ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സർവകലാശാലകൾ 24 എണ്ണമുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് തിങ്കളാഴ്‌ച ഈ വിവരം അറിയിച്ചത്.
വിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ,പൊതുജനം എന്നിവരിൽ നിന്ന് ലഭിച്ച പരാതിയിലാണ് യുജിസി ഇത്രയും സ്ഥാപനങ്ങളെ വ്യാജ സർവകലാശാലയായി പ്രഖ്യാപിച്ചത്. ഇതിന് പുറമേ രണ്ട് സ്ഥാപനങ്ങൾ കൂടി യുജിസിയുടെ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചു. ലക്നൗവിലെ ഭാരതീയ ശിക്ഷാ പരിഷദ്, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് പ്ളാനിംഗ് ആന്റ് മാനേജ്‌മെന്റ് എന്നിവയാണവ.
ഏറ്റവുമധികം അംഗീകാരമില്ലാത്ത സർവകലാശാലകൾ ഉത്തർപ്രദേശിലാണ്. വാരണാസിയിലെ വാരണാസേയ സംസ്കൃത വിശ്വവിദ്യാലയ, അലഹബാദിലെ മഹിളാ ഗ്രാം വിദ്യാപീഠ്, ഗാന്ധി ഹിന്ദി വിദ്യാപീഠ്, കാൺപൂരിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് ഇലക്‌ട്രോ കോംപ്ളക്‌സ് ഹോമിയോപതി, അലിഗഡിലെ നേതാജി സുഭാഷ്‌ചന്ദ്ര ബോസ് ഓപ്പൺ സർവകലാശാല എന്നിങ്ങനെ എട്ടെണ്ണമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
ഡൽഹിയും ഒട്ടും പിന്നിലല്ല. ഇവിടെ ഏഴ് വ്യാജ സർവകലാശാലകളാണ്. ഒഡീഷയിലും പശ്‌ചിമ ബംഗാളിലും രണ്ടെണ്ണം വീതം. കർണാടക, കേരള, പുതുച്ചേരി, മഹാരാഷ്‌ട്ര. ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ അംഗീകാരമില്ലാത്ത സർവകലാശാലകളാണുളളത്. കേരളത്തിൽ സെന്റ് ജോൺസ് സർവകലാശാലയും കർണാടകയിൽ ബഡഗൻവി സർക്കാർ ഓപ്പൺ യൂണിവേഴ്‌സിറ്റിയുമാണ് അംഗീകാരമില്ലാത്തത്. ഇവയെക്കുറിച്ച് ഇംഗ്ളീഷ്, ഹിന്ദി മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് അറിയിപ്പ് കൊടുത്തതായും മന്ത്രി അറിയിച്ചു.
ഈ സർവകലാശാലകളുടെ കാര്യം കാണിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കും കത്ത് നൽകി. മാത്രമല്ല സ്ഥാപനങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയതായും മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |