തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് സജീവമാക്കി നിറുത്തിയതിന് പിന്നിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പോരാട്ടവും എടുത്തു പറയണം. തുടക്കം മുതൽ കേസിനെ വിടാതെ പിന്തുടർന്ന അദ്ദേഹം സുപ്രീംകോടതിയിൽ വരെ കക്ഷി ചേർന്നു.
മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും പ്രതികളാകുന്ന കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന എറണാകുളത്തെ എ.സി.ജെ.എം കോടതിയിൽ കേസ് ആദ്യം വന്നതു തൊട്ട് രമേശ് കക്ഷിയായിരുന്നു. അതത് ജില്ലകളിൽ ഇത്തരം കേസുകൾ പരിഗണിക്കാമെന്നായതോടെ എറണാകുളം കോടതി കേസ് തിരുവനന്തപുത്തേക്ക് കൈമാറിയെങ്കിലും ഒരു വർഷത്തോളം വിധി പറയാതെ നീട്ടിവച്ചു.
കേസ് പിൻവലിക്കാൻ നിയമപരമായി സാധിക്കില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന ബീന സതീഷ് ചൂണ്ടിക്കാട്ടിയപ്പോൾ രമേശുമായി ചേർന്ന് ഇവർ ഗൂഢാലോചന നടത്തിയെന്ന് വരെ ആക്ഷേപമുയർന്നു. എന്നാൽ അവരുമായി ഒരു പരിചയവുമില്ലെന്ന് രമേശ് വ്യക്തമാക്കിയിരുന്നു.
ശിവൻകുട്ടി തുടരുന്നത് വെല്ലുവിളി: ചെന്നിത്തല
തിരുവനന്തപുരം: ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന വി. ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം രാജിവച്ച് വിചാരണ നേരിടണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി രാജിയാവശ്യപ്പെടണം. നിയമസഭാ കൈയാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. നാല് വർഷമായി താൻ നിയമപോരാട്ടം നടത്തിയില്ലായിരുന്നെങ്കിൽ കേസില്ലാതാകുമായിരുന്നു. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. വിഷയത്തിൽ കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |