മുംബയ്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ മുംബയ് അലിബാഗിലെ കടലോര ബംഗ്ലാവ് റവന്യൂ അധികൃതർ ഡയനമൈറ്റ് വച്ച് തകർത്തു. കടൽത്തീരത്ത് കൈയേറ്റഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ബംഗ്ലാവ് മുംബയ് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് തകർത്തത്. 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നീരവിന്റെ 'റൂപന്യ ബംഗ്ലാവ് കണ്ടുകെട്ടി വസ്തു റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ബംഗ്ലാവിന്റെ തൂണുകൾ തുരന്ന് സ്ഫോടക വസ്തുക്കൾ നിറച്ചാണ് കെട്ടിടം തകർത്തത്.
ജനുവരി 25 നാണ് തകർക്കാനുള്ള ജോലികൾ റവന്യൂ അധികൃതർ ആരംഭിച്ചത്. വൈകാതെ അംബേദ്കർ സാങ്കേതിക സർവകലാശാലയിലെ എൻജിനിയർമാർ സർവേ നടത്തി. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിടം തകർത്തത്.
ബംഗ്ലാവിലെ ബാത് ടബ്, ഷാന്റീലിയർ ദീപങ്ങൾ, ബുദ്ധ പ്രതിമ എന്നിവയടക്കം രണ്ട് ട്രക്ക് സാധനസാമഗ്രികൾ എൻഫോഴ്സ്‌മെന്റിന് കൈമാറി. ബാത് ടബ്ബിന് 15 ലക്ഷവും ഷാന്റിലിയറിന് 20 ലക്ഷവും ബുദ്ധ പ്രതിമയ്ക്ക് 10 ലക്ഷവും മതിപ്പ് വില വരും.
2011ൽ അന്നത്തെ റായ്ഗഡ് ജില്ലാ കളക്ടർക്ക് ചില രേഖകൾ കൈമാറി കെട്ടിടം നിയമവിധേയമാക്കാൻ നീരവ് മോദി ശ്രമിച്ചിരുന്നു. എന്നാൽ 2018ൽ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കളക്ടർ വിജയ് സൂര്യവൻഷി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ബംഗ്ലാവ് അനധികൃതമായി നിർമ്മിച്ചതാണെന്നും പൊളിച്ചു നീക്കണമെന്നും കളക്ടർ ഉത്തരവിട്ടത്.
അത്യാഡംബരങ്ങൾ തവിടുപൊടി
എസ്‌കവേറ്രറുകളുപയോഗിച്ച് പില്ലറുകൾ തുരന്ന് 110 ദ്വാരങ്ങളുണ്ടാക്കി. 30 കി.ഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ചു. ഇന്നലെ രാവിലെ 11.15 ഓടെ കെട്ടിടം തരിപ്പണമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ മൂന്ന് ഡ്രോണുകൾ ചിത്രീകരിച്ചിട്ടുണ്ട്.
റൂപന്യ ബംഗ്ലാവ്
വിസ്തൃതി: 30,000 ചതുരശ്ര അടി
സ്ഥലം: മുംബയ് കിഹിം ബീച്ച് സൈഡ്
വില: 100 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |