ഹൊററും കുറ്റാന്വേഷണവും സമാന്തരമായ ട്രാക്കിലൂടെ പോകുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് 'കോൾഡ് കേസ്'. മരിച്ചത് ആര് എന്നതിനെക്കുറിച്ച് പോലും ഒരു തുമ്പ് ഇല്ലാതെ കേസ് അന്വേഷിക്കുന്ന പൊലീസും തന്റെ ജീവിതത്തിൽ അരങ്ങേറുന്ന അമാനുഷിക സംഭവങ്ങളുടെ ചുരുളഴിയിക്കാൻ ശ്രമിക്കുന്ന ഒരു ഇൻവസ്റ്റിഗേറ്റിവ് ജേണലിസ്റ്റുമാണ് സിനിമയുടെ രണ്ട് വശത്ത്. ഒരു അന്വേഷണാത്മക സിനിമയെ രണ്ട് തലത്തിൽ അവതരിപ്പിച്ച് പ്രേക്ഷകനെ നിരന്തരം ചിന്തിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യുന്നുണ്ട് പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം.
പൃഥ്വിരാജ് അവതരിപ്പിച്ച എസിപി സത്യജിത്ത് വാലും തുമ്പും ഇല്ലാത്ത ഒരു കേസന്വേഷണത്തിലാണ്. ഉപേക്ഷിച്ച പാക്കേജിൽ ഒരു തലയോട്ടി കണ്ടെത്തുമ്പോൾ, ഇരയെ തിരിച്ചറിയുന്നതിൽ നിന്ന് പോലീസ് അന്വേഷണം ആരംഭിക്കണം. അങ്ങനെ കൊലപാതകിക്ക് മുൻപ് ഇരയെ കണ്ടെത്തേണ്ട അതിസങ്കീർണമായ കേസാണ് പൊലീസിന്റെ വെല്ലുവിളി.
മറുവശത്ത്, അദിതി ബാലൻ, അമാനുഷിക കഥകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന മേദ എന്ന പത്രപ്രവർത്തകയെ അവതരിപ്പിക്കുന്നു. തന്റെ കുഞ്ഞുമായി ഒരു പുതിയ വീട്ടിലേക്ക് മാറുമ്പോൾ അവിടെ മേദയെ കാത്തിരുന്നത് യുക്തിക്ക് നിരക്കാത്തതും പേടിപ്പെടുത്തന്നതുമായ പല അനുഭവങ്ങളായിരുന്നു. പൊലീസ് അന്വേഷിക്കുന്ന കേസുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? രണ്ട് വ്യത്യസ്തമായ ട്രാക്കിലൂടെ നീങ്ങുന്ന അന്വേഷണം സിനിമയുടെ അവസാന ഭാഗത്താണ് ഒരുമിക്കുന്നത്.
കുറ്റാന്വേഷണം മാത്രമല്ല,ചിത്രത്തിൽ അവിടവിടെ കടന്നുവരുന്ന ഹൊറർ സീനുകൾ സ്ഥിരം പ്രേതസിനിമകളിൽ നിന്ന് വ്യത്യസ്തവും ത്രില്ലടിപ്പിക്കുന്നതുമാണ്. 2019ലും 2020ലുമായി നടന്നുവെന്ന് പറയുന്ന കഥാസന്ദർഭം കൊവിഡ് മഹാമാരിയെ കുറിച്ച് യാതൊന്നും പറയാതെ പോയോ എന്ന ചിന്ത ഒരു പ്രധാന രംഗം വഴി മാറ്റിയെടുക്കകയും ചെയ്തിട്ടുണ്ട്. അനാവശ്യ സൈഡ് സ്റ്റോറികൾ, റൊമാൻസ് ട്രാക്ക് എന്നിവ ഒഴിവാക്കിയതും ചിത്രത്തിന് ഗുണം ചെയ്തുന്നു.
വളരെ നല്ല രീതിയിൽ പോയ ചിത്രം അതിന്റെ അവസാന 30 മിനിറ്റിൽ അല്പം പതറുന്നുണ്ട്. ഒട്ടേറെ സാധ്യതകൾ ഉണ്ടായിരുന്ന ചിത്രം പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ കാണികൾക്ക് തോന്നിയെങ്കിൽ കുറ്റം പറയാനാകില്ല.
എസിപി സത്യജിത്ത് എന്ന കൂർമ ബുദ്ധിക്കാരനും റിസെർവ്ഡുമായ പൊലീസ് ഓഫീസറായി പൃഥ്വിരാജ് സുകുമാരൻ മികച്ച പ്രകടനമാണ്. വലിയ അഭിനയ സാദ്ധ്യതകൾ ഇല്ലെങ്കിലും പൃഥ്വിരാജിന്റെ സ്‌ക്രീൻ പ്രെസൻസും അസാധാരണമായ വോയ്‌സ് മോഡുലേഷനും കഥപറച്ചിലിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.
മാധ്യമപ്രവർത്തക മേധാ പത്മജയായി അദിതി ബാലൻ നല്ല പ്രകടനം കാഴ്ചവച്ചു. എന്നാൽ ലിപ്-സിങ്ക് പ്രശ്നങ്ങൾ ചില ഘട്ടങ്ങളിൽ മുഴച്ചു നിൽക്കുന്നുണ്ട്.
അന്തരിച്ച അനിൽ നെടുമങ്ങാട് തന്റെ കരിയറിലെ അവസാന കഥാപാത്രമായ സിഐ സിയാദിലൂടെ ശ്രദ്ധേയമായ പ്രകടനം നടത്തി. ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ആത്മ രാജൻ, സുചിത്ര പിള്ള, പൂജ മോഹൻരാജ്, രവി കൃഷ്ണൻ, അലൻസിയർ, മാല പാർവതി, എന്നിവരും ചിത്രത്തിലുണ്ട്.
ഛായാഗ്രാഹകരായ ജോമോൻ ടി ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവർ ചിത്രത്തിന്റെ വിഷ്വലൈസേഷൻ മികച്ചതാക്കി. രണ്ട് സമാന്തര വിവരണങ്ങൾക്കായി മികച്ച ബാക്ക്‌ട്രോപ്പുകൾ സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചു, ഇത് മൊത്തത്തിലുള്ള ചിത്രത്തിന്റെ നിലവാരവും മൂഡും ഉയർത്തുന്നുണ്ട്.
പ്രകാശ് അലക്സിന്റെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്. സൗണ്ട് ഡിസൈനിംഗും കലാസംവിധാനവും കൈയ്യടി അർഹിക്കുന്നു.
തനു ബാലക് തന്റെ ആദ്യ സംവിധാന ഉദ്യമത്തിൽ ഒതുക്കമുള്ള ചിത്രം ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശ്രീനാഥ് വി നാഥാണ്. വ്യത്യസതമായി തുടങ്ങിയ സിനിമയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്നത് അതിന്റെ മികച്ച കഥപറച്ചിലാണ്. അവസാന ഭാഗങ്ങളിൽ പതറുന്നുണ്ടെങ്കിലും സസ്പെൻസ്-ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ചിത്രം തൃപ്തരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |