ഇന്ന് നമ്മുടെ ജീവിതവും ജീവിത സാഹചര്യങ്ങളും വളരെ മാറി, അല്ല പുരോഗമിച്ചു എന്നുപറയാം! കംപ്യൂട്ടറും സെൽഫോണും ഓൺലൈൻ സംവിധാനങ്ങളും സർവസാധാരണമായി. അതോടൊപ്പം അമ്മത്തൊട്ടിലുകളും അനാഥമന്ദിരങ്ങളും വൃദ്ധസദനങ്ങളും കൂടുതൽ മോടിപിടിപ്പിക്കുകയാണ്. പത്തിരുപതു വർഷം കാൽ വളരുന്നോ കൈവളരുന്നോ എന്നുനോക്കി നല്ലനിലയിൽ വളർത്തി പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി കഴിയുമ്പോൾ അവരെ സംരക്ഷിക്കുക ഒരു വല്ലാത്ത ഭാരമായി മക്കൾക്ക് തോന്നും! തങ്ങളെ വളർത്തി വലുതാക്കിയ അവരെ മുന്തിയ സൗകര്യങ്ങൾ ഉള്ള വൃദ്ധസദനങ്ങൾ അന്വേഷിച്ചു കണ്ടെത്തി അവിടെയാണ് പാർപ്പിക്കുക.
അങ്ങനെയുള്ള ഇക്കാലത്ത് ഇത്തരം ഒരു ചിത്രം വളരെ വിചിത്രമായിത്തോന്നാം ! മനസിനെ വല്ലതെ വേദനിപ്പിച്ച ഒന്നാണിത്. ഒരു ഭിക്ഷക്കാരൻ പട്ടിയോടൊപ്പം ഭക്ഷണം പങ്കിടുന്നു. ഇത് സത്യമാണോ എന്ന് പോലും നമുക്ക് തോന്നും! അതെ, സത്യമാണ്. കുറച്ചു വർഷം മുമ്പ് എനിക്ക് കുറെ സമ്മാനങ്ങൾ വാങ്ങിത്തന്ന ചിത്രമാണ് ഇത്. മാനസികനില തെറ്റിയവർക്കും അല്ലാത്തവർക്കും ഉള്ള പൊതുവായ കാര്യമാണല്ലോ വിശപ്പ്. അത് മനുഷ്യനുമാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും! ഒരു അവാർഡ് പടം തരപ്പെടുത്തുകയായിരുന്നില്ല ലക്ഷ്യം. ഔട്ട്ഡോർ ഷൂട്ടുകഴിഞ്ഞ് തിരിച്ചെത്തുമ്പോൾ നേരം നന്നേ വൈകിയിരുന്നു. അടുത്തുള്ള ചെറിയ ഹോട്ടലിൽ കയറി ചായ കുടിച്ചു. അവിടെന്നും ഇറങ്ങുമ്പോൾ പിന്നെയും താമസിച്ചു. ആ കടയുടെ പിന്നിലൂടെ വേണം എനിക്ക് വീട്ടിലേക്കു പോകാൻ. അവിടുത്തെ പിന്നാമ്പുറ കാഴ്ചയായിരുന്നു ഇത്.
ഒരു ചവറുവീപ്പക്കു മുൻപിലായി പ്രാകൃത വേഷധാരിയായ ഒരാൾ പട്ടിയോടൊത്ത് എച്ചിൽ കഴിച്ചു വിശപ്പടക്കുന്നു. അൽപ്പം അകലെയുള്ള ഇലക്ട്രിക്ക് പോസ്റ്റിലെ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ഞാനതു കണ്ടു. കഴുത്തിൽ തൂക്കിയിരുന്ന കാമറയിൽ ഫ്ളാഷ് ഫിറ്റുചെയ്തു. കുറച്ച് ദൂരെ മാറിനിന്നു ഒരു ഫോട്ടോയെടുത്തു. ഒന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്ന അയാൾ ഫ്ളാഷിന്റെ വെളിച്ചം തട്ടിയപ്പോൾ പെട്ടെന്ന് നോക്കി. എന്ത് സംഭവിച്ചു എന്ന് ഒരുപക്ഷെ അയാൾക്ക് മനസിലായി കാണില്ല. പക്ഷേ മാനസികനില തെറ്റിയ വ്യക്തിയാണല്ലോ അയാളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയില്ല. അതിനാൽ വീണ്ടും ഒരു പടം കൂടി എടുക്കുന്നത് ബുദ്ധിയല്ലെന്നു തോന്നി തിരിച്ചുപോന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |