SignIn
Kerala Kaumudi Online
Thursday, 28 March 2024 7.51 PM IST

എട്ടാം ക്ളാസിൽ എസ് എഫ് ഐയിലൂടെ തുടക്കം, ആദ്യ പൊതു തിരഞ്ഞെടുപ്പിൽ തീപ്പൊരി പോരാട്ടത്തിൽ തോൽവി, ഒടുവിൽ വൻ വിജയത്തോടെ ഇത്തവണ മന്ത്രിസഭയിലും, മുഹമ്മദ് റിയാസിന്റെ വരവ് ഇങ്ങനെ

riyas

തിരുവനന്തപുരം: അച്ഛന് ശേഷം മക്കൾ വിജയിച്ച് സഭാംഗങ്ങളാകുന്ന ചരിത്രം കേരള നിയമസഭയിൽ പണ്ടുമുതലേയുണ്ട്. അങ്ങനെ ജയിച്ചവരിൽ പലരും മന്ത്രി സ്ഥാനത്തേക്ക് എത്തിച്ചേർന്നിട്ടുമുണ്ട്. എന്നാൽ പതിനഞ്ചാം നിയമസഭയിലെ 21 അംഗ മന്ത്രിസഭയിൽ ഇതൊന്നുമല്ലാത്ത ഒരു പ്രത്യേകതയും കൗതുകവുമുണ്ട്. ഒരു അമ്മാവനും മരുമകനും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു എന്നത് ആദ്യ പ്രത്യേകത. എന്നാൽ അവർ ഇരുവരും മന്ത്രിമാരാകുന്നു എന്നതാണ് അതിൽ ഏ‌റ്റവും വലിയ കൗതുകം.

മുഖ്യമന്ത്രി പിണറായി വിജയനാണ് അമ്മാവൻ. അദ്ദേഹത്തിന്റെ മകൾ വീണാ വിജയന്റെ ഭർത്താവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ മുഹമ്മദ് റിയാസും ഇത്തവണ മന്ത്രിസഭയിൽ അംഗമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ റിയാസ് വിവാഹം ചെയ്‌തത് 2020 ജൂൺ 15നാണ്.

ഇടത് മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ 12 അംഗ നിയുക്ത മന്ത്രിമാരുടെ പട്ടികയിൽ ഇത്തവണ സിംഹഭാഗവും പുതുമുഖങ്ങളാണ്. ഇക്കൂട്ടത്തിൽ മന്ത്രിസഭയെ നയിക്കുന്ന പിണറായി വിജയനും കെ.രാധാകൃഷ്ണ‌നും മാത്രമാണ് മുൻപ് ഭരണപരിചയമുള‌ളത്. പിണറായി വിജയൻ വൈദ്യുതമന്ത്രിയായിരുന്ന മൂന്നാമത് ഇ.കെ നായനാർ മന്ത്രിസഭയിൽ (1996-01) പിന്നാക്കക്ഷേമ മന്ത്രിയായിരുന്നു കെ.രാധാകൃഷ്‌ണൻ. പിന്നീട് അദ്ദേഹം പതിമൂന്നാം നിയമ സഭയുടെ സ്‌പീക്കറായി.

പുതുമുഖങ്ങളുടെ കൂട്ടത്തിൽ മന്ത്രി പദവിയിലേക്കെത്തുന്ന പി.എ മുഹമ്മദ് റിയാസിന് പാർട്ടി ഡിവൈ‌എഫ്‌ഐ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പാക്കിയാണ് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബേപ്പൂരിൽ നിന്നാണ് ഇത്തവണ റിയാസ് നിയമസഭയിലേക്കെത്തിയത്. 50,000ലധികം റെക്കോഡ് ഭൂരിപക്ഷവുമായാണ് പിണറായി വിജയൻ ഇത്തവണ ധർമ്മടത്ത് നിന്നും നിയമസഭയിലെത്തിയതെങ്കിൽ ബേപ്പൂരിൽ കോൺഗ്രസിന്റെ അഡ്വക്കേ‌റ്റ് പി.എം നിയാസിനെ 28,747 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുഹമ്മദ് റിയാസ് സഭയിലെത്തുന്നത്.

പഠനകാലത്തെ പാർട്ടി പ്രവ‌ർത്തനം

ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എം അബ്‌ദുൾ ഖാദറിന്റെ മകനായി കോഴിക്കോടാണ് മുഹമ്മദ് റിയാസിന്റെ ജനനം. കോഴിക്കോട്ടെ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പഠനകാലത്ത് തന്നെ ഇടത് രാഷ്‌ട്രീയം റിയാസിന്റെ മനസിലുറച്ചു. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ യൂണി‌റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോളേജ് പഠനകാലത്ത് ഫറൂഖ് കോളേജിലെ പ്രീ ഡിഗ്രി പ്രതിനിധിയായി.1995ൽ യൂണി‌റ്റ് സെക്രട്ടറിയായി. ഡിഗ്രി കാലത്ത് യൂണിവേഴ്ഡസി‌റ്റി യൂണിയൻ തലപ്പത്തേക്ക് മത്സരിച്ച് വിജയിച്ചു.ഈ സമയമായപ്പോഴേക്കും എസ്‌എഫ്‌ഐയുടെ പ്രമുഖ നേതാവായി മുഹമ്മദ് റിയാസ് മാറി

ഡിവൈഎഫ്‌ഐയിൽ

വൈകാതെ ഇടത്പക്ഷ യുവജന രംഗത്തും സജീവമായ റിയാസ് ഡിവൈഎഫ്‌ഐയുടെ കോഴിക്കോട് ജില്ലയിലെ പ്രധാനമുഖമായി. സംഘടനയുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി പദവികൾ വഹിച്ചു. വൈകാതെ സംസ്ഥാന കമ്മി‌റ്റിയിൽ അംഗമായി

തിരഞ്ഞെടുപ്പ് ഗോദയിൽ

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നും ഇടത് മുന്നണി സ്ഥാനാ‌ർത്ഥിയായി പാർട്ടിയിലെ യുവ പ്രാതിനിദ്ധ്യമായി റിയാസ് തിരഞ്ഞെടുപ്പ് മത്സര രംഗത്ത് തുടക്കം കുറിച്ചു. പരാജയത്തോടെയായിരുന്നു തുടക്കം. കോൺഗ്രസിന്റെ കരുത്തനായ എം.കെ രാഘവനോട് അതിശക്തമായ പോരാട്ടം കാഴ്‌ചവച്ച ശേഷം കേവലം 838 വോട്ടുകൾക്ക് പരാജയപ്പെട്ടു. 3,42,309 വോട്ടുകളാണ് എം.കെ രാഘവൻ നേടിയത്. റിയാസിന് ലഭിച്ചത് 3,41,471 വോട്ടുകളും. തിരഞ്ഞെടുപ്പിൽ രണ്ടാം അങ്കമായിരുന്നു ഇത്തവണ. മികച്ച ഭൂരിപക്ഷത്തിൽ തന്നെ റിയാസിനെ ബേപ്പൂരെ സമ്മതിദായകർ നിയമസഭയിലെത്തിച്ചു.

സി.എ.എ പ്രക്ഷോഭത്തിലും പാലസ്‌തീൻ-ഇസ്രയേൽ സംഘർഷത്തിലും ഉൾപ്പടെ ഇടത് സമരമുഖങ്ങളിൽ സജീവമായ റിയാസിന്റെ പൊതുപ്രവർത്തന പരിചയം പാർലമെന്ററി രാഷ്ട്രീയത്തിൽ ഉപയോഗിക്കാൻ പാർട്ടി തീരുമാനിച്ചത് ഈ ഉറച്ച പോരാട്ട വീര്യത്തിന്റെ ഉത്തമമായ വിശ്വാസത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, P A MUHAMMAD RIYAS, MUHAMMADH RIYAS, PINARAYI GOVT, MINISTER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.