ന്യൂഡൽഹി: ഒമ്പത് വർഷം മുൻപ് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി. ഇറ്റലി കെട്ടിവച്ച നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും നൽകണമെന്ന് കോടതി നിർദേശം നൽകി. ഇതിനായി കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ തുക വിതരണം ചെയ്യാനായി ഒരു ജഡ്ജിയെ ചുമതലപ്പെടുത്തണമെന്നും, തുക കൈമാറുന്നതിനെപ്പറ്റി ആ ജഡ്ജിയാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. മത്സ്യത്തൊഴിലാളുകളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും, ബോട്ടുടമയ്ക്ക് രണ്ട് കോടിയുമാണ് നൽകുക.
ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളോട് കേന്ദ്ര സർക്കാരും, കേരള സർക്കാരും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നേരത്തെ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |