കൊല്ലത്തെ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. സ്ത്രികളെ സ്വത്തിനും പണത്തിനും വേണ്ടി വിവാഹം കഴിക്കുന്നവർക്കെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
താരങ്ങളുൾപ്പടെയാണ് സ്ത്രീധനത്തിനെതിരെ ശബ്ദമുയർത്തി രംഗത്തെത്തിയിരിക്കുന്നത്. അതിൽ ഏറെ വൈറലായത് നടി അശ്വതി ശ്രീകാന്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പണ്ട് താരം പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വീണ്ടും കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു.
'പറയാനുള്ളത് ഇനിയും വിവാഹിതരാകാത്ത പെൺകുട്ടികളോടാണ്. വീട്ടിൽ വന്ന് പഴയ പത്രക്കടലാസ് എടുക്കുന്നവർ പോലും നമുക്ക് ഇങ്ങോട്ടാണ് പണം തരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമാണെങ്കിൽ കൂടി. അപ്പോൾ അങ്ങോട്ട് പണം കൊടുത്ത്, പൊന്നു കൊടുത്ത് തൃപ്തിയാകുമ്പോൾ കൂടെ പോകേണ്ടത്ര വില കുറഞ്ഞ വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാകണം' എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.
എന്നാൽ പോസ്റ്റിന് താഴെ താരത്തെ വിമർശിച്ചുകൊണ്ടുള്ള ചില കമന്റുകളും പ്രത്യക്ഷപ്പെട്ടു. നടിയുടെ വിവാഹ ചിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ വിമർശനമുന്നയിച്ചു. ചേച്ചിയുടെ കല്യാണ ഫോട്ടോയിൽ കുറേ പൊന്നുണ്ടല്ലോ' എന്നായിരുന്നു ഒരാൾ ചോദിച്ചത്. അതിന് കിടിലൻ മറുപടിയും താരം നൽകി.
' അത് വിദ്യാഭ്യാസ ലോൺ എടുത്ത് പഠിച്ച്, ഗൾഫിൽ പോയി ജോലി ചെയ്തത് സ്വന്തം ആവശ്യങ്ങൾക്ക് ഉള്ളത് സ്വരുക്കൂട്ടി കല്യാണം കഴിച്ച ഒരു പെണ്ണിന്റെ ഫോട്ടോയാണ്. എന്റെ സമ്പാദ്യം എന്റെ ലോക്കറിൽ തന്നെയുണ്ട്. അതിന്റെ താക്കോലും' എന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |