തിരുവനന്തപുരം : ഒരു എം എൽ എ മാത്രമുള്ള ഘടകക്ഷികൾക്കും ഇക്കുറി രണ്ടര വർഷം വീതം മന്ത്രി സ്ഥാനം നൽകാം എന്നുള്ള എൽ ഡി എഫ് തീരുമാനം വന്നയുടൻ ഗണേശ് വീണ്ടും ഗതാഗത മന്ത്രിയാവുമോ എന്ന ചർച്ചയാണ് ഉയർന്നത്. എന്നാൽ ഇതിനു തൊട്ടു പിന്നാലെ ആദ്യ ടേമിൽ ഗണേശിനെ മന്ത്രിയാക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ ഇതിനു പിന്നിൽ ഗണേശിന്റെ കുടുംബവുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
അടുത്തിടെ അന്തരിച്ച കേരള കോൺഗ്രസ് ബി നേതാവും മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ കുടുംബത്തിൽ ഉയരുന്നുണ്ട്. കൊട്ടാരക്കരയിലും പത്തനാപുരത്തുമായി കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. എന്നാൽ പിതാവിന്റെ വിൽപത്രത്തിൽ ചില തിരിമറികൾ നടന്നിട്ടുണ്ടെ ആരോപണവുമായി മകൾ ഉഷാ മോഹൻദാസ് മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. ഗണേശാണ് ഇതിന് പിന്നിലെന്നാണ് സഹോദരിയുടെ സംശയം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും ഇവർ നേരിട്ടു കണ്ട് പരാതി ബോധിപ്പിച്ചു. ഇതു കൂടാതെ സോളാർ കേസിലെ വിവാദ വനിതയുമായി സഹോദരനുള്ള ചില രഹസ്യ വിവരങ്ങളും ഇവർ പിണറായിയെ അറിയിച്ചുവെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
പുതിയ സർക്കാർ സ്ഥാനമേൽക്കുമ്പോൾ അതിലെ ഒരംഗവുമായി ബന്ധപ്പെട്ട് കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിയിലേക്ക് എത്തിയാൽ അത് സർക്കാരിന് മൊത്തത്തിലുള്ള പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും അതിനാൽ ആദ്യ ടേമിൽ ഗണേഷ്‌കുമാറിനു മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് നേതാക്കൾ എത്തുകയുമായിരുന്നു.
ഒരു എം എൽ എ വീതമുളള എൽ ഡി എഫിലെ നാലു ഘടകകക്ഷികൾ രണ്ടര വർഷം വച്ച് രണ്ട് മന്ത്രി സ്ഥാനമാണ് നീക്കിവച്ചിട്ടുളളത്. ഈ ഫോർമുലയിൽ ഗണേശിനും ആന്റണി രാജുവിനും കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിനും രണ്ടര വർഷം വീതം മന്ത്രിയാകാനാവും. അവസാന ടേം മതി തനിക്കെന്ന നിലപാടാണ് ആദ്യം ആന്റണി രാജു സ്വീകരിച്ചിരുന്നത്. എന്നാൽ പിന്നീട് പിണറായി നേരിട്ട് ഇടപെട്ട് ഈ തീരുമാനം മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |