ചെന്നൈ: സ്‌ത്രീധന പീഡനത്തെത്തുടർന്ന് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ആത്മഹത്യ ചെയ്‌തു. ചെന്നൈ പൊന്നേരിയിലാണ് സംഭവം. 22 വയസുകാരിയായ ലോകേശ്വരി ആണ് മരിച്ചത്. സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
ജൂൺ 27നായിരുന്നു ലോകേശ്വരിയുടെ വിവാഹം. ജൂൺ 30നാണ് യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ പിതാവ് ഗജേന്ദ്രൻ പൊന്നേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭർത്താവ് ലോകേശ്വരിയോട് കൂടുതൽ സ്വർണവും എസിയും മറ്റ് വീട്ടുപകരണങ്ങളും ആവശ്യപ്പെട്ടതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്.
വിവാഹത്തിന് അഞ്ച് പവൻ സ്വർണം നൽകാമെന്നാണ് യുവതിയുടെ വീട്ടുകാർ സമ്മതിച്ചത്. എന്നാൽ, നാല് പവൻ മാത്രമേ നൽകാൻ കഴിഞ്ഞുള്ളു. ബാക്കി സ്വർണം കൊണ്ടുവരാൻ ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടതായി യുവതിയുടെ വീട്ടുകാർ പറയുന്നു. എന്നാൽ, ഭർത്താവും വീട്ടുകാരും ഇത് നിഷേധിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിരുപ്പൂരിൽ നിന്ന് സമാനമായ ഒരു സ്ത്രീധന ആത്മഹത്യ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവും പുറത്തുവന്നിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചതിനെ തുടർന്ന് 27കാരിയായ റിധന്യ ആത്മഹത്യ ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു റിധന്യയുടെ വിവാഹം. അവരുടെ കുടുംബം സ്ത്രീധനമായി 100 പവൻ സ്വർണ്ണവും 70 ലക്ഷം രൂപ വിലവരുന്ന ഒരു വോൾവോ കാറും നൽകി. ഇത് കുറഞ്ഞുപോയെന്ന പേരിലാണ് ഭർത്താവും വീട്ടുകാരും നിരന്തരം മാനസിക പീഡനത്തിനിരയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |