്ടത്ര പിന്തുണയ്ക്കാത്ത വിഷയത്തിൽ എത്ര സ്വകാര്യ ബില്ലുകളാണ് ഗൗരിയമ്മ അവതരിപ്പിച്ചത്. വോട്ട് ലക്ഷ്യമിട്ടായിരുന്നെങ്കിൽ ഈ വിഷയം ഗൗരിയമ്മയുടെ മുൻഗണനയിൽ ഒരിക്കലും വരുമായിരുന്നില്ല. അരൂരിൽ വോട്ട് ചെയ്യാൻ ആദിവാസി വിഭാഗത്തിലെ ആരും ഉണ്ടായിരുന്നില്ലെന്നത് മാത്രം മതി ഗൗരിയമ്മ ആരെന്ന് മനസിലാക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KR GAURIAMMA, KR GAURIAMMA PASESS AWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.