കണ്ണൂർ: കോതമംഗലം കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി രഗിലിന്റെ സഹോദരൻ രാഹുൽ. ജീവിതം തകർന്നെന്ന് രഗിൽ തനിക്ക് മെസേജ് അയച്ചിരുന്നെന്ന് രാഹുൽ വെളിപ്പെടുത്തി. പൊലീസ് വിളിപ്പിച്ച ശേഷവും മാനസയെ വെറുതെ വിടാൻ രഗിൽ തയ്യാറായിരുന്നില്ലെന്ന് സഹോദരൻ പറയുന്നു.
'മറ്റൊരു പ്രണയം തകർന്ന ശേഷമായിരുന്നു രഗിൽ മാനസയെ പരിചയപ്പെട്ടത്. മാനസ തള്ളിപ്പറഞ്ഞത് രഗിലിനെ തളർത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാൽ ബന്ധം തുടരാമെന്നായിരുന്നു രഗിലിന്റെ പ്രതീക്ഷ'- രാഹുൽ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അതേസമയം രഗിലിനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും, വിഷയം ഇത്രയും ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മാനസയുടെ ബന്ധു വിജയൻ പറഞ്ഞു. രഗിലിനെ തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനസയുടെ വിവരങ്ങൾ പല വിധത്തിലും ഇയാൾ ശേഖരിച്ചിരുന്നു.മാനസയുടെ കോളേജിലെ പല വിദ്യാർത്ഥികളുമായും അടുപ്പം സ്ഥാപിച്ചിരുന്നു. രഗിൽ മോട്ടിവേറ്ററായിരുന്നുവെന്നാണ് ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ പറയുന്നത്.
പഴയ പിസ്റ്റളാണ് മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തോക്ക് എവിടെ നിന്നാണ് യുവാവിന് കിട്ടിയതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫോൺ പരിശോധിച്ചെങ്കിലും ഇതേക്കുറിച്ചുള്ള സൂചനയൊന്നും കിട്ടിയിട്ടില്ലെന്നാണ് സൂചന. ഇയാളുടെ അന്തർ സംസ്ഥാന യാത്രകളെക്കുറിച്ച് അന്വേഷിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |