കുറ്റ്യാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റിനെച്ചൊല്ലി അണികൾ തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവത്തിൽ സി.പി.എം നടപടി താഴെത്തട്ടിലേക്കും. പരസ്യപ്രകടനത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെ കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി പരിധിയിലെ 32 പേർക്കെതിരെയാണ് നടപടി.
കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗിരീശൻ, പാലേരി ചന്ദ്രൻ, കെ.പി.ബാബുരാജ്, കെ.പി.ഷിജിൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാലേരി ചന്ദ്രൻ കുറ്റ്യാടി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്.
കുറ്റ്യാടി എൽ.സി.യിലെ കെ.പി.വത്സൻ, സി.കെ.സതീശൻ, കെ.വി.ഷാജി എന്നിവരെയും വടയം ലോക്കൽ കമ്മിറ്റിയിലെ ഏരത്ത് ബാലൻ, എ.എം.അശോകൻ എന്നിവരെയും ഒരു വർഷത്തേക്കും സി.കെ ബാബു, എ.എം.വിനീത എന്നിവരെ ആറു മാസത്തേക്കും സസ്പെൻഡ് ചെയ്തു. കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി.കെ. ജമാൽ, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദൻ, ഡി.വൈ.എഫ്.ഐ കുറ്റ്യാടി മേഖലാ സെക്രട്ടറി കെ.വി. രജീഷ് എന്നിവരെയും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്ത മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരെ പരസ്യമായി താക്കീത് ചെയ്തു.
പതിനാലു ബ്രാഞ്ചുകളാണ് കുറ്റ്യാടി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ളത്. അഡ്‌ഹോക് കമ്മിറ്റി ഇനി ബ്രാഞ്ച് കമ്മറ്റികൾ വിളിച്ച് ചേർത്ത് പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകരെ താക്കീത് ചെയും. പി.സി.രവീന്ദ്രൻ സെക്രട്ടറിയായുള്ള കുറ്റ്യാടി ലോക്കൽ കമ്മിറ്റി നേരത്തെ പിരിച്ചുവിട്ടതിന് പിറകെ ഏരിയാ കമ്മറ്റി അംഗം എ.എം.റഷീദ് കൺവീനറായാണ് അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നത്. കുന്നുമ്മൽ ഏരിയാ കമ്മറ്റിയിലെ ടി.കെ.മോഹൻദാസ്, കെ.പി.ചന്ദ്രി എന്നിവർക്കെതിരെ നേരത്തെ നടപടിയെടുത്തതാണ്.
മണ്ഡലം തിരിച്ചുപിടിച്ചെടുത്തെങ്കിലും കെ.പി.കുഞ്ഞമ്മദ്‌കുട്ടി എ.എൽ.എയെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി സി.പി.എം ജില്ലാ നേതൃത്വം നടപടികൾക്ക് തുടക്കമിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |