SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.41 PM IST

ഹൈറപ്പാ ഹൈറപ്പാ ഹൈറപ്പാ ഹൈറപ്പാ

kkkkkkkkkkkkkkkk

പാട്ട് നിർത്തിയിട്ടു ഇങ്ങോട്ട് വരാൻ നോക്ക് കൊച്ചേ.... സമയം എത്ര ആയെന്ന.... 8 മണിക്ക് എഴുന്നേറ്റ് പാട്ടും പാടി അങ്ങ് നടക്കുവാ....മാതാശ്രീ കലിപ്പിൽ ആയാൽ പിന്നെ പിടിച്ചു നിൽക്കാൻ വല്യ പാടാ.... ഇന്നത്തെ കലാപരിപാടി അവസാനിപ്പിച്ചു ഞാൻ എന്റെ സദസ്സിനോട് വിട പറഞ്ഞു.... മാതാശ്രീയുടെ ഭാഷയിൽ പറഞ്ഞാൽ പാട്ടും കൂത്തും കഴിഞ്ഞ് കാക്കക്കുളിയും കുളിച്ചു ഇറങ്ങി.

യൂണിഫോമിൽ കയറി കഴിഞ്ഞാൽ പിന്നെ ഞാൻ ഡീസന്റ് ആണ്.... കണ്ണാടി ഉള്ളത് കൊണ്ട് ഒരുവിധം നല്ലകുട്ടി ഇമേജ് ഞാൻ തട്ടിയും മുട്ടിയും അങ്ങ് കൊണ്ടുപോവുന്നു... ഇപ്പൊ തോന്നും ഞാൻ വെറും ഒരു താന്തോന്നി ആണെന്ന്... പക്ഷെ അല്ല.. കുറച്ചു അലമ്പ് ഒക്കെ മാറ്റിവെച്ചാൽ ഞാൻ അത്ര മോശം ഒന്നും അല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.. നിങ്ങൾക്ക് എതിർപ്പുണ്ടേൽ കയ്യിൽവെച്ചോളൂ.... ഞാൻ സമ്മതിച്ചു തരൂല്ല....

അങ്ങനെ ബസിലെ കമ്പിയിൽ ഒക്കെ തൂങ്ങിയാടി അമ്മച്ചിമാരുടെ ചീത്തവിളിയും കേട്ട് ഞാൻ എന്റെ ഇന്നത്തെ ജൈത്രയാത്ര ആരംഭിച്ചു.... സൈഡ് സീറ്റ് കിട്ടിയാൽ പിന്നെ ഞാൻ ഞാൻ അല്ലതാവും.... പിന്നെ സ്വപ്നനങ്ങളുടെ വരവാണ്... സ്വപ്നം ഒരു ചാക്ക്... തലയിൽ അത് താങ്ങി ഒരു പോക്ക്....ആകെ അഞ്ചോ പത്തോ മിനിറ്റ് മാത്രമേ ഇരിക്കാൻ കിട്ടു.... അപ്പോഴേക്ക് വല്ല അമ്മയും കുഞ്ഞുമോ വയ്യാത്ത അമ്മച്ചിയോ വന്നു സെന്റി അടിച്ചു ഒരു നോട്ടം നോക്കും.... ഞാൻ ഫ്ളാറ്റ്... അതല്ലല്ലോ പരഞ്ഞോണ്ടിരുന്നേ... ങാ.. സ്വപ്നം... അങ്ങനെ എന്റെ സ്വപ്നം ഒക്കെ അമ്മച്ചിമാരുടെ മുട്ടുവേദനയിലും കുഞ്ഞുവാവേടെ കരച്ചിലും ഒക്കെ അങ്ങ് തീരും....
സ്‌കൂളിൽ ചെന്നാൽ പിന്നെ ഒരു ഓളം ആണ്.... പാണ്ടീമേളം പാട്ടും കൂത്തും പാക്കവാദ്യം.... ഇപ്പൊ ഏറെക്കുറെ മനസ്സിലായി കാണും എനിക്ക് ചെറിയ പാട്ടിന്റെ അസ്‌കിത ഉണ്ടെന്ന്... ഈ പാട്ടിന്റെ അസ്‌കിത ഉള്ളവരൊക്കെ ചെറിയ ഒരു വികാരജീവി ആണെന്ന് പൊതുവെ ഒരു സംസാരം ഉണ്ട്..... ഞാനും ചെറിയ ഒരു ആ പറഞ്ഞ സംഭവം ആണ്..... പിന്നെ എന്റെ വികാരം ഞാൻ അങ്ങ് വാരി വിതറാറില്ല... പണ്ടാരോ പറഞ്ഞ പോലെ ഞാൻ എന്റെ ഹൃദയത്തിന്റെ തെക്കേ അറ്റത്തു ഒരു കുഴി കുത്തി മൂടി വെച്ചേക്കുവാ.... വാരിവിതറാൻ ഒരു അവസരം കാത്ത് നിലാവത്ത് അഴിച്ചു വിട്ട കോഴിയ പോലെ നടക്കാൻ തുടങ്ങിയിട്ട് നാള് കുറെ ആയി...
കാര്യമായിട്ട് ഒന്നും മനസ്സിലായില്ല അല്ലെ... എന്നാൽ ഞാൻ ഒന്ന് വിവരിക്കാം... എനിക്ക് ഒരു അസ്ഥിക്ക് പിടിച്ച പ്രേമം ഉണ്ട്... ആ മരപ്പാഴ് ചെറുക്കന് ആണേൽ ഞാൻ എന്ന് വെച്ചാൽ ജീവനും ആണ്.... ഇപ്പൊ നിങ്ങൾ വിചാരിക്കും ഇതാണോ അവസരം നോക്കി നടന്ന കോഴി എന്നൊക്കെ നേരത്തെ തള്ളി മറിച്ചത് എന്ന്.... എന്നാൽ ഞാൻ ഒന്നൂടെ വ്യക്തമാക്കാം.... ആ മരങ്ങോടാൻ വന്നു ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ സാധാരണ പെൺപിള്ളേർ ഒക്കെ ചെയ്യുന്ന പോലെ ഞാനും ജാഡ ഒക്കെ ഇട്ട് അങ്ങ് പുച്ഛിച്ചു.... ബമ്പർ അടിച്ച സന്തോഷം ആയിരുന്നെന്നു എനിക്ക് മാത്രം അല്ലെ അറിയൂ... പക്ഷെ അവനും ഞങ്ങളുടെ കൂട്ടുകാർക്കും ആ ട്രെൻഡ് വലിയ പിടി ഇല്ലാരുന്നു എന്ന് തോന്നുന്നു.... എല്ലാവരുംകൂടെ എനിക്ക് അവനെ കണ്ണ് എടുത്താൽ കണ്ടൂടാ എന്നൊക്കെ അവനെ പറഞ്ഞു അങ്ങ് വിശ്വസിപ്പിച്ചു.... എനിക്ക് ആണേൽ ഇമേജ് വിട്ട് ഒരു കളിയും ഇല്ല.. കൂടെ ഉള്ള പങ്കാളികളെ തീരെ വിശ്വാസവും ഇല്ല... അങ്ങനെ ഈ മരവാഴയെ ഒന്ന് ഒറ്റക്ക് കിട്ടാൻ ആണ് ഞാൻ ഈ കണ്ണിൽ എണ്ണ ഒഴിച്ച് കാത്ത് ഇരിക്കുന്നെ.... എത്ര പാട്ട് ഞാൻ ഈ മരവാഴയുടെ മോന്തക്ക് നോക്കി പാടിയിട്ടുണ്ടെന്നോ... ഇവന് അതൊന്നും മനസ്സിലായിട്ടും ഇല്ല.... ഞാൻ ആണെങ്കിൽ സ്‌കൂളിലെ ചെറിയ ഒരു സെലിബ്രിറ്റി ആയത്‌കൊണ്ട് ഏത് നേരവും എന്റെ വാലിൽ തൂങ്ങി ഏതേലും കുരിശ് കാണും....
ഞാൻ പണ്ട് തൊട്ടേ പിന്നെ ആവട്ടെ എന്ന് ചിന്തിക്കുന്ന ആ കാറ്റഗറി ആയത് കൊണ്ട്.... കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടലകന്ന് കാലവും കടന്ന് പോയി... അങ്ങനെ ഒരിക്കൽ ആ വാർത്ത വന്നു.... ലവൻ ദോ സ്‌കൂൾ മാറാൻ പോന്നെന്ന്.... എന്ത് വിധിയിത്.... വല്ലത്ത ചതിയിത്.....

അങ്ങനെ ലവൻ പെട്ടിയും കിടക്കയും ആയി പൊന്നേനു മുൻപ് എന്നോട് അവസാനമായി ഒരു ഡയലോഗും... ഇനി ഞാൻ ശല്യപ്പെടുത്താൻ വരില്ലല്ലോ... തനിക്ക് സന്തോഷം ആയോ എന്ന്....അതും കൂടെ ആയപ്പോൾ ശുഭം... പിന്നെ കുറച്ചു നാൾ വിരഹാഗാനം ഒക്കെ കേട്ട് നടന്ന് ഞാൻ ആ വിഷമം ഊതി അങ്ങ് വലുതാക്കി ചങ്കിൽ വെച്ച്.. ഈ ആദ്യത്തെ പ്രണയം ഉണ്ടല്ലോ... അതൊരു ജിന്ന് ആണ്.... അങ്ങനെ പിന്നെയും വർഷങ്ങൾ കടന്ന് പോയി....

അങ്ങനെ അങ്ങനെ അങ്ങനെ ഞാൻ വളർന്നു ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ എത്തി.... ലവനെ ഞാൻ ഇതിൽ ഒക്കെ കേറി ഇറങ്ങി തപ്പിയിട്ടും ഒരു പൊടിപോലും കിട്ടിയില്ല... ഇവൻ ഇനി വല്ല ശൂന്യകാശത്തോട്ടും ആണോ ദൈവമേ പോയെ.....

അപ്പൊ അതാ വരുന്നു പ്രളയം.... ഞങ്ങൾ കോളേജിലെ കുറച്ചു പേര് ചേർന്ന് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തിക്കാൻ തീരുമാനിച്ചു... അങ്ങനെ കുറച്ചു ദൂരെ ഉള്ള ഒരു ക്യാമ്പിൽ ഞങ്ങളെ പോലെ കുറച്ചു പേര് ഭക്ഷണം ആയി വന്നവരുടെ കൂടെ ഞാൻ പിന്നെയും ലവനെ കണ്ടുമുട്ടി... കണ്ടൂ കണ്ടൂ കണ്ടീല്ല.. കേട്ടു കേട്ടൂ കേട്ടില്ലാ... ജാഡ ഇടണോ മിണ്ടണോ എന്നുള്ള ഞാനും എന്റെ ഉള്ളിലെ ഞാനും കൂടെ ഉള്ള കോമ്പറ്റിഷൻ നിൽ പോയി മിണ്ടാം എന്ന വാദം തന്നെ ജയിച്ചു.. ഒരു തവണ ജാഡ ഇട്ടതിന്റെ ആണല്ലോ ഇത്രയും ഒക്കെ ആയത്.. അല്ലെങ്കിൽ എന്നെ കയ്യും കോർത്തു പ്രണയഗാനം പാടി നടക്കേണ്ട ടീംസ് ആണ്....

ഞങ്ങൾ തമ്മിൽ കണ്ടുമുട്ടി.... ആദ്യം 2 പേരുടെയും മുഖത്തിന്റെ ഓരോ ക്ലോസ്... പിന്നെ കണ്ണ് മാത്രം... പിന്നെ ഓരോ െ്രസ്രപ്പിന്റേം ക്ലോസ്... ബാക്ഗ്രൗണ്ടിൽ ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു എന്ന പാട്ട് പ്ലേ ചെയ്യുന്നു..... എന്റെ ജീവിതത്തിന്റെ ഡയറക്ടറും മ്യൂസിക് കമ്പൊസിഷനും എഡിറ്ററും ഒക്കെ ഞാൻ തന്നെ മതി... എവിടെയാ എന്ത് ചെയ്യുകയാ സുഖമാണോ എന്നൊക്കെ ഉള്ള എന്റെ ക്ലിഷേ ചോദ്യങ്ങൾക്ക് ലവൻ ഒറ്റവാക്കിൽ ഉത്തരം നൽകി... എന്നോടാണ് തിരിച്ചൊരു ചോദ്യം പോലും ചോദിച്ചതുമില്ല.. എന്തെങ്കിലും ചോദിക്കും എന്തെങ്കിലും ചോദിക്കും എന്ന് കരുതി കുറച്ചുനേരം നിന്നിട്ട് ഞാൻ തിരിച്ചു ഇങ്‌പോന്ന്... അല്ലെങ്കിലും സ്വപ്നം കാണുന്ന പോലെ ഒന്നും നടക്കൂല്ലല്ലോ... അൽപ്പസ്വൽപ്പം നിരാശ ഒക്കെ ഉണ്ടായെങ്കിലും ഈ കൂടിക്കാഴ്ച ഞാൻ പല പല ബാഗ്രൗണ്ട് മ്യൂസിക് ഇട്ടും പല രീതിയിൽ എഡിറ്റ് ചെയ്തും പിന്നീടങ്ങോട്ടുള്ള രാത്രികളിൽ ഡയറക്ട് ചെയ്ത് കിടന്നുറങ്ങി....

അങ്ങനെ പിന്നെ ഒരു രണ്ടുമാസത്തിനുശേഷം ഞങ്ങൾ പിന്നെയും കണ്ടുമുട്ടുകയാണ് സുഹൃത്തുക്കളേ കണ്ടുമുട്ടുകയാണ്... ഇത്തവണ ലൊക്കേഷൻ മാറി... എന്റെ ചങ്ക് കൂട്ടുകാരിയുടെ കല്യാണം ആണ്... അത് കഴുത്തിൽ ടൈ ഒക്കെ കെട്ടി ചിക്കനും ആയി നിൽക്കുന്നു ലവൻ... എന്നെ കണ്ടപ്പോൾ ഒഴിഞ്ഞുമാറുന്നത് കണ്ടു പുറകെ പോയി പിടിച്ചുനിർത്തി ഞാൻ കുറച്ചു വർത്തമാനം അങ്ങോട്ട് പറഞ്ഞു... ഇതൊരു മോശം തൊഴിൽ ഒന്നുമല്ല... ഇപ്പോഴത്തെ ചെക്കന്മാർ എല്ലാം പോക്കറ്റ് മണിക്ക് വേണ്ടി പോകുന്നതല്ലേ... ഇതൊക്കെ ഒരു രസമല്ലേ എന്നൊക്കെ ഞാൻ രണ്ട് ഡയലോഗ് കാച്ചി... ' ഇതുപോലെ ഒരു ജീവിതപങ്കാളി ആണ് എനിക്ക് വേണ്ടത്' എന്നിൽ അവൻ പറയും എന്ന് പ്രതീക്ഷിച്ചാണ് ഞാൻ ഇത്രയുമൊക്കെ തട്ടിവിട്ടത്.... അല്ലെങ്കിൽ പിന്നെ ബിരിയാണി മറന്ന് ഇവനെ ഉപദേശിക്കാൻ എനിക്കെന്താ പ്രാന്താണോ.... പിന്നെ സ്വപ്നത്തിലെ പോലെ ഒന്നും നടക്കാൻ അതുകൊണ്ട് ലവൻ പിന്നെയും കിളച്ചു നിന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല.... കുറച്ചു തിരക്കുള്ള പോലെ അഭിനയിച്ചു ആളുടെ ഫോൺ നമ്പർ മേടിച്ച് ഞാൻ അവിടെ നിന്ന് മുങ്ങി.... ഫോൺ നമ്പർ കിട്ടിയാൽ ബാക്കിയൊക്കെ പിന്നെ സുക്കർ അണ്ണൻ നോക്കിക്കോളും... ഫോണിൽ നമ്പർ സേവ് ചെയ്ത ഉടനെ അതാ വരുന്നു ഫേസ്ബുക്കിൽ അതാ വരുന്നു ഇൻസ്റ്റാഗ്രാമിൽ.... എല്ലാത്തിലും കേറി അങ്ങ് ഫോളോ ചെയ്ത്... വാട്സാപ്പിൽ ഒരു ഒയ് കൂടി അയച്ചു ഞാൻ എന്റെ ഭാഗം വെടിപ്പാക്കി.... ആ കാലമാടാന് ആണെങ്കിൽ എന്നെ ഒരു മൈന്റ്രും ഇല്ല... അങ്ങോട്ട് എന്തേലും ചോയിച്ചാൽ എണ്ണി ചുട്ടു വെച്ചേക്കുന്ന പോലെ മറുപടി പറയും.... ചിലപ്പോൾ വർഷം കുറെ ആയില്ലേ.... പഴയ ഇഷ്ടം ഒന്നും ഉണ്ടാവില്ല എന്ന് വിചാരിച്ചു ഞാൻ പിന്നെയും മാനസ മൈനയിലോട്ട് ഷിഫ്റ്റ് ആയി.....

ഹോസ്റ്റലിൽ ചൊറിയും കുത്തി ഇരുന്നപ്പോൾ ഞാനും എന്റെ ടീംസും കൂടെ ഒരു ആവശ്യവും ഇല്ലാതെ വെറുതെ ഒരു ട്രൂത് ആൻഡ് ഡയർ കളിക്കുന്നതിന്റെ ഇടയിൽ ഞാൻ എന്റെ കഥന കഥ ഒന്ന് മൊഴിഞ്ഞുപോയി.... ബാക്കി പിന്നെ പറയണ്ടല്ലോ.... പിന്നെ എല്ലാവരും കൂടെ അത് അങ്ങ് ഏറ്റെടുത്.... ഞാൻ അവനോട് ഇതുവരെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ലല്ലോ.... അതാവും അത്രേ അവൻ എന്നോട് മിണ്ടാതെന്ന് ഈ കുരിപ്പുകൾ ഒക്കെ കൂടി അങ്ങ് തെളിയിച്ചു.... ഇവളുമാർ പിന്നെ ഈ കാര്യത്തിൽ ഒക്കെ വലിയ മിടുക്കികൾ ആയോണ്ട് ഞാനും കുറച്ചൊക്കെ അങ്ങ് വിശ്വസിച്ചു.... എന്നാ പിന്നെ അങ്ങ് വിളിച്ചു ഇഷ്ടം ആണെന്ന് പറഞ്ഞാലോ.... പിന്നേ എന്റെ പട്ടി പറയും ഇഷ്ടം ആണെന്ന്.... അല്ല പിന്നെ....

രാത്രി ഒരു 11 മണി ആയപ്പോ ആ കുരിപ്പുകൾ ഒന്നും അറിയാതെ ഞാൻ ലവനെ വിളിച്ചു അങ്ങ് പറഞ്ഞു എനിക്ക് അസ്ഥിക്ക് പിടിച്ചു ഇരിക്കുവാണെന്ന്.... റിപ്ലൈ ഒന്നും കേൾക്കാതെ തന്നെ ഞാൻ ഫോണും ഓഫ് ചെയ്ത് പുതപ്പിനടിയിൽ കയറി സ്വപ്നം കാണാൻ തുടങ്ങി.... എന്റെ എല്ലാം എല്ലാം അല്ലെ... എന്റെ ചെലത്തെ ചെമ്പരുന്തല്ലേ....

പൊളി ശരത്തെ... ട്രാക്ക് മാറ്റിക്കെ.... മാനസ മൈനേ വരൂ..... മധുരം നുള്ളി തരൂ... 3 ദിവസം ആയിട്ടും ആശാന്റെ റിപ്ലൈ ഇല്ല... ഇഷ്ടം ആണെന്ന് പറഞ്ഞെന്ന് ആ കുരിപ്പുകളോട് പറയാഞ്ഞത് നന്നായി... അല്ലെങ്കിൽ എല്ലാം കൂടെ ഇപ്പൊ എടുത്തിട്ട് അലക്കിയേനെ എന്നെ....

4ആം ദിവസം അതാ വരുന്നു അവന്റെ കാൾ.... ദില്ലം ദില്ലം ദില്ലം ദില്ലം ദില്ലം ദില്ലാനാ.... ഫോൺ എടുത്ത ഉടനെ ഒരൊറ്റ ചോദ്യം ആണ്... വീട്ടിൽ വന്നു ഞാൻ ചോദിക്കട്ടെ നിന്നെ എന്ന്.... ചായയും പലഹാരവും റെഡി ആക്കി വെക്കാം എന്ന് ഞാനും മറുപടി പറഞ്ഞു.... ഞാൻ പിന്നെയും വിരഹാഗാനം ഒക്കെ ഡിലീറ്റ് ചെയ്ത് പ്രണയ ഗാനം ഡൌൺലോഡ് ചെയ്യാൻ തുടങ്ങി..... പാതിരാത്രി വരെ കൂട്ടുകാരികൾ ഇരുന്നു സൊള്ളുന്നത് കണ്ട് കുശുമ്പി കുത്തി നടന്ന ഞാൻ അന്ന് രാത്രി കുരിപ്പുകളുടേം മുന്നിലൂടെ നെഞ്ചും വിരിച്ചു നടന്ന് വരാന്തയിൽ ഇരുന്നു ലവനെ ഡയൽ ചെയ്ത്.... അപ്പൊ അതാ അവിടെ ഫോൺ ബിസി... ഈ പാതിരാത്രി ആരെ വിളിക്കുവാ എന്നുള്ള സംശയം ആദ്യമേ വന്നെങ്കിലും ആദ്യത്തെ ദിവസം തന്നെ ഒരു പൈങ്കിളി സംശയക്കാരി കാമുകി ആവാൻ ഞാൻ തുനിഞ്ഞില്ല.... ഫോണിൽ ചാർജ് ഇല്ല എന്ന് കള്ളം പറഞ്ഞ് ഞാൻ അവളുമാരുടെ ഇടയിൽനിന്നും എസ്‌കേപ്പ് ആയി.... അങ്ങേര് എന്നെ ഒന്നും തിരിച്ചു വിളിച്ചത് പോലുമില്ല എന്ന് മാത്രമല്ല എല്ലായിടത്തും ബ്ലോക്കും ആക്കി വെച്ച്.... ഇതെന്തൊക്കെയാ നടക്കുന്നെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല.... കൂടുതലൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഞാൻ പിന്നെയും വിരഹഗാനതിലോട്ടു വന്നു....വർഷം മൂന്ന് കഴിഞ്ഞു... ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കുള്ളു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു.... അതുകൊണ്ട് ജോലി കിട്ടിയതിന്റെ പിറ്റേന്ന് തന്നെ കല്യാണം ആലോചിക്കാൻ തുടങ്ങി.... എന്താ ഒരു ശുഷ്‌കാന്തി.... അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ മാതശ്രീ പറയുവാ.... ഞായറാഴ്ച എന്ന കാണാൻ ആരൊക്കെയോ വരുന്നുണ്ടെന്ന്.... വീട്ടിൽ വന്ന് ആലോചിക്കാം എന്ന് ഒരുത്തൻ പറഞ്ഞിട്ടുണ്ടെന്ന് വീട്ടുകാരോട് പറയാൻ പറ്റില്ലല്ലോ.... ആ പറഞ്ഞവൻ എവിടെയാണെന്ന് കൂടി അറിയില്ല പിന്നെ എന്ത് പറയാനാ....

അങ്ങനെ ഞായറാഴ്ച ആയി.... മാതശ്രീയുടെ വെപ്രാളവും ടെൻഷനും ഒക്കെ കണ്ടപ്പോൾ ഇനി അമ്മ ഒരു രണ്ടാംകെട്ടിനു ഒരുങ്ങുവാണോ എന്ന് വരെ ഞാൻ സംശയിച്ചു പോയി..... രാവിലെ സോഫയിൽ കാലുമേകാല് കയറ്റി ഇരുന്ന എന്നെ ചട്ടുകം കൊണ്ട് അടിച്ചു മുറിയിൽ വിട്ടു... ചെക്കനും കൂട്ടരും വരുമ്പോൾ വിളിക്കും അപ്പോൾ അടക്കത്തോടെയും ഒതുക്കത്തോടെയും കൂടെ ഇറങ്ങി വരണം എന്നാണ് ഓർഡർ... തൽക്കാലം ഒരു പ്രതിഷേധത്തിന് വഴി ഇല്ലാത്തതുകൊണ്ട് ഞാൻ മുറിയിൽ പോയിരുന്നു.... കൃത്യസമയത്ത് തന്നെ അവര് വന്നു... ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ മാതാശ്രീയുടെ വിളിയും വന്നു.... അങ്ങോട്ട് ചെന്നപ്പോ അതാ ചായയും മോന്തി ഇരിക്കുന്നു കഥാനായകൻ... ഞെട്ടിപ്പോയി ഞാൻ.... ഇങ്ങനെ ഒരു സർപ്രൈസ് പ്ലാൻ ചെയ്തിട്ട് ആണോ ഇവൻ ഇത്രയും നാളെ എന്റെ അടുത്തുനിന്ന് ഒഴിഞ്ഞുമാറി നടന്നത്.... എന്തായാലും പറഞ്ഞ വാക്കിന് വില ഉള്ളവനാ.... എന്റെ അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം... അപ്പോൾ കാരണവർ അതാ പരിചയപ്പെടുത്താൻ തുടങ്ങി.... ചെക്കൻ എന്ന് പറഞ്ഞു കഥാനായകന്റെ സൈഡിൽ ഇരിക്കുന്ന മഞ്ഞ ഷർട്ട് ഇട്ടവനെ ചൂണ്ടികാണിക്കുന്നു പിന്നെയും ട്വിസ്റ്റ്.... ലവൻ ആണെങ്കിൽ ചായയിൽ നിന്ന് കണ്ണ് എടുക്കുന്നില്ല..... ചെക്കന്റെ കസിൻസ് ആണത്രേ കൂടെ ഉള്ളത്.... ദൈവമേ.... അപ്പൊ കല്യാണം കഴിഞ്ഞാൽ ഇവനെ എന്റെ ആങ്ങള ആയിട്ട് വരും..,. എനിക്ക് നേരെ അങ്ങ് ഭൂമി പിളർന്നു പോയാൽ മതി എന്ന് തോന്നി... പക്ഷെ അതൊന്നും പ്രാക്ടിക്കൽ അല്ലാത്തോണ്ട് ഞാൻ അവിടെ തൂണും ചാരി നിന്നു.... ആ മഞ്ഞ ഷർട്ട് ഇട്ടവൻ ആണെങ്കിൽ ഒടുക്കത്തെ നാണവും.... ഇനി ഇവർ എല്ലാം കൂടെ എന്നെ പറ്റിക്കുന്നതാണോ..... കുറച്ചു കഴിഞ്ഞ് പറയുവാരിക്കും ആയ്യേ പറ്റിച്ചേ ഇതാണ് ചെക്കൻ എന്ന്.... അങ്ങനെ അവർ പറ്റിച്ച ആണെന്ന് വിചാരിച്ചു ഞാൻ 3 ദിവസം കാത്തിരുന്നു... പിന്നെത്തോട്ട് ആ മഞ്ഞ ഷർട്ട് ഇട്ടവൻ ഫോണിൽ വിളിച്ചു ഒലിപ്പിക്കാൻ തുടങ്ങിയതോടെ എനിക്ക് ഏകദേശം കാര്യങ്ങൾ ഒക്കെ മനസ്സിലായി.... അതൊക്കെ മനസ്സിലാക്കി വന്നപ്പോഴേക്കും കല്യാണത്തിന്റെ ഡേറ്റ് വരെ എടുത്ത് കഴിഞ്ഞതോടെ ഞാൻ പെട്ട്.... ഇനിയിപ്പോ എസ്‌കേപ്പ് ആവാൻ ഞാൻ നോക്കിയിട്ട് വഴി ഒന്നും കാണുന്നില്ല... പിന്നെ അങ്ങോട്ട് ലവനെ ആങ്ങള ആയിട്ട് കാണാൻ ഉള്ള ഭഗീരത പ്രയത്നം ആയിരുന്നു.....

അങ്ങനെ കല്യാണ ദിവസം വന്നു... ഞാൻ മണ്ഡപത്തിൽ ഞാൻ ചെന്ന് ഇരുന്ന ഉടനെ ദേ കിടക്കുന്നു ചെക്കൻ..... ആരൊക്കെയോ ഓടി കൂടുന്നു എന്തൊക്കെയോ പറയുന്നു.... ബഹളം ആയി... വഴക്ക് ആയി..... ചെക്കന് അപസ്മാരം ഉള്ള കാര്യം മറച്ചു വെച്ച് പെങ്കൊച്ചിന്റെ ഭാവി നശിപ്പിച്ചു എന്നൊക്കെ ഞാൻ ഇന്നവരെ കണ്ടിട്ടില്ലാതെ എന്റെ കാരണവന്മാർ ബഹളം വെക്കുന്നു.... ഇവരെ ഒക്കെ കല്യാണം വിളിച്ചതാണോ ആവോ... കല്യാണക്കുറി കാണിക്കാൻ പറഞ്ഞാലോ.... അപ്പൊ ദാ അടുത്ത കാരണവർ വേറെ ചെക്കനെ കൊണ്ട് കല്യാണം നിശ്ചയിച്ച മുഹൂർത്തത്തിൽ നടത്തണം എന്ന്.... എല്ലാവരുടേം നോട്ടം കഥനായകനിലോട്ട് ആയി.... അങ്ങനെ അതാ ഞങ്ങളുടെ കല്യാണം ഏതൊക്കെയോ കാരണവർ 2 മിനുട്ട് കൊണ്ട് ഉറപ്പിച്ചു.....
അപ്പൊ അതാ വീണ്ടും ട്വിസ്റ്റ്.... ഇത്തവണ എന്റെ വക ആണ് ട്വിസ്റ്റ്.... എനിക്ക് നിശ്ചയിച്ചു ഉറപ്പിച്ച ചെക്കനെ തന്നെ കെട്ടിയാൽ മതിയെന്ന് ഞാൻ അങ്ങ് പറഞ്ഞു.... പിന്നെ കരച്ചിലായി ഉപദേശം ആയി..... പക്ഷെ ഞാൻ കുലുങ്ങിയില്ല....ഈ ആദ്യപ്രണയം തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... നമ്മളെ ഒരു വിലയും ഇല്ലെങ്കിൽ തള്ളിക്കളഞ്ഞിട്ട് നമ്മളെ സ്‌നേഹിക്കുന്നവരെ നമ്മൾ അങ്ങോട്ട് സ്‌നേഹിക്കണം..... അങ്ങനെ ആത്മാഭിമാനത്തോടെ ഞാൻ എന്റെ ചെക്കന്റെ കയ്യും പിടിച്ചു അവന്റെ മുന്നിലൂടെ 3 വട്ടം നടന്ന് ഞാൻ എന്റെ പ്രതികാരം അങ്ങ് വീട്ടി.... പിന്നെ രോഗം ഒക്കെ ആർക്കും എപ്പോ വേണേലും വരാം.... അതിന്റെ പേരിൽ ആ മഞ്ഞ ഷർട്ടുകാരനെ ഉപേക്ഷിക്കാൻ എനിക്ക് തോന്നിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KATHA, WEEKLY, STORY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.